ആലപ്പുഴയുടെ 'നിര്‍മ്മലനഗരം' പാരീസില്‍ താരം

 


ആലപ്പുഴ:  (www.kvartha.com 04.12.2015) ആലപ്പുഴയിലെ മാലിന്യനിര്‍മാര്‍ജന പദ്ധതിക്ക് കാലാവസ്ഥാവ്യതിയാന ഉച്ചകോടിയുടെ ഭാഗമായി പാരീസില്‍ സംഘടിപ്പിച്ച സെമിനാറില്‍ അനുമോദനം. സീറോ വേസ്റ്റ് ഫ്രാന്‍സും സീറോ വേസ്റ്റ് യൂറോപ്പും യൂറോപ്യന്‍ യൂണിയന്റെ സഹായത്തോടെ സംഘടിപ്പിച്ച 'സിറ്റീസ് ഫോര്‍ സീറോ വേസ്റ്റ്  സക്‌സസ്ഫുള്‍ ഇംപ്ലിമെന്റേഷന്‍ എക്‌സ്പീരിയന്‍സസ് ഫ്രം എറൌണ്ട് ദി വേള്‍ഡ്' എന്ന സെമിനാറിലാണ് ആലപ്പുഴമാതൃക സവിശേഷശ്രദ്ധ നേടിയത്. ഡോ. തോമസ് ഐസക് എം. എല്‍. എയാണ് ആലപ്പുഴയിലെ പ്രവര്‍ത്തനങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചത്.

ഉറവിടമാലിന്യസംസ്‌കരണം എന്നത് സിഒപി21 എന്നു പേരിട്ട ഉച്ചകോടിയോടനുബന്ധിച്ചു വ്യാഴാഴ്ച നടന്ന സെമിനാറില്‍ പുതുമ ആയിരുന്നു. ലാറ്റിനമേരിക്ക, മൌറിഷ്യസ്, ടാന്‍സാനിയ, സൗത്ത് ആഫ്രിക്ക, മലേഷ്യ, എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ആലപ്പുഴ മാതൃകയെക്കുറിച്ച് അറിയാന്‍ താല്പര്യം പ്രകടിപ്പിച്ചു.

മാലിന്യസംസ്‌കരണവും കാലാവസ്ഥാവ്യതിയാനവും തമ്മിലുള്ള ബന്ധം ഉച്ചകോടിയില്‍ വളരെയധികം പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ പ്രത്യേകസെമിനാര്‍ സംഘടിപ്പിച്ചത്. ആലപ്പുഴമാതൃക മാത്രമാണ് ഏഷ്യയില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടത്.

ഫ്രാന്‍സ് പരിസ്ഥിതിമന്ത്രി ഉദ്ഘാടനം ചെയ്ത സെമിനാറില്‍ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ, ഇറ്റലിയിലെ ട്രെവിസോ, സ്ലൊവെനിയയിലെ ലുബിയാന, ഇംഗ്ലണ്ടിലെ ബ്രിസ്ടല്‍, ഫ്രാന്‍സിലെ പാരീസ് എന്നീ നഗരങ്ങളിലെ പ്രതിനിധികളും  പ്രബന്ധം അവതരിപ്പിച്ചു.

ഇതുവരെ ആലപ്പുഴയില്‍ നടന്ന പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങളും ശരിയായ ദിശയിലാണെന്നു വ്യക്തമാക്കുന്നതായിരുന്നു സെമിനാറിലെ ചര്‍ച്ചകള്‍. മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിക്കുകയും ജൈവമാലിന്യങ്ങള്‍ കംപോസ്റ്റുവളമാക്കുകയും അജൈവമാലിന്യങ്ങള്‍ പുനഃചങ്ക്രമണം ചെയ്യുകയുമാണ് സെമിനാറില്‍ പങ്കെടുത്ത വന്‍നഗരങ്ങള്‍ ചെയ്യുന്നത്. മാലിന്യങ്ങള്‍ കത്തിച്ചുകളയുന്ന ഇന്‍സിനറേഷന്‍, വേസ്റ്റ് റ്റു എനര്‍ജി തുടങ്ങിയ സാങ്കേതികവിദ്യകളെ ഈ നഗരങ്ങള്‍ തള്ളിക്കളഞ്ഞിരിക്കുകയാണെന്നു പ്രതിനിധികള്‍ പറഞ്ഞു.

ലാന്‍ഡ് ഫില്ലുകളിന്മേലുള്ള ആശ്രയത്വം പടിപടിയായി കുറച്ചുകൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളും ഈ നഗരങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. മാലിന്യത്തിന്റെ അളവു കുറയ്ക്കുന്ന തരത്തിലുള്ള പുതിയ ഉപഭോഗരീതികള്‍ക്കുവേണ്ടി പൊതുജനങ്ങളുടെ മനോഭാവരൂപവത്ക്കരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സെമിനാറില്‍ പങ്കെടുത്ത നഗരങ്ങള്‍ പ്രാധാന്യം കൊടുത്തിരിക്കുന്നതെന്നു പ്രതിനിധികള്‍ വിശദീകരിച്ചു.
സീറോ വേസ്റ്റ് സിറ്റി കളാണു ശരിയായ  'കാലാവസ്ഥാപരിഹാരം' എന്നും അതു വ്യാപകമായി നടപ്പാക്കാന്‍ ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പദ്ധതികള്‍ നിര്‍ദേശിക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു.
ആലപ്പുഴയുടെ 'നിര്‍മ്മലനഗരം' പാരീസില്‍ താരം

Keywords:  World, Paris, Alappuzha, Paris wondered on Alappuzha's 'Nirmala Nagaram'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia