Postmortem Report | പത്തനംതിട്ടയില്‍ ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടിന് സമീപം പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയായി, കൊലപാതകമെന്ന നിഗമനത്തിലേക്ക് എത്താനുള്ള തെളിവുകള്‍ ലഭിച്ചില്ലെന്ന് റിപോര്‍ട്
Aug 13, 2023, 18:30 IST
പത്തനംതിട്ട: (www.kvartha.com) തിരുവല്ല പുളിക്കീഴില്‍ ചതുപ്പിലെ വെള്ളക്കെട്ടിനുള്ളില്‍ മാലിന്യങ്ങള്‍ക്കിടയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പിഞ്ചുകുഞ്ഞിന്റെ പോസ്റ്റുമോര്‍ടം നടപടികള്‍ പൂര്‍ത്തിയായി. കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്താനുള്ള തെളിവുകള്‍ പോസ്റ്റുമോര്‍ടത്തില്‍ കിട്ടിയില്ലെന്നാണ് പുറത്തുവരുന്ന വിവരം.
കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ടം നടന്നത്. മൂന്നു മുതല്‍ അഞ്ച് ദിവസം വരെ മൃതദേഹത്തിന് പഴക്കമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കുട്ടിയുടെ കൈകാലുകള്‍ നഷ്ടപ്പെട്ടത് നായയുടെ കടിയേറ്റാണെന്നും പോസ്റ്റുമോര്‍ടത്തില്‍ വ്യക്തമായി. ശരീരത്തില്‍ സംശയകരമായ പരിക്കുകള്‍ ഒന്നുമില്ലെന്നാണ് കണ്ടെത്തല്‍.
മരിച്ച ശേഷം പെണ്‍കുഞ്ഞിനെ ചതുപ്പില്‍ ഉപേക്ഷിച്ചതെന്ന നിഗമനത്തില്‍ തന്നെയാണ് പൊലീസ്. എന്നാല്‍ ദുരൂഹത നീക്കാന്‍ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാനായി പ്രദേശത്തെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. തിരുവല്ല ഡി വൈ എസ് പിയുടെ കീഴില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പുളിക്കിഴ് ജംഗ്ഷന് സമീപത്ത് ശനിയാഴ്ച (12.08.2023) വൈകിട്ട് അഞ്ചരയോടെ ആണ് ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതോടെ ചതുപ്പിനോട് ചേര്‍ന്നുള്ളള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമ നടത്തിയ പരിശോധനയിലാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടി ആരംഭിക്കുകയായിരുന്നു.
Keywords: News, Kerala, Kerala-News, News-Malayalam, Pathanamthitta-News, Pathanamthitta, Postmortem, Report, Decomposed Body, Infant, Thiruvalla, Swamp, Pathanamthitta: Postmortem report out Decomposed body of six month old infant found in Thiruvalla Swamp.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.