MV Govindan | മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങള്‍; സ്വപ്നയെ നിയമവഴിയില്‍ കുരുക്കാനൊരുങ്ങി എം വി ഗോവിന്ദന്‍; മാനഷ്ടകേസ് സിവിലായും ഫയല്‍ ചെയ്യും

 


തളിപ്പറമ്പ്: (www.kvartha.com) സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ നിയമപോരാട്ടം ശക്തമാക്കും. 10 കോടി മാനനഷ്ടപരിഹാരം ആവശ്യപ്പെട്ടുളള സിവില്‍ കേസ് കോടതി വേനലവധിക്കുശേഷം തുറക്കുമ്പോള്‍ തളിപ്പറമ്പ് മുന്‍സിഫ് കോടതി മുന്‍പാകെ നല്‍കുമെന്ന് സി പി എം വൃത്തങ്ങള്‍ അറിയിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ ആരോപണമുന്നയിച്ച സ്വപ്ന സുരേഷിനെ നിയമത്തിന്റെ മാര്‍ഗത്തിലൂടെ പൂട്ടാനുളള അണിയറനീക്കങ്ങളാണ് സി പി എം നടത്തുന്നത്. മാനനഷ്ടകേസ്  കോടതിയില്‍ നേരിടുമെന്ന് സ്വപ്ന സുരേഷ് പ്രതികരിച്ചിട്ടുണ്ടെങ്കിലും അതിശക്തമായ നിയമനടപടികളിലൂടെ സ്വപ്നയെ ജയിലിനകത്താക്കാനുളള ശ്രമമാണ് എം വി ഗോവിന്ദന്‍ നടത്തുന്നത്. 

എം വി ഗോവിന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ ഈമാസം 20ന് തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് സാക്ഷികളില്‍ നിന്നും മൊഴിയെടുക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് എം വി ഗോവിന്ദന്‍ സി പി എം തളിപ്പറമ്പ്  ഏരിയാ സെക്രടറി കെ സന്തോഷ്, അഡ്വ. നിക്കോളാസ് ജോസഫ് എന്നിവര്‍ക്കൊപ്പം കോടതിയിലെത്തിയത്. എം വി ഗോവിന്ദന്‍ മൊഴി നല്‍കാന്‍ എത്തുന്നതറിഞ്ഞ് വന്‍ മാധ്യമപടയും കോടതിയിലെത്തിയിരുന്നു. അഞ്ചുമിനുറ്റിനകം മജിസ്ട്രേറ്റ് കോടതിയിലെത്തി ആദ്യകേസായി ഹര്‍ജി പരിഗണനയ്ക്കെടുത്തു. 

വിശദമായ മൊഴിയാണ് എം വി ഗോവിന്ദന്‍ നല്‍കിയത്. മൊഴിയെടുക്കല്‍ കാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സാക്ഷിക്കൂട്ടിലെ കസേര ചൂണ്ടി ഇരിക്കണോയെന്ന് മജിസ്ട്രേറ്റ് സാജിദ് അണ്ടത്തോട് തച്ചന്‍ ചോദിച്ചുവെങ്കിലും വേണ്ടന്നായിരുന്നു എം വി ഗോവിന്ദന്റെ മറുപടി. ജനിച്ചുവീണ മൊറാഴയുടെ മഹത്വവും ജന്മി-നാടുവാഴിത്വ വിരുദ്ധ പോരാട്ടം ഓര്‍മപ്പെടുത്തിയതിന് ശേഷം കുഞ്ഞുനാള്‍ മുതല്‍ ബാലസംഘത്തിന്റെ പ്രവര്‍ത്തകനായിരുന്നുവെന്നും പിന്നീട് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയുടെ സംസ്ഥാന സെക്രടറിയും പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോയിലും പ്രവര്‍ത്തിക്കുകയാണെന്നും കോടതിയെ അറിയിച്ചു. 

മൂന്നുതവണ എം എല്‍ എയായും ഒരുതവണ മന്ത്രിയായും പ്രവര്‍ത്തിച്ച തനിക്ക് കറകളഞ്ഞ വ്യക്തി ജീവിതമാണുളളതെന്നും ഇതു തകര്‍ക്കാനാണ് സ്വപ്ന സുരേഷ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും യാതൊരു തെളിവുമില്ലാത്ത ആരോപണം നിഷേധിക്കാന്‍ വക്കീല്‍ നോടീസ് അയച്ചുവെങ്കിലും നിഷേധാത്മകമായ നിലപാടാണ് സ്വപ്ന കൈക്കൊണ്ടതെന്നും എം വി ഗോവിന്ദന്‍ മജിസ്ട്രേറ്റിന് മൊഴി നല്‍കി.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണത്തില്‍ നിന്നും പിന്‍മാറിയാല്‍ 30 കോടി രൂപ നല്‍കാമെന്നും ഇല്ലെങ്കില്‍ കൊന്നുകളയുമെന്ന് വിജേഷ് പിളളയോട് താന്‍ പറഞ്ഞതായാണ് സ്വപ്നയുടെ ആരോപണം. ഇതു എല്ലാ വാര്‍ത്താമാധ്യമങ്ങളിലും വരികയും ചെയ്തു. ഈ പറയുന്ന വിജേഷ് പിളളയെ തനിക്ക് അറിയില്ല. ഈ സാഹചര്യത്തിലാണ് നടപടിയുമായി കോടതിയെ സമീപിച്ചതെന്നാണ് എം വി ഗോവിന്ദന്‍ മൊഴി നല്‍കിയത്. 

അദ്ദേഹത്തിന്റെ മൊഴി പകര്‍ത്തിയെടുത്തതിനുശേഷം സാക്ഷികളുടെ മൊഴിയെടുക്കാനാണ് കേസ് ഈമാസം 20 ലേക്ക് മാറ്റിവെച്ചത്. മുന്‍ എ ഡി എം എ സി മാത്യു, സി പി എം ഏരിയാ സെക്രടറി കെ സന്തോഷ്, ഏരിയാകമിറ്റിയംഗം കെ ദാമോദരന്‍ മാസ്റ്റര്‍ എന്നിവരാണ് കേസിലെ സാക്ഷികള്‍. രണ്ടുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് ഇപ്പോള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.

MV Govindan | മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള ആരോപണങ്ങള്‍; സ്വപ്നയെ നിയമവഴിയില്‍ കുരുക്കാനൊരുങ്ങി എം വി ഗോവിന്ദന്‍; മാനഷ്ടകേസ് സിവിലായും ഫയല്‍ ചെയ്യും


Keywords:  News, Kerala-News, Kerala, News-Malayalam, Taliparamba, MV Govindan, Swapna Suresh, Case, Petition, Court, Trending, MV Govindan to file civil defamation case also against Swapna Suresh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia