MA Baby | സിപിഎമില്‍ നിന്നും ബിജെപി കേരളത്തില്‍ പോലും വോട് ചോര്‍ത്തുന്നുവെന്നത് ഉത്കണ്ഠാജനകം; തിരുത്തലുകള്‍ വാക്കിലും പ്രവൃത്തിയിലും വേണം, ജനങ്ങള്‍ക്ക് ബോധ്യമാകണമെന്നും എം എ ബേബി
ഇപ്പോള്‍ പാര്‍ലമെന്റില്‍ ഉള്ളത് ഇന്‍ഡ്യന്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യം
ഉള്‍പാര്‍ടി ചര്‍ചകളിലൂടെ പോരായ്മകള്‍ തിരിച്ചറിയണം
തിരുവനന്തപുരം: (KVARTHA) സിപിഎമില്‍ നിന്നും മറ്റു പാര്‍ടികളില്‍ നിന്നും ബിജെപി കേരളത്തില്‍ പോലും വോട് ചോര്‍ത്തുന്നുവെന്നത് ഉത്കണ്ഠാജനകമാണെന്ന് ചൂണ്ടിക്കാട്ടി പിബി അംഗം എംഎ ബേബി. പച്ചക്കുതിര മാസികയില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 2014നെ അപേക്ഷിച്ച് ബിജെപിയുടെ വോട് വിഹിതം ഇരട്ടിയായെന്നും ഈ പ്രവണത തിരുത്താന്‍ ആവശ്യമായ ഫലപ്രദമായ പ്രവര്‍ത്തന പദ്ധതികള്‍ തയാറാക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പുകളില്‍ ഉണ്ടാവുന്ന പിന്നോട്ടടികള്‍ മാത്രമല്ല പരിശോധിക്കേണ്ടത്. മറിച്ച് വ്യത്യസ്ത തോതില്‍ ഇടതുപക്ഷ സ്വാധീന മേഖലകളില്‍ ബഹുജനസ്വാധീനത്തിലും പ്രതികരണശേഷിയിലും ആഘാതശക്തിയിലും ചോര്‍ചയും ഇടിവും സംഭവിക്കുന്നുണ്ട്. ഇതില്‍ രാഷ്ട്രീയ ഘടകങ്ങളും സംഘടനാപരമായ കാരണങ്ങളും ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ബഹുജനങ്ങളുമായി ഇടപെടുമ്പോള്‍ സംഭവിക്കുന്ന വാക്കും പ്രവൃത്തിയും ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉണ്ടാവാം.
ഇവയൊക്കെ സിപിഎമിന്റെ സമ്മേളനരേഖകളിലും സംഘടനാ പ്ലീനങ്ങളുടെ റിപോര്‍ടുകളിലും ചര്‍ച ചെയ്തു തീരുമാനിച്ചിട്ടുള്ള, തെറ്റുതിരുത്തലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ ഭാഗമാണ്. അവ പ്രാവര്‍ത്തികമാക്കുന്നതിലും തിരുത്തലുകള്‍ വരുത്തുന്നതിലും ഒട്ടേറെ മുന്നോട്ടുപോകുവാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇനിയും കാര്യമായ തിരുത്തലുകള്‍ വരുത്തേണ്ട തലങ്ങള്‍ ബാക്കിയാണെന്നും തെറ്റുതിരുത്തല്‍ തുടര്‍പ്രക്രിയയാണെന്നത് സദാ ഓര്‍മിക്കേണ്ടതാണെന്നും ബേബി ചൂണ്ടിക്കാട്ടുന്നു.
ഇന്‍ഡ്യന്‍ ഇടതുപക്ഷത്തിന്റെ ഏറ്റവും ശോഷിച്ച സാന്നിധ്യമാണ് ഇപ്പോള്‍ നമ്മുടെ പാര്‍ലമെന്റില്‍ ഉള്ളതെന്ന് പറഞ്ഞ അദ്ദേഹം ഒരു പരിധിവരെ അഭിമാനകരമായ അംഗബലമുണ്ടായിരുന്നിടത്തുനിന്നാണ് നിരാശ പരത്തുന്ന ഈ അവസ്ഥയില്‍ കമ്യൂണിസ്റ്റ് പാര്‍ടികളും ഇടതുപക്ഷവും ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും കുറ്റപ്പെടുത്തി.
ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയില്‍ ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ സിപിഎം ജില്ലാ കമിറ്റികള്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാവ് എംഎ ബേബി കൂടി തിരുത്തലുകള്‍ നിര്‍ദേശിച്ച് രംഗത്തെത്തിയത്.
തിരുത്തലുകള്‍ ക്ഷമാപൂര്‍വം കൈക്കൊള്ളാതെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണാനാകില്ലെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നുണ്ട്. തിരഞ്ഞെടുപ്പിലെ തിരിച്ചടി മാത്രമല്ല പരിശോധിക്കേണ്ടത്, ബഹുജന സ്വാധീനത്തിലും പാര്‍ടിക്ക് ചോര്‍ച സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുത്തലുകള്‍ വരുത്തുന്നുണ്ടെങ്കിലും ഇനിയും തിരുത്തേണ്ട തലങ്ങള്‍ ബാക്കിയാണെന്ന് പറഞ്ഞ എം എ ബേബി ജനങ്ങള്‍ക്ക് ബോധ്യമാകുന്നവിധം, സത്യസന്ധവും നിര്‍ഭയവും ഉള്ളുതുറന്നതുമായ സ്വയം വിമര്‍ശനത്തിലൂടെ മാത്രമേ ഇടതുപക്ഷത്തിന് ബഹുജന സ്വാധീനം വീണ്ടെടുക്കാനാകൂ എന്നും വ്യക്തമാക്കി.
ജനങ്ങളുമായി സംസാരിക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവര്‍ക്ക് പറയാനുള്ളത് ക്ഷമാപൂര്‍വം കേള്‍ക്കുക എന്നതും. എല്ലാവിഭാഗം ജനങ്ങളുമായും ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കണം. ജനങ്ങള്‍ പറയുന്നതിലെ ശരിയായ വിമര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തം വാക്കിലും പ്രവൃത്തിയിലും ജീവിതത്തിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തുക എന്നതും പ്രധാനമാണെന്നും ബേബി ചൂണ്ടിക്കാട്ടി.
ഉള്‍പാര്‍ടി ചര്‍ചകളിലൂടെ പോരായ്മകള്‍ തിരിച്ചറിഞ്ഞ് തിരുത്തുവാനുള്ള കര്‍ത്തവ്യത്തില്‍ നിന്ന് കമ്യൂണിസ്റ്റുകാര്‍ക്കും ഇടതുപക്ഷത്തിനും ഒരിക്കലും ഒഴിഞ്ഞുമാറാനാവില്ല. അങ്ങനെ ഒഴിഞ്ഞുമാറിയാല്‍ അത് അത്യന്തം വിനാശകരമാകുമെന്നും ബേബി ചൂണ്ടിക്കാട്ടി.
അപവാദപ്രചാരണങ്ങളെ അവഗണിക്കാതെ മറുപടി പറയുകയും തുറന്നുകാട്ടുകയും വേണം. മാത്രമല്ല. ഇടതുപക്ഷം യഥാര്‍ഥത്തില്‍ തിരിച്ചറിഞ്ഞ് തിരുത്തേണ്ട ദൗര്‍ബല്യങ്ങളും തെറ്റുകളും സൂക്ഷ്മമായി കണ്ടെത്തി തിരുത്തിയില്ലെങ്കില്‍ ആഹ്ലാദിക്കുക പ്രതിലോമശക്തികളും അവരുടെ കൂട്ടാളികളായ ഒരു വിഭാഗം അധമ മാധ്യമങ്ങളുമാണെന്നും ബേബി പറഞ്ഞു.