പട്ടാളവേഷത്തിലെ പോലീസിന്റെ റോള്‍ ചോദ്യംചെയ്യപ്പെടുന്നു

 


പട്ടാളവേഷത്തിലെ പോലീസിന്റെ റോള്‍ ചോദ്യംചെയ്യപ്പെടുന്നു
കാഞ്ഞങ്ങാട്: പട്ടാളവേഷം ധരിച്ച് മാര്‍ച് നടത്തിയവരുടെ കാര്യത്തില്‍ കേരളാ പോലീസ് എടുത്ത നിലപാട് വിവാദമാകുന്നു. കാഞ്ഞങ്ങാട് കഴിഞ്ഞ ഫെബ്രുവരിമാസത്തില്‍ നടന്ന മീലാദ് ഘോഷയാത്രയില്‍ പട്ടാളവേഷം അണിഞ്ഞതും കോട്ടയത്ത് കേരള കാത്തലിക് ബിഷപ് കൗണ്‍സിലിന്റെ (കെ.സി.ബി.സി) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മദ്യവിരുദ്ധ റാലിയില്‍ പട്ടാളവേഷം ധരിച്ച സംഭവത്തിലും പോലീസ് എടുത്തനിലപാടാണ് ചോദ്യംചെയ്യപ്പെടുന്നത്.

കാഞ്ഞങ്ങാട് നബിദിന റാലിയില്‍ പട്ടാളവേഷം അണിഞ്ഞവരെ പോലീസ് പിടികൂടി ജയിലിലടച്ചപ്പോള്‍ കോട്ടയത്ത് മാര്‍ച് ചെയ്തവര്‍ക്ക് പോലീസ് അകമ്പടി സേവിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ട് പട്ടാളവേഷമണിഞ്ഞ് മാര്‍ച് ചെയ്തതിനെതിരെ ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനാണ് കാസര്‍കോട് പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം വിളിച്ച് വിവാദത്തിന് തിരികൊളുത്തിയത്. മാര്‍ചില്‍ അണിനിരന്നവര്‍ക്കെതിരെയും സംഘാടകര്‍ക്കെതിരെയും ദേശദ്രോഹകുറ്റംചുമത്തി കേസെടുക്കണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. തുടര്‍ന്ന് മറ്റു സംഘപരിവാര്‍ സംഘടനകളും പട്ടാളവേഷം അണിഞ്ഞതിനെതിരെ രംഗത്തുവന്നു. സി.പി.എം. ഉള്‍പെടെയുള്ള ഇടതുപക്ഷ സംഘടനകളും പട്ടാളവേഷത്തിനെതിരെ പ്രസ്താവനകളുമായി രംഗത്തെത്തി. ചിലമാധ്യമങ്ങള്‍കൂടി വിഷയം ഏറ്റെടുത്തതോടെ സംഭവം ഹിറ്റായി. ടി.വി. ചാനലുകളിലും ദേശീയ മാധ്യമങ്ങളുള്‍പെടെ സകല മീഡിയയിലും പട്ടാളമാര്‍ച് കത്തിനിന്നു. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ മാര്‍ചിന്റെ പേരില്‍ പോലീസ് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു.

അതേസമയം സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനം വിളിച്ച ദിവസംതന്നെ മറുപടിയുമായി കാഞ്ഞങ്ങാട് സംയുക്തജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് നടത്തിയ വാര്‍ത്താ സമ്മേളനം പലരും ഒതുക്കി. മാര്‍ക്കറ്റില്‍ ലഭ്യമായ പല വേഷങ്ങള്‍കൊപ്പം പട്ടാളയൂണിഫോം വാങ്ങി മാര്‍ച്ചില്‍ പങ്കെടുക്കുന്നവര്‍ ധരിക്കാനിടയായസംഭവത്തില്‍ സംയുക്ത ജമാഅത്ത് ഖേദംപ്രകടിപ്പിക്കുകയും ഇത്തരംസംഭവങ്ങള്‍ ആവര്‍ത്തിക്കുകയില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ഇതേകേസില്‍ അന്വേഷണം നടത്തി മൂന്ന് പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. പ്രതികളുടെ വീടുകളില്‍ റെയ്ഡ്‌നടത്തി പട്ടാളയൂണിഫോം പിടിച്ചെടുത്തു. കാഞ്ഞങ്ങാട് പരപ്പയിലും നബിദിന റാലിനടത്തിയതുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കുകയുണ്ടായി. ഈ സംഭവങ്ങളിലെല്ലാം പട്ടാളവേഷം നടത്തി മാര്‍ച് നടത്തിയവരെ പോലീസ് വേട്ടയാടി വിവിധ പോലീസ് സ്‌റ്റേഷനുകളിലായി മൂന്ന് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവം എന്‍.ഐ.എ. അന്വേഷിക്കണമെന്ന് സംഘപരിവാര്‍ നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കോട്ടയത്ത് പട്ടാള യൂണിഫോമിനൊപ്പം പട്ടാള ഹെലികോപ്റ്ററിന്റെ മാതൃകയുണ്ടാക്കി മാര്‍ചിനൊപ്പം അവതരിപ്പിച്ചിരുന്നു. കെ.സി.ബി.സി. നേതൃത്വത്തിലുള്ള മദ്യവിരുദ്ധസമിതി സംഘടിപ്പിച്ച മാര്‍ചില്‍ പാല അല്‍ഫോണ്‍സ കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റ് അംഗങ്ങളെയാണ് പട്ടാളവേഷം ധരിപ്പിച്ച് അണിനിരത്തിയത്. വാഹനത്തിനെ രൂപം മാറ്റിയാണ് സൈനിക ഹെലികോപ്റ്ററാക്കി മാര്‍ചിന് അകമ്പടി സേവിച്ചത്. സംസ്ഥാന സര്‍കാറിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ പുതുപള്ളിയിലെ വീട്ടിലേക്കായിരുന്നു മാര്‍ച്ച് നടത്തിയത്.

മാര്‍ച് മുഖ്യമന്ത്രിയുടെ വീടിന് ഏതാനും മീറ്ററകലെ പോലീസ് തടഞ്ഞു. തുടര്‍ന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മണ്ഡലത്തിലൂടെ പര്യടനം നടത്തിയാണ് പട്ടാള മാര്‍ച് അവസാനിപ്പിച്ചത്. മദ്യവിരുദ്ധറാലി ജനശ്രദ്ധ ആകര്‍ഷിക്കുന്നതിന് പട്ടാളവേഷം ധരിച്ചതിനെ ന്യായീകരിക്കുന്നവരുണ്ടെങ്കിലും നബിദിനഘോഷയാത്രയില്‍ പട്ടാളവേഷം ധരിച്ചവരെ പോലീസ് പീഡിപ്പിച്ച സംഭവമാണ് പോലീസിനെതിരെയും ചിലമാധ്യമങ്ങള്‍ക്കെതിരെയും തിരിഞ്ഞുകുത്തുന്നത്. നബിദിനറാലിയിലും പട്ടാളവേഷം ധരിച്ചസംഭവം ഒരുസമുദായത്തെ അടക്കം പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ മത്സരിച്ച മാധ്യമങ്ങള്‍ മദ്യവിരുദ്ധസമിതിയുടെ പട്ടാളമാര്‍ച് വന്‍ആവേഷത്തോടെയാണ് പ്രസിദ്ധീകരിച്ചത്. നേരത്തെ പട്ടാളമാര്‍ച് നടത്തിയവര്‍ക്കെതിരെ രംഗത്തുവന്ന നേതാക്കളാരും കോട്ടയത്തെ മാര്‍ച്ച് നടന്ന് ദിവസങ്ങളായിട്ടും പ്രതികരിച്ചിട്ടില്ല.

സംഭവം സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സജീവ ചര്‍ചയായിട്ടുണ്ട്. ഫേസ്ബുക്കിലെ വിവിധ ഗ്രൂപ്പുകളില്‍ സര്‍ക്കാറിനെതിരെയുള്ള വടിയായിട്ടാണ് പലരും സംഭവത്തെകാണുന്നത്. കാഞ്ഞങ്ങാട് സംഘര്‍ഷത്തിലും കാസര്‍കോട്ടെ വിവിധ അക്രമ സംഭവങ്ങളിലും സംസ്ഥാന പോലീസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആക്ഷേപം നിലനില്‍ക്കേയാണ് കാഞ്ഞങ്ങാട്ടെ പട്ടാള മാര്‍ചിനെതിരെ മൂന്ന് കേസുകള്‍ ചുമത്തിയ കേരളാ പോലീസ് കോട്ടയത്തെ മാര്‍ച്ചിനെതിരെ മൗനംപാലിക്കുന്നത്. കഴിഞ്ഞദിവസം കാസര്‍കോട്ട് ചേര്‍ന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയോഗത്തിലും പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Related News: 
നബിദിന പരിപാടിയില്‍ പട്ടാള വേഷം ധരിച്ചത് രാജ്യ ദ്രോഹ കുറ്റം: കെ. സുരേന്ദ്രന്‍

കെ.സുരേന്ദ്രന്റെ നീക്കം ദുരൂഹം: സംയുക്തജമാഅത്ത്

Keywords: Kanhangad, Kasaragod, Police, Kottayam, Chief Minister, March, Kerala, Social Network, Nabidina Rally, K.C.B.C
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia