K Sudhakaran | കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ് പോരിന് കളമൊരുങ്ങുന്നു; ചെന്നിത്തലയ്ക്ക് അര്‍ഹതപ്പെട്ട സ്ഥാനം പ്രവര്‍ത്തക സമിതി പുന:സംഘടനയില്‍ കിട്ടിയെന്ന് പറയാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

 


കണ്ണൂര്‍: (www.kvartha.com) കേരളത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ് പോരിന് കളമൊരുങ്ങുന്നു. പ്രവര്‍ത്തകസമിതി പുന: സംഘടനയുമായി ബന്ധപ്പെട്ടാണ് രമേശ് ചെന്നിത്തല ഉള്‍പെടെയുളള നിരാശരായ നേതാക്കള്‍ പാര്‍ടിക്കെതിരെ ഇടഞ്ഞു നില്‍ക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുന:സംഘടനാവിഷയത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹതപ്പെട്ട സ്ഥാനം കിട്ടിയെന്ന് പറയാനാകില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രവര്‍ത്തക സമിതിയിലേക്കുളള ലിസ്റ്റ് എല്ലാവരുമയി ചര്‍ച്ച ചെയ്തു. താന്‍ പറഞ്ഞ പേരുകളെല്ലാം ലിസ്റ്റിലുണ്ട്. ശശി തരൂരും, എ കെ ആന്റണിയും അടക്കമുള്ളവര്‍ പരിഗണിക്കപ്പെടേണ്ടവരാണെന്നും  കെ സുധാകരന്‍ വ്യക്തമാക്കി. ശശി തരൂര്‍ പ്രവര്‍ത്തക സമിതി സ്ഥാനത്തിന് യോഗ്യനാണ്. 

രമേശ് ചെന്നിത്തലയ്ക്ക് അര്‍ഹമായ പരിഗണന നല്‍കിയിട്ടുണ്ട്. ചെന്നിത്തല സ്ഥിരം ക്ഷണിതാവാണ്. എല്ലാ പോസ്റ്റിലും എല്ലാവരേയും വയ്ക്കാനാവില്ല. ചെന്നിത്തലയ്ക്ക് പുതിയ സ്ഥാനങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നും രമേശിന് അതൃപ്തി ഉള്ളതായി അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് പരാതി നല്‍കാന്‍ രമേശ് ചെന്നിത്തല ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നതിനിടെയാണ് ഈ വിഷയത്തില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരണവുമായി രംഗത്തുവന്നത്. തന്റെ അതൃപ്തി കേന്ദ്ര നേതൃത്വത്തെ നേരിട്ടറിയിക്കാനാണ് രമേശ് ചെന്നിത്തലയുടെ തീരുമാനം. സംസ്ഥാന സംഘടന ചുമതല നല്‍കിയാല്‍ ഏറ്റെടുക്കില്ലെന്ന് രമേശ് ചെന്നിത്തല സോണിയ ഗാന്ധിയെ അറിയിക്കുമെന്നാണ്  സൂചന.

അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ നേതാക്കള്‍ പരസ്യ പ്രസ്താവനകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹൈകമാന്‍ഡ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഓഗസ്റ്റ് 20-നാണ് കോണ്‍ഗ്രസിലെ ഏറ്റവും ഉയര്‍ന്ന സംഘടനാവേദിയായ പ്രവര്‍ത്തക സമിതിയിലേക്കുള്ള അംഗങ്ങളുടെ പട്ടിക, പാര്‍ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രഖ്യാപിച്ചത്. 39 അംഗ സമിതിയില്‍ കേരളത്തില്‍ നിന്ന് എ കെ ആന്റണി, കെ സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ ഉള്‍പെട്ടു.
32 അംഗ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് രമേശ് ചെന്നിത്തലയെ ഉള്‍പെടുത്തിയത്. പ്രവര്‍ത്തക സമിതിയില്‍ നിന്ന് ക്ഷണിതാവായി തരംതാഴ്ത്തിയതാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. ശശി തരൂരിനെ പ്രവര്‍ത്തകസമിതിയംഗമായി ഉയര്‍ത്തിയത് രമേശ് ചെന്നിത്തലയ്ക്ക് ഇരട്ടപ്രഹരമായി. ഇതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

അതേസമയം, ഇപ്പോള്‍ തന്റെ മുന്നിലുള്ളത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാത്രമാണെന്ന് രമേശ് ചെന്നിത്തല വിവാദങ്ങള്‍ക്ക് പരോക്ഷമായുളള മറുപടിയുമായി പ്രതികരിച്ചു. താനും ഉമ്മന്‍ചാണ്ടിയുമായി നീണ്ട വര്‍ഷത്തെ ഹൃദയബന്ധമാണുള്ളത്. ആ ഉമ്മന്‍ ചാണ്ടിയുടെ മകനാണ് പുതുപ്പള്ളിയില്‍ മത്സരിക്കുന്നത്. ഇക്കഴിഞ്ഞ 14-ാം തീയതി മുതല്‍ ഒരു ദിവസം ഒഴിച്ച് ഏഴ് ദിവസവും താന്‍ അവിടെയുണ്ടായിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് മാത്രമാണ് മുന്‍പിലുള്ള അജണ്ടയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചാണ്ടി ഉമ്മന് ചരിത്ര ഭൂരിപക്ഷം നേടിക്കൊടുക്കാനുള്ള ശ്രമത്തിലാണ്. അതാണ് മുഖ്യമായ കാര്യം. മറ്റൊരു വിഷയവും തന്റെ മുന്നിലില്ല. മറ്റ് കാര്യങ്ങള്‍ ആറാം തീയതിക്ക് ശേഷം പറയാമെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

K Sudhakaran | കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ് പോരിന് കളമൊരുങ്ങുന്നു; ചെന്നിത്തലയ്ക്ക് അര്‍ഹതപ്പെട്ട സ്ഥാനം പ്രവര്‍ത്തക സമിതി പുന:സംഘടനയില്‍ കിട്ടിയെന്ന് പറയാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍



Keywords:  News, Kerala, Kerala-News, Politics-News, Politics, KPCC President, K Sudhakaran, Congress, Working Committee, Chennithala, KPCC President K Sudhakaran about congress working committee.



ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia