MLAs | എംഎൽഎമാർ ഇത്രയും തരംതാഴരുത്; അത് മാവേലിക്കരയിൽ ആണെങ്കിലും

 


/ മിന്റാ മരിയ തോമസ്

(KVARTHA) മാവേലിക്കരയിൽ ആണ് ഒരു സ്‌കൂളിൻ്റെ മതിൽ കെട്ടുന്നത് സംബന്ധിച്ച് പുതിയ വിവാദം തല ഉയർത്തി പുറത്തുവന്നിരിക്കുന്നത്. മാവേലിക്കര എം എൽ എ അരുൺകുമാർ തന്റെ ആസ്തി വികസന ഫണ്ടിൽ ഇന്നും 25 ലക്ഷം രൂപ മാവേലിക്കര ബോയ്സ് സ്കൂളിന് ചുറ്റുമതിൽ കെട്ടാൻ അനുവദിച്ചിരിക്കുന്നു. ഇതാണ് ഇപ്പോഴത്തെ വാർത്ത. എന്തൊരു അഭിമാനമാണല്ലേ എന്ന് തോന്നും. പക്ഷെ അവിടെ നേരത്തെ മതിൽ ഉണ്ടായിരുന്നു. അത് പൊളിച്ചത് നവകേരള സദസിന് ഒരു കോടി 50 ലക്ഷത്തിന്റെ ബെൻസ് വാഹനം അകത്തു പ്രവേശിക്കാൻ വേണ്ടി ആയിരുന്നു എന്ന് കേൾക്കുമ്പോൾ ആരും മൂക്കത്ത് വിരൽ വെച്ചു പോവുക സ്വഭാവികം. അല്ലാതെ മതിൽ ഭൂകമ്പത്തിലോ പേമാരിയിലോ തകർന്ന് വീണിട്ടൊന്നും അല്ലായിരുന്നു എം.എൽ.എ മതിൽ കെട്ടാൻ തുക അനുവദിച്ചത്.

MLAs | എംഎൽഎമാർ ഇത്രയും തരംതാഴരുത്; അത് മാവേലിക്കരയിൽ ആണെങ്കിലും

 ഇന്ന് നമ്മുടെ സംസ്ഥാനം സാമ്പത്തികമായി കടക്കെണിയിൽ നിൽക്കുമ്പോൾ ജനപ്രതിനിധികൾ കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങൾ നമ്മുടെ സംസ്ഥാനത്തെ വീണ്ടും പടുകുഴിയിൽ കൊണ്ട് ചെന്നെത്തിക്കും, തീർച്ച. കെഎസ്ആർടിസി ജീവനക്കാർക്ക് പോലും ശമ്പളം കൊടുക്കാൻ പറ്റാതിരിക്കുകയാണ് സർക്കാർ. അപ്പോഴാണ് ഉള്ള മതിൽ പൊളിച്ചു കളഞ്ഞ് വീണ്ടും മതിൽ കെട്ടാൻ 25 ലക്ഷം അനുവദിച്ചെന്ന് പറഞ്ഞ് എം.എൽ.എ തുള്ളിച്ചാടുന്നത്. ഇത് ജനങ്ങളെ ശരിക്കും വിഡ്ഡികളാക്കുന്നതിന് തുല്യമാണ്. സ്‌കൂളിൻ്റെ മതിൽ പൊളിക്കാൻ എം.എൽ.എയ്ക്ക് പല വാദഗതികൾ കാണും. മതിലിന് ബലക്ഷയം സംഭവിച്ചിരുന്നു, 100 വർഷത്തിന് മുകളിൽ പഴക്കം ഉണ്ടെന്നൊക്കെ, ഈ വിഷയം വിവാദമായപ്പോൾ എം.എൽ.എ ന്യായീകരിക്കുന്നത് കണ്ടു.

നവകേരളാ സദസ് മാവേലിക്കരയിൽ വരുമ്പോൾ മാത്രമാണോ എം.എൽ.എ ഈ മതിലിൻ്റെ ബലക്ഷയം അറിഞ്ഞത്. ഒരു ജനപ്രതിനിധി ഇങ്ങനെ ന്യായീകരിക്കുന്നത് സ്വയം അപഹാസ്യനാകുന്നതിന് തുല്യമാണ്. ഇനി നവകേരള സദസ് മാവേലിക്കരയിൽ എത്തുന്നതിന് മുൻപായി അതിൻ്റെ സമ്മേളനത്തിന് വേണ്ടി മതിൽ പൊളിച്ചു എന്നിരിക്കട്ടെ. അത് പുനർനിർമ്മിക്കാൻ 25 ലക്ഷം അനുവദിച്ചു എന്നു പറഞ്ഞു കുപ്രസക്തി ആർജ്ജിക്കേണ്ടതുണ്ടോ? ശരിക്കും എം.എൽ.എ കാണിച്ചു കുട്ടുന്ന വികൃതികൾക്ക് ബലിയാടാകേണ്ടി വരുന്നത് ഇവിടുത്തെ പാവപ്പെട്ട ജനങ്ങളാണ്. എം.എൽ.എയുടെ കയ്യിൽ നിന്നല്ലല്ലോ ഈ പണം എടുത്തുകൊടുത്തത്. ജനങ്ങളുടെ കാശ് അല്ലെ. ഇനി എം.എൽ.എ യുടെ ശമ്പളത്തിൽ നിന്നായിരുന്നെങ്കിൽ അതിന് ഒരു മഹത്വമുണ്ടായിരുന്നു.

ആരൊക്കെ ഇവിടെ പട്ടിണി കിടന്നാലും ജനപ്രതിനിധികൾക്ക് കൃത്യമായി ശമ്പളം മുടങ്ങാതെ കിട്ടുന്നുണ്ട് . ഇല്ലെങ്കിൽ വാങ്ങുന്നുണ്ട്. ശമ്പളം കിട്ടിയില്ലെങ്കിൽ അപ്പോൾ വിവരമറിയുകയും ചെയ്യും. പാവപ്പെട്ടവന് മാത്രം ശമ്പളം കിട്ടിയില്ലെങ്കിൽ കുടുംബം മുഴുപ്പട്ടിണി. പൊളിച്ച പഴയ മതിലിൻ്റെ കല്ലും കട്ടയും വേയ്സ്റ്റ് മണ്ണും എങ്ങനെ കൊണ്ടുപോയി. ആർക്ക് കൊണ്ടുപോയി കൊടുത്തുവെന്ന് പോലും ഇപ്പോൾ ഒരു വിവരവും ഇല്ല. അതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കും ഒരു ഗ്രാഹ്യവുമില്ലതാനും. മാവേലിക്കരയിലെ നിഷ്പക്ഷ ജനം ചോദിക്കുന്നു, പുതിയ മതിൽകെട്ടുന്നതിന് 25 ലക്ഷം രൂപ ആണെങ്കിൽ പഴയ മതിലിൻ്റെ കട്ടക്ക് ഒരു 10 ലക്ഷം രൂപയെങ്കിലും കിട്ടണ്ടതല്ലേ എന്ന്.

ഇതിനും എം.എൽ.എ ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്ന് യാതൊരു ഉത്തരവും ഇല്ല. ആരോ കൊണ്ടുപോയ പൊതുമുതൽ ഇതുവരെ കണ്ടെത്തുവാൻ പോലീസിനോ ശരിയായ രീതിയിൽ ഇത് അന്വേഷിപ്പിക്കുവാൻ ഹൈക്കോടതിയുടെ സഹായം തേടാൻ നഗരസഭക്കോ കഴിഞ്ഞിട്ടില്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. നവകേരളാ സദസ്സ് നടന്നതോടെ മതിലിന് വലിയ പ്രചാരം കിട്ടി. 100 വർഷം പ്രായമായ മതിലിന് ശാപമോക്ഷം കിട്ടി എന്നൊക്കെ പറഞ്ഞ് എം.എൽ.എ യും അദ്ദേഹത്തിൻ്റെ അനുയായികളും പബ്ലിസ്റ്റി ഉണ്ടാക്കി. എന്നാൽ കളവ് പോയ പൊതുമുതലിനെ കുറിച്ച് ഇവിടെ ആർക്കും ഒരു മിണ്ടാട്ടവുമില്ല. ശരിക്കും ആരൊക്കെയോ ഒത്തുകളിച്ചപോലെ തോന്നും ഈ വിഷയം പരിശോധിച്ചാൽ.

എം.എൽ.എ യ്ക്ക് ഈ കാര്യത്തിൽ അൽപ്പമെങ്കിലും ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ 100 വർഷം പഴക്കം ചെന്നതാണെന്ന് പറയുന്ന ഈ സ്‌കൂൾ മതിലിൻ്റെ കാര്യത്തിൽ പുനർനിർമ്മാണത്തിന് നേരത്തെ തന്നെ മുൻകൈ എടുത്തേനെ. ധാരാളം കുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നുണ്ടാവുമല്ലോ. അവർ ഈ മതിലിൽ ചാരുമ്പോൾ മതിൽ ഇടിഞ്ഞ് കുട്ടികളുടെ ദേഹത്തെയ്ക്ക് വീണ് അപകടം സംഭവിക്കാനും സാധ്യത ഉണ്ട്. ഇതൊക്കെ സമ്മതിക്കുന്നു. പക്ഷേ, മതിൽ പൊളിക്കാനുള്ള സമയത്തെയാണ് പൊതുസമൂഹം ഇപ്പോൾ വിമർശിക്കുന്നത്. നവകേരള സദസിനും കിട്ടി പരസ്യം. മതിലു പൊളിച്ചതിനെ എതിർത്തു സമരം ചെയ്തവർക്കും കിട്ടി പടവും വാർത്തയും, ചാനലുകളിലും പത്രങ്ങളിലും. എല്ലാവർക്കും ഇത് മതി. ഇതോടെ എല്ലാവരുടെയും വിഷയം തീർന്നു.

ഈ വിവാദം വഴി നവകേരള സദസിന് ലക്ഷങ്ങൾ മുടക്കി പരസ്യം ചെയ്താൽ പോലും ലഭിക്കാത്ത വാർത്താ പ്രാധാന്യം മാധ്യമങ്ങളിലൂടെ ലഭിക്കുവാൻ നടന്ന ഗൂഢാലോചനയോ എന്ന് സംശയിക്കുന്നവരും കുറവല്ല. മാസം രണ്ട് കഴിഞ്ഞു. പൊളിച്ചിടത്ത് പുതിയ മതിലിനു കല്ലിടീലും നടന്നു. 25 ലക്ഷം അനുവദിച്ച എം.എൽ.എൽ പാർട്ടി സഖാക്കൾക്ക് വീരപുരുഷനായി. മതിലിൻ്റെ ഉടമസ്ഥാവകാശമുള്ള മുൻസിപ്പാലിറ്റിയും ഈ വിഷയത്തിൽ വിവാദമുയർന്നപ്പോൾ പോലീസിന് ഒരു പരാതി നൽകി കൈകഴുകിയത് മിച്ചം. ശരിക്കും പറഞ്ഞാൽ എല്ലാവരും ചേർന്നുള്ള ഒത്തുകളിയാണ് ഇവിടെ കണ്ടത്. ജനപ്രതിനിധികൾ കണ്ണ് അടച്ച് ഇരുട്ടാക്കുന്നു എന്നർത്ഥം. എന്തായാലും ഇതുപോലെയുള്ള ജനപ്രതിനിധികൾ ഉണ്ടെങ്കിൽ നാട് അല്ല അവനവൻ്റെ കീശ വീർപ്പിക്കും തീർച്ച.

MLAs | എംഎൽഎമാർ ഇത്രയും തരംതാഴരുത്; അത് മാവേലിക്കരയിൽ ആണെങ്കിലും

Keywords: News, Malayalam News, Kerala, Politics, Mavelikara, LDF Govt, low, MLAs should not stoop so low
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia