പോസ്റ്റുമോര്‍ട്ടം രാത്രിയിലും നടത്തണം

 


പോസ്റ്റുമോര്‍ട്ടം രാത്രിയിലും നടത്തണം
തിരുവനന്തപുരം: രാത്രികാലങ്ങളില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയര്‍ന്നതോടെ ആരോഗ്യവകുപ്പ് നിയമവശങ്ങള്‍ പരിശോധിക്കുന്നു. ഇക്കാര്യത്തില്‍ റിപോര്‍ട്ട് സമര്‍പിക്കാന്‍ വിദഗ്ദ്ധ സമിതിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കും. പോസ്റ്റുമോര്‍ട്ടം പരിശോധനയുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ 2011 ഒക്ടോബര്‍ 22ലെ സര്‍ക്കാര്‍ ഉത്തരവ് നമ്പര്‍-232/2011/ആഭ്യന്തരം പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്. ആരോഗ്യം, നിയമം, ആഭ്യന്തരം വകുപ്പുകളില്‍ നിന്നുള്ള പ്രതിനിധികള്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍, ആരോഗ്യ- മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നുള്ള മെഡിക്കോ ലീഗല്‍ വിദഗ്ദ്ധര്‍ ഉള്‍പെടുന്ന കമ്മിറ്റി രൂപീകരിച്ച് ഓരോവര്‍ഷവും കോഡിന്റെ പരിഷ്‌കരണം നടത്തണമെന്നാണ് ഉത്തരവിലെ നിര്‍ദേശം.

ഇതിന്റെ അടിസ്ഥാനത്തില്‍ കമ്മിറ്റി രൂപീകരിക്കുന്നതിന് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്തു. ഈ കമ്മിറ്റിയ്ക്ക് രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്തുന്നതുമായി ബന്ധപ്പെട്ട നിയമ-സാങ്കേതിക വശങ്ങള്‍ കൂടി പഠിച്ച് റിപോര്‍ട്ട് സമര്‍പിക്കുന്നതിന് നിര്‍ദേശം നല്‍കുമെന്ന് ആരോഗ്യമന്ത്രി നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു. സമിതിയുടെ റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും വകുപ്പ് വ്യക്തമാക്കിയിരുന്നു.

പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് നാലുവരേയും അവധിദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരേയുമാണ് നിലവില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യുന്നത്. നാലുമണിക്ക് സ്വീകരിക്കുന്ന അപേക്ഷയിലുള്ള പോസ്റ്റുമോര്‍ട്ടം നിശ്ചിതസമയത്തിനുള്ളില്‍ സൂര്യപ്രകാശത്തിന്റെ ലഭ്യതയനുസരിച്ച് ഇരുട്ടുന്നതിന് മുമ്പ് ചെയ്തുതീര്‍ക്കാനും നിയമമുണ്ട്. നിലവില്‍ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും മോര്‍ച്ചറി സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികളിലും പോസ്റ്റുമോര്‍ട്ടം നടത്തുന്നുണ്ട്.

എന്നാല്‍ നിയമത്തിലെ നൂലാമാലകളും സമയപരിധിയും മൂലം പലപ്പോഴും പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈകുന്നുണ്ട്. ബന്ധപ്പെട്ട ഡോക്ടറുടെ അഭാവത്താല്‍ ഞായറാഴ്ച ദിവസങ്ങളില്‍ പല ആശുപത്രികളിലും പോസ്റ്റുമോര്‍ട്ടം നടക്കാറുമില്ല. ഈ സാഹചര്യത്തിലാണ് രാത്രികാല പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന് ആവശ്യം ഉയര്‍ന്നുവന്നത്.

Keywords:  Thiruvananthapuram, V.S Shiva Kumar, Kerala, Postmortem, Night, Kerala News, Malayalam News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia