കുഞ്ഞനന്തന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല

 


കുഞ്ഞനന്തന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല
വടകര: ടി.പി വധവുമായി ബന്ധപ്പെട്ട് കോടതിയില്‍ കാഴടങ്ങിയതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി കെ കുഞ്ഞനന്തന്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ട്. തനിക്ക് കൊലയുമായി ബന്ധമില്ലെന്ന് ദോദ്യം ചെയ്യലില്‍ കുഞ്ഞനന്തന്‍ ആവര്‍ത്തിച്ചു. ഇത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴയ്ക്കുകയാണ്. ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ കുഞ്ഞനന്തനില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. 

തന്നെ കേസില്‍ കുടുക്കുകയാണെന്നും ടി.പി വധ കേസിലെ പ്രതികളെ തനിക്ക് പരിചയമുണ്ടെന്നും കുഞ്ഞനന്തന്‍ മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് പറയുമ്പോഴും പ്രതികള്‍ വീട്ടില്‍ വന്നിരുന്ന കാര്യം കുഞ്ഞനന്തന്‍ സമ്മതിക്കുന്നില്ല. വീട്ടില്‍ വെച്ച് നടത്തിയ ഗൂഢാലോചനയെ കുറിച്ചും ഒന്നും വിട്ടുപറയാന്‍ കുഞ്ഞനന്തന്‍ തയ്യാറായില്ല.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പൊലീസിന് വിട്ടുകിട്ടിയ കുഞ്ഞനന്തനെ വടകര ക്യാമ്പ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. കൊലപാതക സംഘത്തില്‍പെട്ട കൊടി സുനി, കിര്‍മാണി മനോജ്, എം.സി അനൂപ് എന്നിവര്‍ തന്റെ വീട്ടില്‍ വന്നിരുന്നുവെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പെട്ടന്നുതന്നെ അത് നിഷേധിക്കുകയായിരുന്നു.

ടി പി വധത്തിന്റെ ഗൂഢാലോചനയില്‍ പ്രധാന പങ്ക് വഹിച്ചത് കുഞ്ഞനന്തനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. കൊലപാതകത്തിനിടെ കൈ മുറിഞ്ഞ സജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോയതും കുഞ്ഞനന്തനായിരുന്നു. ഇതെല്ലാം നേരത്തെ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവ് സഹിതം കണ്ടെത്തിയിട്ടുണ്ട്. ഒളിവില്‍ കഴിഞ്ഞ സ്ഥലവും മറ്റും കുഞ്ഞനന്തന്‍ അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ട്. ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്നു പേരെ കുറിച്ചും കുഞ്ഞനന്തനില്‍ നിന്നും വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. കെ സി രാമചന്ദ്രന്‍ മുതല്‍ കൊടി സുനി വരെയുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞനന്തന്റെ പങ്ക് വ്യക്തമായത്.

ടി.പിയെ ഇല്ലാതാക്കാന്‍ കുഞ്ഞനന്തന് നിര്‍ദ്ദേശം നല്‍കിയതാരാണെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ചന്ദ്രശേഖരന്‍ ഒഞ്ചിയത്ത് പാര്‍ട്ടിക്ക് ശല്യമാണെന്നും അതുകൊണ്ട് തന്നെ ടി.പിയെ ഇല്ലാതാക്കണമെന്നതില്‍ പാര്‍ട്ടി തീരുമാനമുണ്ടെന്നുമാണ് കുഞ്ഞനന്തന്‍ കൊടിസുനിയെ മറ്റും അറിയിച്ചത്.

Keywords:  Kunhananthan, Not co-operating, Police, T.P.Chandrasekharan, Murder case, Vadakara
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia