കോഴിക്കോട്: ജാഗ്രത! മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ കൊള്ളയടിക്കാന്‍ അന്താരാഷ്ട്ര ഗൂഢസംഘം വീണ്ടും സജീവമായി. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇത്തരം സംഘങ്ങള്‍ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്. മാലദ്വീപ് കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെ കൊള്ളയടിച്ചുകൊണ്ടിരിക്കുന്നത്. ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ നിന്നും ഇതേ രീതിയിലുള്ള തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.
മൊബൈലിലേക്ക് മിസ്ഡ് കോള്‍ അടിക്കുകയും തിരിച്ചു വിളിക്കുമ്പോള്‍ കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തിയ ശബ്ദങ്ങള്‍ കേള്‍പ്പിച്ച് അന്താരാഷ്ട്ര കോള്‍ ചാര്‍ജ് ഈടാക്കുകയും ചെയ്യുക എന്ന തട്ടിപ്പാണ് അരങ്ങേറുന്നത്. മാലദ്വീപ് കേന്ദ്രീകരിച്ചുള്ള ഒരു തട്ടിപ്പു സംഘം ഇത്തരത്തില്‍ വ്യാപകമായി വലവീശിയിട്ടുണ്ടെന്ന് ബി.എസ്.എന്‍.എല്‍. അധികൃതര്‍ വെളിപ്പെടുത്തി. +9609836292 എന്ന നമ്പറില്‍ നിന്ന് മിസ്ഡ് കോള്‍ തട്ടിപ്പ് നടത്തിയതായി നൂറുകണക്കിന് പരാതി ലഭിച്ചതായും അധികൃതര്‍ പറഞ്ഞു. ബി.എസ്.എന്‍.എല്‍. ജീവനക്കാര്‍ പോലും തട്ടിപ്പിനിരയായിട്ടുണ്ട്.
മൊബൈലില്‍ കോള്‍ വരുമ്പോള്‍ ഒറ്റത്തവണ മാത്രം റിങ് ചെയ്യുന്ന ക്രമീകരണം തട്ടിപ്പ് സംഘം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ നിന്ന് മനസ്സിലായത്. മിസ്ഡ് കോള്‍ അന്താരാഷ്ട്ര കോള്‍ ആണെന്നു ഒറ്റനോട്ടത്തില്‍ മനസ്സിലാവുകയുമില്ല. അതുകൊണ്ടു തന്നെ സ്വാഭാവികമായും ആരും തിരിച്ചു വിളിച്ച് കാര്യം തിരക്കും. അങ്ങോട്ട് വിളിച്ചാല്‍ ഒരൊറ്റ റിങില്‍ തന്നെ ഫോണ്‍ മറുഭാഗത്തെ കമ്പ്യൂട്ടറിലേക്ക് കണക്ഷന്‍ ആവും. പിന്നെ പലവിധ ശബ്ദങ്ങളാവും കേള്‍ക്കുക. അധികവും സ്ത്രീശബ്ദത്തിലുള്ള ഇംഗ്ലീഷ് സംസാരം. സ്ത്രീ പ്രസവിക്കുമ്പോളുള്ള ഞരക്കവും കരച്ചിലും വരെ ഇതില്‍പ്പെടും. മറുഭാഗത്തെ വ്യക്തിയുടെ റിങ് ടോണ്‍ ആണെന്നു വിചാരിച്ച് ഫോണ്‍ എടുക്കുന്നതുവരെ കാത്തിരിക്കുമ്പോള്‍ ഒരു മിനുട്ടിന് 40 രൂപ എന്ന പള്‍സ് റേറ്റില്‍ ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് പണം ചോരും. മറുപടിയൊന്നും കിട്ടാതെ ഫോണ്‍ കട്ടു ചെയ്യുമ്പോള്‍ കോള്‍ചാര്‍ജ്ജ് കാണിക്കുമ്പോഴാണ് തട്ടിപ്പിനിരയായ വിവരം ഉപഭോക്താവ് തിരിച്ചറിയുക.
ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ നിന്നും ഇതേ രീതിയിലുള്ള തട്ടിപ്പ് മുമ്പും അരങ്ങേറിയിട്ടുണ്ടെന്ന് ബി.എസ്.എന്‍.എല്‍. അധികൃതര്‍ പറഞ്ഞു. ഒരു മിനിറ്റിന് നൂറു രൂപയാണ് അവരുടെ പള്‍സ് റേറ്റ്. കോള്‍ചാര്‍ജ് ഈടാക്കുന്നതിനാല്‍ ഏതെങ്കിലും തരത്തില്‍ ഈ തുക ഉപഭോക്താവിന് തിരിച്ചു കൊടുക്കാന്‍ അവരുടെ ഫോണ്‍ കമ്പനികള്‍ ബാധ്യസ്ഥരുമല്ല. തട്ടിപ്പു സംഘം വ്യത്യസ്ത നമ്പറുകള്‍ മുഖേന മിസ്ഡ് കോള്‍ അടിക്കുന്നതിനാല്‍ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയില്ലെന്നും ബി.എസ്.എന്‍.എല്‍. അധികൃതര്‍ പറഞ്ഞു.
പത്രമാധ്യമങ്ങളിലൂടെ ജനങ്ങളെ ഇക്കാര്യം ബോധവത്ക്കരിക്കുക മാത്രമേ സാധ്യമാവൂ എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഈ രീതിയിലുള്ള തട്ടിപ്പ് വ്യാപകമായാല്‍ ലോകമെങ്ങുമുള്ള മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ നിരന്തരം കൊള്ളയടിക്കപ്പെടുന്ന സാഹചര്യം സംജാതമാവും.
Keywords: Kozhikode, Missed Call, Kerala, Fraud
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.