ആശുപത്രികളില്‍ എല്ലാ ജീവനക്കാരും ഐഡി കാര്‍ഡ് ധരിക്കാന്‍ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

 


തിരുവനന്തപുരം: (www.kvartha.com 07.01.2022) ആശുപത്രികളില്‍ എല്ലാ ജീവനക്കാരും ഐഡി കാര്‍ഡ് ധരിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആവശ്യമുള്ളിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 

കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയ സംഭവത്തില്‍ മെഡികല്‍ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടറോട് അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട് തരാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. 

ആശുപത്രികളില്‍ എല്ലാ ജീവനക്കാരും ഐഡി കാര്‍ഡ് ധരിക്കാന്‍ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് നഴ്സിന്റെ വേഷത്തിലെത്തിയ കളമശേരി സ്വദേശി നീതു രാജ് വണ്ടിപ്പെരിയാര്‍ 66-ാം മൈല്‍ വലിയതറയില്‍ എസ് ശ്രീജിത്തിന്റെയും അശ്വതിയുടെയും പെണ്‍കുഞ്ഞിനെ മോഷ്ടിച്ചത്. 

കുഞ്ഞിനെ തട്ടിയെടുത്ത ശേഷം സമീപമുള്ള ഹോടെലിലേക്ക് പോയ നീതു അവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. കാമുകനെ ബ്ലാക്മെയില്‍ ചെയ്ത് പണം തിരികെ വാങ്ങാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് നീതു പൊലീസിന് നല്‍കിയ മൊഴി. 

പ്രതി കുറ്റം ചെയ്തത് തനിയെ ആണെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ പറഞ്ഞു. പ്രതിക്ക് കുട്ടി കടത്ത് റാകെറ്റുമായി ബന്ധമില്ല. പ്രതിക്ക് കുഞ്ഞിന്റെ അമ്മയുമായോ കുടുംബവുമായോ ബന്ധമില്ലെന്നും പ്രതിക്കൊപ്പമുണ്ടായിരുന്ന കുട്ടി അവരുടേത് തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി.

Keywords:  Thiruvananthapuram, News, Kerala, Minister, Health Minister, Veena George, Employee, Minister Veena George said all employees in hospitals were instructed to wear ID cards
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia