Chaladan Janardhanan | പാര്‍ടിയും സര്‍കാരും പിന്നെ ചാലാടന്‍ ജനാര്‍ധനനെന്ന ബീഡിതൊഴിലാളിയും; മരണാനന്തരം ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍

 


-ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) പാര്‍ടിയും സര്‍കാരും രണ്ടല്ലെന്ന് വിശ്വസിക്കുന്ന ഒരു സാധാരണ സഖാവായിരുന്നു തോട്ടടകുറുവയിലെ ചാലാടന്‍ ജനാര്‍ധനന്‍. കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം നല്‍കുന്ന സര്‍കാര്‍ ഭരിക്കുന്നത് കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടായിരിക്കുമെന്ന് ഏതൊരു പാര്‍ടി അനുഭാവിയെയും പോലെ അദ്ദേഹവും വിശ്വസിച്ചു. എന്നാല്‍ ഭരിക്കുന്നത് ഏതു പാര്‍ടിയാണെങ്കിലും ഇവിടുത്തെ ഉദ്യോഗസ്ഥ വ്യവസ്ഥിതി മാറുന്നില്ലെന്ന ദു:ഖകരമായ സത്യം തിരിച്ചറിഞ്ഞാണ് ജനാര്‍ധനനെന്ന ബീഡിതൊഴിലാളിയും തന്റെ ആറരപതിറ്റാണ്ട് നീളുന്ന സാധാരണജീവിതത്തോട് നിശബ്ദമായി ഹൃദയം കൊണ്ടു ലാല്‍സലാം ചൊല്ലി വിടപറയുന്നത്.
          
Chaladan Janardhanan | പാര്‍ടിയും സര്‍കാരും പിന്നെ ചാലാടന്‍ ജനാര്‍ധനനെന്ന ബീഡിതൊഴിലാളിയും; മരണാനന്തരം ഉയര്‍ത്തുന്ന ചില ചോദ്യങ്ങള്‍

മണിക്കൂറുകളോളം ബീഡിതെറുത്തു മുണ്ടുമുറുക്കിയുടത്തുണ്ടാക്കിയ തന്റെ തുച്ഛമായ ജീവിതവരുമാനം മുഴുവന്‍ കോവിഡ് കാലത്തെ അതിജീവിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ലക്ഷം രൂപ സംഭവാന ചെയ്ത ബീഡിതൊഴിലാളിയായ ജനാര്‍ധനന്‍ വിടപറഞ്ഞ് ഉളളുരുകും വേദനയോടെയാണെന്നതാണ് യാഥാര്‍ഥ്യം. താനടക്കമുളള പട്ടിണിപാവങ്ങള്‍ സ്വരൂക്കൂട്ടി നല്‍കിയ ചെറുതും വലുതമായ സംഖ്യകള്‍ അത് അര്‍ഹിക്കുന്നവരുടെ കയ്യിലേക്ക് എത്തിക്കാന്‍ സര്‍കാരിന് കഴിഞ്ഞില്ലെന്ന് ദുരിതാശ്വാസ തുകയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ വാര്‍ത്തകളായി പുറത്തുവന്നതോടെ അദ്ദേഹത്തിനും വ്യക്തമായിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയെയോ ഇടതുസര്‍കാരിനെയോ ഇക്കാര്യത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തിയില്ലെങ്കിലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ സ്വജനപക്ഷപാതത്തിലും അഴിമതിയിലും കഴിഞ്ഞ കുറച്ചുകാലമായി ദു:ഖിതനായിരുന്നു. താന്‍ ഉള്‍പെടെയുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ വിയര്‍പ്പിന്റെ മണമുള്ള പണം ഉദ്യോഗസ്ഥരും സര്‍കാരും അനര്‍ഹര്‍ക്ക് നല്‍കിയും ധൂര്‍ത്തടിച്ചും ചിലവഴിച്ചുവെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍, ഇതിനെക്കാള്‍ ഭേദം തങ്ങളെയൊക്കെ കൊല്ലുകയായിരുന്നുവെന്നു വേദനാ നിര്‍ഭരമായി കണ്ണീരൊഴുക്കി കൈക്കൂപ്പി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത് വലിയ വാര്‍ത്തയായിരുന്നു.

എന്നാല്‍ ജനര്‍ധനന്‍ എന്ന കറതീര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ടി അനുഭാവി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞൊഴിയുക മാത്രമായിരുന്നു മുഖ്യമന്ത്രിയും സര്‍കാരും ചെയ്തത്. പിണറായി വിജയനെന്ന മുഖ്യമന്ത്രി ഇത്തരം കെടുകാര്യസ്ഥത കാണിക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തുമെന്നു തന്നെയാണ് ജനാര്‍ധനന്‍ പ്രതീക്ഷിച്ചിരുന്നത്. പിണറായിയിലെ ഒരു തൊഴിലാളി കുടുംബത്തില്‍ നിന്നും വളര്‍ന്നു വന്നു മുഖ്യമന്ത്രിയായ പിണറായി വിജയന്റെ കടുത്ത ആരാധകനുമായിരുന്നു ഈ ബീഡിതൊഴിലാളി. എന്നാല്‍ സര്‍കാരിന്റെ ഭരണയന്ത്രത്തിലെ വീഴ്ചകള്‍ പരിഹരിക്കപ്പെടാതെ പോവുകയും കുറ്റാരോപിതര്‍ വീണ്ടും ഭരണലാവണങ്ങളില്‍ തന്നെ സുഖമാഴി വാഴുകയും ചെയ്ത കാഴ്ചയാണ് ഏറ്റവും ഒടുവില്‍ കണ്ടത്.

നേരത്തെ പാര്‍ടി ഭരണത്തെ നിയന്ത്രിച്ചിരുന്നപ്പോള്‍ ഇപ്പോള്‍ പാര്‍ടിയെ ഭരണം നിയന്ത്രിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നാണ് ആക്ഷേപം. ക്ഷേമപെന്‍ഷനുള്‍പെടെ നല്‍കി ഇടതു സര്‍കാര്‍ പട്ടിണിപാവങ്ങളുടെ കൂടെ നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ധൂര്‍ത്തും സ്വജനപക്ഷപാതവും മുഖമുദ്രയായ ഒരു ഭരണയന്ത്രം തന്നെയാണ് ഇപ്പോഴും നാടുഭരിക്കുന്നത്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് ഓര്‍ക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഭരിക്കുന്ന സെക്രടറിയേറ്റില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നതും.

Keywords: CMDRF-News, Chaladan-Janardhanan, CPM-News, Pinarayi-Vijayan, CPM, Politics, Political News, Party, government and beedi worker Chaladan Janardhanan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia