ഫേസ്ബുക്കില്‍ പ്രണയം, പിന്നെ വിവാഹം, മുങ്ങിയ ചാവക്കാട്ടുകാരനെ തേടി ബ്രിട്ടീഷ് യുവതി

 


മഞ്ചേരി: (www.kvartha.com 07/02/2015) ഫേസ്ബുക്കിലൂടെ രണ്ടുവര്‍ഷത്തോളം പ്രണയിക്കുകയും പിന്നീട് സ്‌കോട്ട്‌ലന്‍ഡില്‍വെച്ച് വിവാഹം കഴിക്കുകയും ചെയ്ത ചാവക്കാട് സ്വദേശിയെ തേടി ബ്രിട്ടീഷ് യുവതി കേരളത്തില്‍ എത്തി. ബ്രിട്ടനിലെ സെന്റ് അല്‍ബന്‍സില്‍ ക്രെയിന്‍ വില്ലയില്‍ മറിയം ഖാലിഖാണ് (32) ഭര്‍ത്താവ് ചാവക്കാട് സ്വദേശി നൗഷാദിനെ തേടി അയാളുടെ വീട്ടിലെത്തിയത്.

ഫേസ്ബുക്കില്‍ പ്രണയം, പിന്നെ വിവാഹം, മുങ്ങിയ ചാവക്കാട്ടുകാരനെ തേടി ബ്രിട്ടീഷ് യുവതിസ്‌കോട്ട്‌ലന്‍ഡില്‍ വെച്ച് വിവാഹ രജിസ്‌ട്രേഷന്‍ നടത്തിയ രേഖകളുമായാണ് മറിയം എത്തിയത്. 2011ലാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായത്. 2013 ഏപ്രിലില്‍ സ്‌കോട്‌ലാന്റിലെ ഡണ്ടിയില്‍ നിയമപരമായാണ് വിവാഹം നടന്നത്. ഏകദേശം ഒരുവര്‍ഷം ഒരുമിച്ച് താമസിച്ചു. ഇതിന് ശേഷം 11മാസം മുമ്പ് നാട്ടിലേക്കാണെന്ന് പറഞ്ഞ് നൗഷാദ് ചാവക്കാട്ടേക്ക് പോയതായിരുന്നു.

ബ്രിട്ടനിലെ ഇന്ത്യന്‍ എംബസി വഴി മറിയം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസുമായി ബന്ധപ്പെടാനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ 'സ്‌നേഹിത'യുടെ സഹായത്തോടെ മഞ്ചേരി ബാറിലെ അഭിഭാഷകരായ അഡ്വ. എ.പി. മുഹമ്മദ് ഇസ്മാഈല്‍, അഡ്വ. സുധ എന്നിവര്‍ മുഖേന കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. യുവതിക്ക് സംരക്ഷണം നല്‍കണമെന്നും ഇവരെ കുന്നംകുളത്തെ ഭര്‍തൃവീട്ടില്‍നിന്ന് ഇറക്കിവിടരുതെന്നും മജിസ്‌ട്രേറ്റ് പി.ജി. ഗ്വാഷ ഉത്തരവ് നല്‍കിയിരിക്കുകയാണ്.

ജനുവരി 20ന് കേരളത്തിലെത്തിയ മറിയം ഖാലിഖ് ചാവക്കാട്ടെ ഭര്‍തൃവീട് കണ്ടെത്തി വീട്ടുകാരോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞപ്പോള്‍ ആദ്യം നല്ലനിലയില്‍ പെരുമാറി. പിന്നീട് ഭീഷണിപ്പെടുത്തി പുറത്താക്കിയെന്നാണ് മറിയം പറയുന്നത്. കേരളത്തിലെത്തി വീട്ടുകാരോട് വിവരങ്ങള്‍ പറഞ്ഞശേഷം കൂട്ടിക്കൊണ്ടു പോകാമെന്നാണ് നൗഷാദ് അറിയിച്ചിരുന്നത്. പിന്നീട് നാട്ടില്‍ വെച്ച് വിവാഹം നടത്താമെന്നും നൗഷാദ് മറിയത്തിന് ഉറപ്പ് നല്‍കിയിരുന്നു.

നൗഷാദുമൊത്തുള്ള ഫോട്ടോകളും മറിയത്തിന്റെ കൈവശമുണ്ട്. കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഗാര്‍ഹിക പീഡനനിരോധന നിയമപ്രകാരനാണ് മറിയം പരാതി നല്‍കിയത്. ഭര്‍ത്താവിനെതിരെ വടക്കേക്കാട് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. ലണ്ടനിലെ മോറി സണ്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് മറിയം. സ്‌കോട്ട്‌ലന്‍ഡില്‍ എം.ബി.എക്ക് പഠിക്കുകയായിരുന്നു നൗഷാദ്.

കേരളത്തിലെത്തിയ ശേഷം മറിയം ഭര്‍ത്താവിനെ ഒരുതവണ നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ കൂടെ താമസിപ്പിക്കാനോ ഭാര്യയായി അംഗീകരിക്കാനോ തയാറായില്ല. പിന്നീട് ഓണ്‍ലൈനില്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒഴിഞ്ഞുമാറി. കാര്യങ്ങള്‍ ഇത്രയൊക്കെയായിട്ടും മറിയത്തിന് നൗഷാദിനോട് ഒട്ടും വെറുപ്പോ വിരോധമോ ഇല്ല. വീണ്ടും പഴയ പോലെ ഒരുമിച്ച് ജീവിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് യുവതി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Women, Husband, Police, Complaint, Police, House, British, Chavakkad. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia