സ.മാധവന്‍ എന്തു പറയും? ജനം കാത്തിരിക്കുന്നു

 


സ.മാധവന്‍ എന്തു പറയും? ജനം കാത്തിരിക്കുന്നു
കോഴിക്കോട്:   ടി.പി. ചന്ദ്രശേഖരന്‍ വധത്തെ അപലപിക്കാന്‍ ശനിയാഴ്ച വൈകുന്നേരം വടകരയില്‍ റവല്യുഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. അതില്‍ ടി.പി. ചന്ദ്രശേഖര ന്റെ ഭാര്യാപിതാവും അടിയുറച്ച സി.പി.ഐ.(എം) പ്രവര്‍ത്തകനുമായ കെ.കെ.മാധവനും പങ്കെടുക്കുമെന്നു സമ്മതിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ ലോകം കാത്തിരിക്കുകയാണ് സഖാവ് മാധവന്‍ എന്തു പറയുമെന്നു കേള്‍ക്കാന്‍!
കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഭാര്യാപിതാവ് എന്ന നിലയില്‍ വൈകാരികമായ പ്രാധാന്യമല്ല കെ.കെ.മാധവന്റെ സംഭാഷണത്തിന് രാഷ്ട്രീയ വൃത്തങ്ങള്‍ കല്പിക്കുന്നത്. സി.പി.ഐ.(എം) ന്റെ ആശയസംഹിതകള്‍ ജീവശ്വാസമാക്കി മാറ്റിയ, പാര്‍ട്ടിയുടെ അടിത്തറയായി ബലം നല്‍കുന്ന സജീവ പ്രവര്‍ത്തകരില്‍ ഒരാള്‍ എന്ന നിലക്കാണ് കെ.കെ.മാധവന്റെ പ്രസക്തി വര്‍ധിക്കുന്നത്. പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പൊഴുക്കിയ കെ.കെ.മാധവനെപ്പോലുള്ളവരാണ് സി.പി.ഐ.(എം)യുടെ ശക്തിയെന്ന് പാര്‍ട്ടിയുടെ സുഖം അനുഭവിക്കുന്ന നേതാക്കള്‍ പോലും സമ്മതിക്കുന്നു. കെ.കെ.മാധവന്റെ പാര്‍ട്ടി പശ്ചാത്തലം ആ അഭിപ്രായത്തെ ശരി വെക്കുന്നതുമാണ്.

നടുവണ്ണൂരിലെ കര്‍ഷകത്തൊഴിലാളി കുടുംബാംഗമായ കെ.കെ.മാധവന്‍ മാര്‍ക്‌സിസ്റ്റ് തത്വശാസ്ത്രങ്ങള്‍ ജീവിതക്രമമായി സ്വീകരിച്ചയാളാണ്. ഇസ്തിരിയിട്ട വസ്ത്രങ്ങളണിയുകയും എ.സി.റൂമുകളില്‍ അന്തിയുറങ്ങുകയും എ.സി.കാറുകളില്‍ യാത്ര ചെയ്യുകയും പത്രസമ്മേളനങ്ങളും പൊതുസമ്മേളനങ്ങളും രാഷ്ട്രീയ പ്രവര്‍ത്തനമായി കരുതുകയും ചെയ്യുന്ന നേതാക്കളുടെ ജീവിത രീതിയല്ല താഴെത്തട്ടി ലുള്ള പ്രവര്‍ത്തകനായ സഖാവ് മാധവന്‍ അവലംബിച്ചത്. മക്കളെയും പേരമക്കളെയും വന്‍കിട ഫീസ് നല്‍കി അണ്‍എയ്ഡഡ് സ്‌കൂളുകളിലും വിദേശങ്ങളിലും പഠിപ്പിക്കുന്ന നേതാക്കളുടെ മാര്‍ഗ്ഗവും അദ്ദേഹം സ്വീകരിച്ചിട്ടില്ല. സ്വന്തം മക്കളുടെ രക്തത്തിലും പാര്‍ട്ടി തത്വസംഹിതങ്ങള്‍ അലിഞ്ഞു ചേരുന്നതിനു വേണ്ടി ബാലസംഘത്തിലും മറ്റും ചേര്‍ത്ത് ചെറുപ്പം മുതലേ ചെങ്കൊടി കൈയിലേന്താന്‍ സഖാവ് മാധവന്‍ പരിശീലിപ്പിച്ചു.

സഖാവ് മാധവന് നാലു മക്കളാണ്. എസ്.എഫ്.ഐക്കു വേണ്ടി വിയര്‍പ്പൊഴുക്കി വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ അവര്‍ സജീവമായി. മുത്ത മകള്‍ പ്രേമ എസ്.എഫ്.ഐ.യുടെ കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു. രണ്ടാമത്തവള്‍ തങ്കം എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. എന്നീ പ്രസ്ഥാനങ്ങളില്‍ സജീവാംഗമായിരുന്നു. ഇപ്പോള്‍ മൂടാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു. മൂന്നാമത്തവളാണ് കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ വിധവ രമ. എസ്.എഫ്.ഐ.യിലും ഡി.വൈ.എഫ്.ഐയിലും സജീവമായിരുന്ന രമ ടി.പിയുടെ ജീവിത പങ്കാളിയായി മാറിയതും രാഷ്ട്രീയപ്രവര്‍ത്തന വേദിയില്‍ വെച്ചുള്ള പരിചയത്തിലൂടെയാണ്. നാലാമത്തെ മകന്‍ സുരേഷ് ഇപ്പോള്‍ ഗള്‍ഫിലാണെങ്കിലും എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരുന്നു. പാര്‍ട്ടി ശൈലിയനുസരിച്ച് ലളിത ജീവിതം നയിക്കുന്ന സഖാവ് മാധവന്റെ മക്കളുടെ വിവാഹ ചടങ്ങുകളിലും പാര്‍ട്ടിരീതിക്കനുസൃതമായ ലാളിത്യം നിറഞ്ഞിരുന്നുവെന്നു നാട്ടുകാര്‍ ഓര്‍ക്കുന്നു.

അധ്വാനിക്കുന്നവന്റെയും തൊഴിലാളിയുടെയും പാര്‍ട്ടിയാണ് സി.പി.ഐ.(എം) എന്നു വിശ്വസിച്ചു പോരുകയും അതനുസരിച്ച് സ്വന്തം ജീവിതം ക്രമപ്പെടുത്തുകയും ചെയ്തിരുന്നതു കൊണ്ട് കക്ഷിരാഷ്ട്രീയത്തിനതീതമായി നാട്ടുകാര്‍ക്ക് സ്വീകാര്യനാണ് മാധവേട്ടന്‍. താനേറെ ഇഷ്ടപ്പെട്ടിരുന്ന മരുമകന്‍ ടി.പി. ചന്ദ്രശേഖരന്‍  മാര്‍ക്‌സിസ്റ്റ് റെവല്യൂഷണറി പാര്‍ട്ടി പ്രവര്‍ത്തകനായി മാറിയപ്പോഴും അതിന്റെ സദുദ്ദേശ്യം മനസ്സിലാക്കാനുള്ള വിവേകം കെ.കെ.മാധവനെന്ന അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനുണ്ടായത് അങ്ങിനെയാണ്. താനേറ്റവും വിശ്വസിച്ച തന്റെ പാര്‍ട്ടി ടി.പി.യെ കൊല്ലുമെന്ന് സഖാവ് മാധവന്‍ വിശ്വസിച്ചിരുന്നില്ല. രമയുടെ വീട്ടില്‍ വെച്ച് മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞതും അതാണ്. ''ഈ കൊല വളരെ ക്രുരമായിപ്പോയി. എന്റെ പാര്‍ട്ടി ഇതു ചെയ്യുമെന്നു ഞാന്‍ കരുതുന്നില്ല. ചിലപ്പോള്‍ ചില പ്രവര്‍ത്തകര്‍ പ്രതികളായുണ്ടായേക്കും. പക്ഷേ, അവരതു ചെയ്തത് പാര്‍ട്ടിയുടെ ഒത്താശയോടെയാവില്ല.'' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അപ്പോഴും പാര്‍ട്ടിയെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.


ജെഫ്രി റെജിനോള്‍ഡ്.എം

Keywords:  Kozhikode, Kerala, CPI(M), Madhavan, T.P Chandrasekhar Murder Case
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia