പോസ്റ്റുമോര്‍ട്ടം 24 മണിക്കൂറുമാകാം; പക്ഷേ, പ്രഖ്യാപനം മാത്രം പോരാ

 


തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും ജില്ലാ, ജനറല്‍ ആശുപത്രികളിലും 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പാക്കണമെങ്കില്‍ അടിയന്തരമായി കൂടുതല്‍ നിയമനങ്ങള്‍ നടത്തണം.

24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടത്തിനു കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുതി നല്‍കിയെങ്കിലും ഈ പ്രശ്‌നം ചൂണ്ടിക്കാട്ടി അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കത്തയച്ചിരിക്കുകയാണ്. സംഗതി ആരോഗ്യ മന്ത്രി വി. എസ്. ശിവകുമാറിനും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കുമൊക്കെ അറിയാവുന്നതാണെങ്കിലും അത് മറച്ചുവച്ചാണ് 24 പോസ്റ്റുമോര്‍ട്ടത്തിനു തീരുമാനമെടുത്തത്. രാത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്താത്തത് പല സന്ദര്‍ഭങ്ങളിലും പൊലീസിനും നാട്ടുകാര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നത് പരിഗണിച്ചാണ് രാത്രിയിലുള്‍പ്പെടെ പോസ്റ്റുമോര്‍ട്ടത്തിനു തീരുമാനമെടുത്തത്.

മെഡിക്കല്‍ കോളജുകളിലും ജില്ലാ, ജനറല്‍ ആശുപത്രികളിലും നിലവിലുള്ള ജീവനക്കാരെ മാത്രം വച്ചുകൊണ്ട് 24 മണിക്കൂറും പോസ്റ്റുമോര്‍ട്ടം പ്രായോഗികമല്ലെന്നു നേരത്തേ തന്നെ ഡി.എം.ഇ ( മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ), ഡി.എച്ച്.എസ് ( ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്) എന്നിവര്‍ ആരോഗ്യ വകുപ്പിനെ അറയിച്ചിരുന്നതണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം എന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ മുതല്‍ പലതവണ ശ്രദ്ധയില്‍പെട്ടിട്ടും ആരോഗ്യ വകുപ്പ് ഈ പ്രശ്‌നം പരിഹരിച്ചില്ല. അന്നാകട്ടെ, പോസ്റ്റുമോര്‍ട്ടം സമയം നീട്ടുന്ന കാര്യത്തിലും തീരുമാനം എടുത്തുമില്ല.
പോസ്റ്റുമോര്‍ട്ടം 24 മണിക്കൂറുമാകാം; പക്ഷേ, പ്രഖ്യാപനം മാത്രം പോരാ
ഫൊറന്‍സിക് ഡിപ്പാര്‍ട്ടുമെന്റുകളില്‍ പ്രൊഫസര്‍മാര്‍, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, മെഡിക്കല്‍ പി. ജി. വിദ്യാര്‍ഥികള്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരുള്‍പ്പെടെ നിലവിലെ എണ്ണത്തിലും അധികമുണ്ടായാല്‍ മാത്രമേ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ കഴിയുകയുള്ളുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

3,500 മുതല്‍ 4,000 വരെ പോസ്റ്റുമോര്‍ട്ടങ്ങളാണ് വര്‍ഷത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാത്രം നടത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോസ്റ്റുമോര്‍ട്ടം നിരക്കാണിത്. മറ്റു മെഡിക്കല്‍ കോളജുകളിലും ഇതിനോട് അടുത്ത എണ്ണം പോസ്റ്റുമോര്‍ട്ടങ്ങള്‍ നടക്കുന്നുണ്ട്. ജില്ലാ, ജനറല്‍ ആശുപത്രികളില്‍ നിലവില്‍ അടിയന്തര സാഹചര്യങ്ങളില്‍ പോലും പോസ്റ്റുമോര്‍ട്ടം നടത്താറില്ല. അതുകൂടി പരിഹരിക്കുന്നതിനുള്ള തീരുമാനമാണ് ആവശ്യത്തിനു ജീവനക്കാരില്ലാത്തതുമൂലം അട്ടിമറിക്കപ്പെടാന്‍ പോകുന്നത്.

കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ( കെ.ജി.എം.സി.ടി.എ), കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ( കെ.ജി.എം.ഒ.എ) എന്നിവ ഈ പ്രശ്‌നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. പി.ജി സീറ്റുകളില്‍ ഫൊറന്‍സിക് എടുക്കാന്‍ പോലും പലപ്പോഴും ആളില്ലാത്ത സ്ഥിതിയുമുണ്ട്. ഗൈനക്കോളജി, മെഡിസിന്‍, കാര്‍ഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലാണ് യുവ ഡോക്ടര്‍മാര്‍ക്ക് താല്പര്യം. കൂടുതല്‍ ആകര്‍ഷണീയതയും സ്വകാര്യ മേഖലയിലെ തൊഴില്‍ സാധ്യതയും ഈ വിഭാഗങ്ങള്‍ക്കായതിനാലാണിത്. ഇന്ത്യയില്‍ സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ പോസ്റ്റുമോര്‍ട്ടം അനുവദിച്ചിട്ടില്ല. കൊലപാതകം ഉള്‍പ്പെടെയുള്ള അസ്വാഭാവിക മരണങ്ങളിലാണ് പോസ്റ്റുമോര്‍ട്ടം ആവശ്യം വരുന്നത് എന്നതിനാലാണിത്. മരണകാരണം കണ്ടെത്തുന്ന നിര്‍ണായക പ്രക്രിയയാണിത്. സ്വകാര്യ ആശുപത്രികള്‍ക്ക് അനുമതി നല്‍കിയാല്‍ വിശ്വാസ്യത തകരുമെന്നതാണു കാരണം. പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹവുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് പിന്നീട് കോടതില്‍ ഹാജരാകേണ്ടിവരും എന്നതും ഫൊറന്‍സിക് വിഭാഗത്തോട് ഡോക്ടര്‍മാര്‍ക്ക് താല്പര്യം തോന്നാതിരിക്കാന്‍ കാരണമാണ്.

ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുകയും ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന്, 24 മണിക്കൂര്‍ പോസ്റ്റുമോര്‍ട്ടം തീരുമനം അറിയിച്ച വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. രാത്രിയിലെ പോസ്റ്റുമോര്‍ട്ടം കുറ്റമറ്റതാക്കാന്‍ കൂടുതല്‍ വെളിച്ചത്തിനുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്തി സുസജ്ജമാക്കാനുള്ള നടപടികള്‍ പോലും തുടങ്ങിയിട്ടില്ല.

Related news:
പോ­സ്റ്റു­മോര്‍ട്ടം: ഫ­ലം ക­ണ്ടത് എന്‍­എ­യുടെയും അബ്ദുര്‍ റ­ഹ്മാ­ന്റെയും പോ­രാട്ടം

Keywords:  Postmortem, 24 hour, Kerala, Government, Order, Hospital, Medical college, Docter, Forensic, PG, Students, Murder case, Help, Police, Enquiry, Court, Night, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia