മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്; ചീഫ് എഞ്ചിനീയറുടെ പരിശോധന തമിഴ്‌നാട് തടഞ്ഞു

 


ഇടുക്കി: (www.kvartha.com 14.11.2014) പെരിയാര്‍ തടങ്ങളില്‍ ഭീതി പരത്തി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.3 അടിയായി. വെളളിയാഴ്ച രാവിലെയാണ് വൃഷ്ടിപ്രദേശത്തെ കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് 140 അടി കവിഞ്ഞത്. ഇതിന് ശേഷം അണക്കെട്ടില്‍ പരിശോധനക്കെത്തിയ ജലവിഭവ വകുപ്പ് ചീഫ് എന്‍ജിനീയര്‍ അടങ്ങുന്ന സംഘത്തെ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ തടഞ്ഞു. ബേബിഡാമിലും അണക്കെട്ടിലും പുതിയ ചോര്‍ച്ചകള്‍ കണ്ടെത്തിയതായി ചീഫ് എന്‍ഞ്ചിനീയര്‍ പി.ലതിക സന്ദര്‍ശനത്തിന് ശേഷം അറിയിച്ചു.

 ജില്ലാ ഭരണ കൂടം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു അതീവ ജാഗ്രതയിലാണ്. ഭയപ്പെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്ന് ജില്ലാ ഭരണകൂടം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പെരിയാര്‍ തീരത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ ഭയപ്പാടിലാണ്. അണക്കെട്ടിന് ഏറ്റവും സമീപത്തുളള 129 കുടുംബങ്ങളെ ഏത് സമയത്തും മാറ്റിപാര്‍പ്പിക്കാനുളള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം.  ജില്ലാ കലക്ടര്‍ വിദേശയാത്രയിലായതിനാല്‍ എ.ഡി.എമ്മിന്റെ ചുമതലയിലാണ് സുരക്ഷാ നടപടികളുടെ ഏകോപനം.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് 142 അടിയിലേക്ക്; ചീഫ് എഞ്ചിനീയറുടെ പരിശോധന തമിഴ്‌നാട് തടഞ്ഞു

കുമളി മേഖലയില്‍ കനത്ത മഴ തുടരുകയാണ്. ഈ നില തുടര്‍ന്നാല്‍ ജലനിരപ്പ് സുപ്രീം കോടതി അനുവദിച്ചിരിക്കുന്ന 142 അടി കവിയാന്‍ മണിക്കൂറുകള്‍ മതിയാകും. തമിഴ്‌നാട് കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് ഉയര്‍ത്തിയെന്നതാണ് ആശ്വാസം. അണക്കെട്ടിലേക്ക് സെക്കന്റില്‍ 2500 ഘനയടിയോളം വെളളം ഒഴുകിയെത്തുമ്പോള്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത് 900 ഘനയടിയാണ്.  സെക്കന്റില്‍ 456 ഘനയടിയായിരുന്നു വ്യാഴാഴ്ച വരെ കൊണ്ടുപോയിരുന്നത്.

ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫിന്റെ നിര്‍ദേശ പ്രകാരമാണ് ചീഫ് എന്‍ഞ്ചിനീയര്‍ക്കു പുറമേ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ്ജ് ഡാനിയേലും പരിശോധനക്കായി എത്തിയത്. പ്രധാന അണക്കെട്ടിലും ബേബിഡാമിലും സ്പില്‍വേയിലും സംഘം പരിശോധന നടത്തി. തുടര്‍ന്ന് ഗാലറിക്കുള്ളില്‍ പരിശോധനക്കെത്തിയ സംഘത്തെയാണ് ഇവിടെയുണ്ടായിരുന്ന തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ഇതോടെ ചീഫ് എന്‍ഞ്ചിനീയര്‍ ഡാം സൈറ്റില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏറെ നേരത്തെ പ്രതിഷേധത്തിനു ശേഷമാണ് കേരളത്തിന്റെ ഉദ്യോഗസ്ഥരെ പരിശോധന നടത്താന്‍ തമിഴ്‌നാട് അനുവദിച്ചത്.

ബേബിഡാമിലും പ്രധാന അണക്കെട്ടിലും പുതിയ ചോര്‍ച്ച ദൃശ്യമായതായും സ്വീപ്പേജ് വെള്ളത്തിന്റെ അളവില്‍ വ്യത്യാസം കാണുന്നില്ലെന്നും ലതിക പറഞ്ഞു. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാമില്‍ രണ്ടു ഭാഗത്തും, ബേബിഡാമില്‍ ഒരിടത്തുമാണ് പുതിയ ചോര്‍ച്ച ദൃശ്യമായിട്ടുള്ളത്. ഷട്ടറുകള്‍ അടയ്ക്കുമ്പോഴും ഉയര്‍ത്തുമ്പോഴും അളവ് അറിയുന്നതിന് തമിഴ്‌നാട് സ്പില്‍വേയില്‍ ഡിസ്ചാര്‍ജ്ജ് ഗേജ് മീറ്റര്‍ സ്ഥാപിച്ചതായും, തകരാറിലായ ഷട്ടറിന്റെ പണികള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും പി.ലതിക പറഞ്ഞു.

ജില്ലാ കലക്‌ട്രേറ്റ്  ഇടുക്കി, ഉടുമ്പന്‍ചോല, ദേവികുളം, തൊടുപുഴ താലൂക്കുകളിലെ ജീവനക്കാര്‍ ഏതൊരു അടിയന്തരഘട്ടം നേരിടുന്നതിനും  ഉത്തരവുകള്‍ സമയബന്ധിതമായി പാലിക്കുന്നതിനും സജ്ജരായിരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. താലൂക്ക് ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുടെ ചുമതല അതാത് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ക്കാണ്. ജീവനക്കാര്‍  ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പാടില്ലായെന്നും അറിയിച്ചിട്ടുണ്ട്. പീരുമേട് താലൂക്കിലെയും  കീഴിലുള്ള വില്ലേജുകളിലെയും ജീവനക്കാര്‍ക്ക് ഇനിയൊരു ഉത്തരവ് വരെ അവധി അനുവദിക്കില്ല. അടിയന്തിര സാഹചര്യമുണ്ടായാല്‍ സ്വീകരിക്കേണ്ട മെഡിക്കല്‍ സൗകര്യങ്ങളും ആംബുലന്‍സുകളും തയ്യാറാക്കിയിട്ടുണ്ട്. വണ്ടിപ്പെരിയാര്‍, കുമളി, ഉപ്പുതറ പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് 200 പോലീസുകാരെ വിന്യസിച്ചു.

ജലനിരപ്പ് 140 അടിയായെന്ന് ഇടുക്കി ജില്ലാ കലക്ടറെ വെളളിയാഴ്ച  രാവിലെ തമിഴ്‌നാട് അറിയിക്കുകയായിരുന്നു. ജലനിരപ്പ് ഉയര്‍ത്തുന്നത് 48 മണിക്കൂറിനകം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി തമിഴ്‌നാടിന് അയച്ച കത്തിന് അനുകൂല പ്രതികരണം ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ച് ഇടക്കാല ഹരജി നല്‍കാന്‍ കേരളം തീരുമാനിച്ചിരുന്നു. ഇതിനായി  മുല്ലപ്പെരിയാര്‍ സെല്‍ ചെയര്‍മാന്‍ എം.കെ. പരമേശ്വരന്‍നായരെയും അംഗം ജയിംസ് വില്‍സനെയും ചുമതലപ്പെടുത്തി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നത് അവസാനിപ്പിക്കാന്‍ തമിഴ്‌നാട്ടിലെ വൈഗയില്‍ കൂടുതല്‍ വെള്ളം സംഭരിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മൂന്ന് ടിഎംസിയിലധികം വെള്ളം വൈഗയില്‍ സംഭരിക്കാന്‍ സാധിക്കുമെന്നിരിക്കെ മുല്ലപ്പെരിയാറില്‍ നിന്ന് ടണല്‍ വഴി കടത്തുന്ന വെള്ളത്തിന്റെ തോത് വര്‍ധിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അദ്ധ്യക്ഷന്‍ എല്‍എ.വി. നാഥനും തമിഴ്‌നാട് സര്‍ക്കാരിനുമാണ് ചീഫ് സെക്രട്ടറി കഴിഞ്ഞദിവസം കത്തയച്ചത്.

മേല്‍നോട്ടസമിതി അടിയന്തരമായി യോഗം ചേരണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗം വിളിച്ചുചേര്‍ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നാണ് സമിതി അധ്യക്ഷന്‍ കൂടിയായ ഡാം സുരക്ഷാ ഓര്‍ഗനൈസേഷന്‍ ചീഫ് എന്‍ജിനിയര്‍ എല്‍എവി നാഥന്‍ മറുപടി നല്‍കിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Idukki, Mullaperiyar Dam, Kerala, Tamil Nadu, Water Level, Increase,Mullaperiyar water level increases upto 142 feet. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia