'കെ എസ് ആർ ടി സി' ഇനി കേരളത്തിന് മാത്രം; കർണാടകയ്ക്ക് നോടീസ് അയക്കും; 'ആന വണ്ടി'യെ തൊട്ടും കളി വേണ്ട !

 


തിരുവനന്തപുരം: (www.kvartha.com 02.06.2021) കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും, ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന്‌ സ്വന്തം. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ഇവ കേരള റോഡ് ട്രാൻസ്പോർട് കോർപറേഷന് അനുവദിച്ച് ട്രേഡ് മാർക് ഓഫ് രജിസ്ട്രി ഉത്തരവിറക്കി.

കേരളത്തിന്റെയും കർണാടകയുടേയും റോഡ് ട്രാൻസ്പോർട് കോർപറേഷന്റെ വാഹനങ്ങളിൽ ഉപയോഗിച്ച് വന്ന കെഎസ്ആർടിസി ചുരുക്കെഴുത്തിന്റെ പേരിൽ ഇരു സംസ്ഥാനങ്ങളും പോരിലായിരുന്നു. ഇത് കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട് ഉപയോഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക നോടീസ് അയക്കുകയായിരുന്നു.

'കെ എസ് ആർ ടി സി' ഇനി കേരളത്തിന് മാത്രം; കർണാടകയ്ക്ക് നോടീസ് അയക്കും; 'ആന വണ്ടി'യെ തൊട്ടും കളി വേണ്ട !

തുടർന്ന് അന്നത്തെ സിഎംഡിയായിരുന്ന ആന്റണി ചാക്കോ കേന്ദ്ര സർകാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ് മാർകിന് കേരളത്തിന്‌ വേണ്ടി അപേക്ഷിച്ചു. അതിനെ തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവിൽ ട്രേഡ് മാർക് ആക്ട് 1999 പ്രകാരമാണ് കേരളത്തിന് അനുകൂലമായ നടപടി വന്നത്.

ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേർന്നതാണ് കേരളത്തിൽ, കെ എസ്‌ ആർ ടി സി യുടെ ചരിത്രമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. വെറുമൊരു വാഹന സെർവീസ് മാത്രമല്ല, അത്. സിനിമയിലും, സാഹിത്യത്തിലും ഉൾപെടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തിൽ മായ്ച്ചു കളയാൻ പറ്റുന്നതല്ല ഇത്. ട്രേഡ് മാർക് രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാൻ കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്. ഒപ്പം ഇതിനു വേണ്ടി പ്രയത്നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു.ഇത് കെഎസ്ആർടിസിക്ക് ലഭിച്ച നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടകത്തിന് ഉടൻ തന്നെ നോടീസ് അയക്കുമെന്ന് കെ എസ്‌ ആർ ടി സി, എം ഡി യും, ഗതാഗത സെക്രടറിയുമായ ബിജു പ്രഭാകർ അറിയിച്ചു. 'ആനവണ്ടി 'എന്ന പേരും പലരും പലകാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്, അവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Keywords: Kerala, News, Karnataka, KSRTC, Bus, Top-Headlines, Notice, 'KSRTC' now for Kerala only; Notice to be sent to Karnataka.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia