Suspended | അമിതവേഗതയില്‍ കാറോടിച്ച് വഴിയാത്രക്കാരിയുടെ മരണത്തിനിടയാക്കിയ പൊലീസുകാരന് സസ്പെന്‍ഷന്‍; മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു
പ്രദേശവാസികള്‍ ഉടന്‍ തന്നെ ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് പ്രതിയെ വൈദ്യപരിശോധന നടത്തിയതിനുശേഷം അപകടസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി
കണ്ണൂര്‍: (KVARTHA) അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് ഏച്ചൂര്‍ കമാല്‍ പീടികയില്‍ വഴിയാത്രക്കാരി മരിച്ചെന്ന കേസിലെ പ്രതിയായ സിവില്‍ പൊലീസ് ഓഫീസറെ കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത്ത് കുമാറാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ലിതേഷിനെ സസ്പെന്‍ഡ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് കണ്ണൂര്‍-മട്ടന്നൂര്‍ സംസ്ഥാന പാതയിലെ ഏച്ചൂര്‍ കമാല്‍ പീടികയില്‍ അമിത വേഗതയിലെത്തിയ കാര്‍ ബീനയെന്ന യുവതിയെ ഇടിച്ച് തെറിപ്പിച്ചത്.
പ്രദേശവാസികള്‍ ഉടന്‍ തന്നെ ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേസിലെ പ്രതിയായ പൊലീസുകാരനെ ചക്കരക്കല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് വൈദ്യപരിശോധന നടത്തിയതിനുശേഷം അപകടസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. അശ്രദ്ധയോടെ വാഹനം ഓടിച്ച് വഴിയാത്രക്കാരിയുടെ മരണത്തിന് ഇടയാക്കിയതിന് മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.