മുല്ലപ്പെരിയാര്‍: സംയുക്ത പരിശോധന മുടങ്ങി; ജലനിരപ്പു വിവരങ്ങള്‍ അജ്ഞാതം

 


ഇടുക്കി: (www.kvartha.com 26.01.2015) മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആഴ്ച തോറും പരിശോധന നടത്താനായി സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി രൂപീകരിച്ച സംയുക്ത സമിതിയുടെ പരിശോധന രണ്ടു മാസമായി നടക്കുന്നില്ല . പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് അധ്യക്ഷന് കേരളം കത്തു നല്‍കിയതില്‍ പ്രതിഷേധിച്ച് ജലനിരപ്പു സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നത് തമിഴ്‌നാട് നിര്‍ത്തി. മേല്‍നോട്ട സമിതി അണക്കെട്ടില്‍ എന്നു പരിശോധന നടത്തുമെന്ന കാര്യത്തിലും അവ്യക്തത തുടരുകയാണ്.

സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയാണ് അണക്കെട്ടില്‍ പരിശോധന നടത്താന്‍ കേന്ദ്ര ജലക്കമ്മീഷന്‍ അംഗത്തിന്റെ അധ്യക്ഷതയില്‍ അഞ്ചംഗ സംയുക്ത സമിതിക്ക് രൂപം നല്‍കിയത്. അണക്കെട്ടിലെ ജലനിരപ്പ്, സീപ്പേജ് വെള്ളത്തിന്റെ അളവ് എന്നിവ രേഖപ്പെടുത്താനും മറ്റ് പരിശോധനകള്‍ക്കുമായാണ് സമിതിയെ നിയോഗിച്ചത് . ജലനിരപ്പ് 142 അടിയോടടുത്തപ്പോള്‍ നവംബര്‍ 25 നാണ് സമിതി അവസാനമായി പരിശോധന നടത്തിയത്. തുടര്‍ന്ന് ഡിസംബര്‍ 16ന് പരിശോധന നടത്താന്‍ തീരുമാനിച്ചു. കേരളത്തിന്റെ അംഗങ്ങള്‍ ഇതിനായി അണക്കെട്ടിലെത്തി. എന്നാല്‍ തേക്കടി ബോട്ട് ലാന്റിംഗില്‍ വനംവകുപ്പ് വച്ചിട്ടുള്ള രജിസ്റ്ററില്‍ ഒപ്പിടാന്‍ കഴിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി തമിഴ്‌നാട് പരിശോധന അട്ടിമറിച്ചു. സമിതി ചെയര്‍മാനും തമിഴ്‌നാടിനോടൊപ്പമായിരുന്നു.
മുല്ലപ്പെരിയാര്‍: സംയുക്ത പരിശോധന മുടങ്ങി; ജലനിരപ്പു വിവരങ്ങള്‍ അജ്ഞാതം

രണ്ടു മാസത്തോളമായി പരിശോധന നടക്കാതെ വന്നതോടെ സമിതി അടിയന്തിരമായി യോഗം ചേരണമെന്നു കാണിച്ച് ജലവിഭവ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ്ജ് ദാനിയേല്‍ ചെയര്‍മാന്‍ ഹരീഷ് ഗിരീഷിന് ബുധനാഴ്ച കത്തു നല്‍കി. അണക്കെട്ടിലെ ജലനിരപ്പ്, ഒഴുകിയെത്തുന്ന വെള്ളത്തിന്റെയും കൊണ്ടു പോകുന്ന വെള്ളത്തിന്റെയും കണക്ക് മുതലായവ തമിഴ്‌നാടാണ് നല്‍കിയിരുന്നത്. കത്തു നല്‍കിയതിന്റെ പ്രതികാരമെന്ന നിലയിലാണ് ഈ വിവരങ്ങള്‍ നല്‍കുന്നത് നിര്‍ത്തിയത്. കേരളത്തിലെ ഉദ്യോഗസ്ഥരെ ഇത് പരിശോധിക്കാന്‍ തമിഴ്‌നാട് അനുവദിക്കാറുമില്ല. ബലക്ഷയം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാതിരിക്കാന്‍ തമിഴ്‌നാട് പരിശോധന അട്ടിമറിക്കുന്നതായാണ് ആരോപണം ഉയരുന്നത്. ഇത്തരത്തിലൊരു സംയുക്ത സമിതി വേണ്ടെന്ന നിലപാടാണ് തമിഴ്‌നാടിനുള്ളത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ ജോലി കേരളത്തിന്റെ ചുമതലയില്‍ നിന്നും ഏതു വിധവും ഏറ്റെടുക്കാനാണ് തമിഴ്‌നാട് ശ്രമിക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് സുരക്ഷ കേന്ദ്ര സേനക്ക് നല്‍കണമെന്ന നിലപാട് തമിഴ്‌നാട് സ്വീകരിക്കുന്നത്. പിന്നീട് കേന്ദ്ര സേനയെ പിന്‍വലിപ്പിച്ച് ഡാം പൂര്‍ണമായും വരുതിയിലാക്കാനാണ് തമിഴ്‌നാടിന്റെ പദ്ധതി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Mullaperiyar Dam, Mullaperiyar, Kerala, Water, Inspection. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia