മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ഡിസംബര്‍ ഏഴിന് മഞ്ചേരി കോടതിയില്‍ ഹാജരാക്കും

 


മഞ്ചേരി: (www.kvartha.com 29.11.2016) മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ഡിസംബര്‍ ഏഴിന് മഞ്ചേരി യു എ പി എ പ്രത്യേക കോടതിയില്‍ ഹാജരാക്കും. തിങ്കളാഴ്ച ഹാജരാക്കാനായിരുന്നു നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു വരുന്ന രൂപേഷിനെ മഞ്ചേരിയിലെത്തിക്കാന്‍ ആവശ്യമായ ഫോഴ്‌സ് ലഭ്യമാകാതെ വന്നതിനാലാണ് ഹാജരാക്കുന്നത് ഏഴിലേക്ക് മാറ്റിയത്.

2010ല്‍ നിലമ്പൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ വാറണ്ട്. അമരമ്പലം കവളമുക്കട്ടയിലെ കാളിയമ്മയുടെ വീട്ടില്‍ സി പി ഐ മാവോയിസ്റ്റ് നേതാവായ തൃശൂര്‍ പെരിങ്ങോട്ടുകര തെക്കിനിയത്ത് രൂപേഷ് എന്ന പ്രവീണ്‍ എന്ന പ്രകാശ് എന്ന പ്രശാന്ത് (45) എത്തുകയും സംഘടനാ പ്രവര്‍ത്തനം നടത്തുകയും ലഘുലേഖ, പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്തുവെന്നുമാണ് കേസ്.
സംസ്ഥാനത്ത് നിരവധി മാവോയിസ്റ്റ് കലാപങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രൂപേഷ് 2008 ല്‍ ഒളിവില്‍ പോകുകയായിരുന്നു. കേരളത്തില്‍ മാത്രം രൂപേഷിനെതിരെ ഇരുപതിലധികം കേസുകള്‍ നിലവിലുണ്ട്. കേരള, കര്‍ണ്ണാടക, ആന്ധ്ര സംയുക്ത പോലീസ് സേന 2015 മെയ് നാലിന് കോയമ്പത്തൂരില്‍ വെച്ചാണ് രൂപേഷിനെയും ഭാര്യ ഷൈനയെയും പിടികൂടുന്നത്. മലയാളിയായ അനൂപ് ഉള്‍പ്പെടെ അഞ്ചുപേരാണ് അന്ന് കസ്റ്റഡിയിലായത്.

സംസ്ഥാനത്തെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു രൂപേഷിന്റെ അറസ്റ്റ്. നിലമ്പൂര്‍ ക്രൈമില്‍ രൂപേഷിനൊപ്പം കേരളശ്ശേരി സ്വദേശി ശശിധരനും തൃക്കാക്കര സ്വദേശി സിനിക്കും പ്രതികളാണ്. കോയമ്പത്തൂര്‍ ജയിലില്‍ നിന്നും തന്നെ കേരളത്തിലേക്ക് മാറ്റണമെന്ന് രൂപേഷ് ഇക്കഴിഞ്ഞ സെപ്തംബര്‍ 20ന് മഞ്ചേരി യു എ പി എ കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

മാവോയിസ്റ്റ് നേതാവ് രൂപേഷിനെ ഡിസംബര്‍ ഏഴിന് മഞ്ചേരി കോടതിയില്‍ ഹാജരാക്കും

Keywords: Maoists, Contempt of Court, Central Jail, Malappuram, Kerala,  Maoist leader, Roopesh,   Produced, Manjeri  court.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia