നേവിസിന്റെ ഹൃദയം ഇനി കണ്ണൂര്‍ സ്വദേശിയിലൂടെ തുടിക്കും; കോഴിക്കോട് മെട്രോ ആശുപത്രിയില്‍ 8 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരം

 



കോഴിക്കോട്: (www.kvartha.com 26.09.2021) മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂര്‍ സ്വദേശിയ്ക്ക് വച്ചുപിടിപ്പിച്ചു. ശനിയാഴ്ച രാത്രി ഏഴരയ്ക്ക് തുടങ്ങിയ ശസ്ത്രക്രിയ ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്കാണ് പൂര്‍ത്തിയായത്. കോഴിക്കോട് മെട്രോ ആശുപത്രിയില്‍വച്ച് നടന്ന എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

എറണാകുളം രാജഗിരി ആശുപത്രിയില്‍വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ സ്വദേശി നേവിസി(25)ന്റെ ഹൃദയവുമായി വൈകിട്ട് നാല് പത്തിനാണ് ആംബുലന്‍സ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. 172 കി.മീ ദൂരം മൂന്ന് മണിക്കൂര്‍ അഞ്ച് മിനിറ്റുകൊണ്ട് പിന്നിട്ട് വൈകുന്നേരം 7.15ന് കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയിലെത്തി. ഉടന്‍ തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. എറണാകുളം മുതല്‍ കോഴിക്കോടുവരെ സര്‍ക്കാര്‍ റോഡില്‍ ഗ്രീന്‍ ചാനല്‍ ക്രമീകരണമൊരുക്കിയിരുന്നു. വഴിയില്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുകിലൂടെ അഭ്യര്‍ഥിച്ചിരുന്നു.

നേവിസിന്റെ ഹൃദയം ഇനി കണ്ണൂര്‍ സ്വദേശിയിലൂടെ തുടിക്കും; കോഴിക്കോട് മെട്രോ ആശുപത്രിയില്‍ 8 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ വിജയകരം


ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ എന്‍ ഒ എസ്) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്.

ഫ്രാന്‍സില്‍ അകൗണ്ടിംഗ് മാസ്റ്റെറിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകിയ നേവിസിനെ എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നത് മൂലമാണ് ഇങ്ങനെ സംഭവിച്ചത്.

ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. കഴിഞ്ഞ ദിവസം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു.

Keywords:  News, Kerala, State, Kozhikode, Death, Health and Fitness, Health Minister, Surgery, Trending, Organ transplantation success; Nevis' heart surgically transplanted to Kannur native
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia