Accidental Death | കിടപ്പ് മുറിയിലെ സീലിങ് ഫാന്‍ വീണ് പരുക്കേറ്റ പോളിഷിങ് തൊഴിലാളി മരിച്ചു


ഫാന്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റിന്റെ സീലിംഗ് ഭാഗം ഉള്‍പെടെ ദേഹത്തേക്ക് അടര്‍ന്ന് വീണു
അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു
കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
കണ്ണൂര്‍: (KVARTHA) കിടപ്പുമുറിയില്‍ ഉച്ച ഉറക്കത്തിനിടെ സീലിംഗ് ഫാന്‍ ദേഹത്ത് പൊട്ടി വീണ്
ഗുരുതരമായി പരുക്കേറ്റ പോളിഷിങ് തൊഴിലാളിയായ യുവാവ് മരിച്ചു. എട്ടിക്കുളം അമ്പലപ്പാറ പടിഞ്ഞാറ് താമസിക്കുന്ന ആഇശ മന്‍സിലില്‍ എകെ മുഹമ്മദ് സമീര്‍(48) ആണ് ദാരുണമായി മരിച്ചത്.
പോളിഷിംഗ് തൊഴിലാളിയായ മുഹമ്മദ് സമീര്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ഈ സമയം ഭാര്യയും കുട്ടിയും യൂനിഫോം വാങ്ങാനായി സമീപത്തെ തയ്യല്‍ തൊഴിലാളിയുടെ അടുത്തേക്ക് പോയിരുന്നു. നാലരയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്.
ഫാന്‍ ഘടിപ്പിച്ചിരുന്ന കോണ്‍ക്രീറ്റിന്റെ സീലിംഗ് ഭാഗം ഉള്‍പെടെ അടര്‍ന്ന് ഉറങ്ങുകയായിരുന്ന യുവാവിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അമ്പലപ്പാറയിലെ എന്‍പി ഇബ്രാഹിം കുഞ്ഞി- എകെ ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: ശാനിബ. മകള്‍: ശാഹിന. സഹോദരങ്ങള്‍: ഫൈസല്‍, സറീന, പരേതയായ ശാഹിന. പയ്യന്നുര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ടം നടപടികള്‍ക്കുശേഷം ഖബറടക്കത്തിനായി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.