Investigation | കോഴിക്കോട്ട് ഐസ്‌ക്രീം കഴിച്ച് 12 കാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; കൊലപാതകമെന്ന് പൊലീസ്; പിതൃസഹോദരി അറസ്റ്റില്‍

 


കോഴിക്കോട്: (www.kvartha.com) കൊയിലാണ്ടി അരിക്കുളത്ത് ഐസ്‌ക്രീം കഴിച്ചതിന് പിന്നാലെ 12 കാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുട്ടിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹ് മദ് ഹസന്‍ റിഫായിയുടെ മരണത്തില്‍ പിതൃസഹോദരി താഹിറ (34) യെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചായത് മെംബറുടെ സാന്നിധ്യത്തില്‍ ഡിവൈഎസ്പി ആര്‍ ഹരിപ്രസാദാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

കൊയിലാണ്ടി പൊലീസ് പറയുന്നത്: പ്രതി ഐസ്‌ക്രീമിന്റെ ഫാമിലി പാകില്‍ വിഷം കലര്‍ത്തി കുട്ടിയുടെ വീട്ടില്‍ കൊടുക്കുകയായിരുന്നു. ഈ സമയം ഉമ്മയും രണ്ടു മക്കളും വീട്ടിലില്ലാതിരുന്നതിനാല്‍ അവര്‍ രക്ഷപ്പെട്ടു. ഐസ്‌ക്രീമില്‍ മനപൂര്‍വം വിഷം കലര്‍ത്തി എന്ന വിവരമാണ് ലഭിക്കുന്നത്. എന്നാല്‍ അത് കുട്ടിയെ ലക്ഷ്യമിട്ടല്ല, കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ടാണ് എന്ന മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. ഇതേത്തുടര്‍ന്ന് ഛര്‍ദിയുണ്ടാവുകയും അവശനിലയിലാവുകയും ചെയ്ത അഹ് മദ് ഹസന്‍ റിഫായി പിറ്റേന്ന് കോഴിക്കോട്ടെ ആശുപത്രിയിലാണ് മരിച്ചത്.

ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, പൊലീസ്, ഫൊറന്‍സിക് വിഭാഗം എന്നിവര്‍ പരിശോധന നടത്തുകയും സാംപിള്‍ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് റിഫായിയുടെ മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ശക്തമാക്കിയത്. 

അരിക്കുളത്തെ സൂപര്‍മാര്‍കറ്റില്‍ നിന്നാണ് കുട്ടി കഴിച്ച ഐസ്‌ക്രീം വാങ്ങിയത്. കുട്ടിയുടെ മരണത്തെ തുടര്‍ന്ന് കട താല്‍ക്കാലികമായി അടച്ചിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച ഐസ്‌ക്രീം സാംപിളുകള്‍ പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു. പോസ്റ്റുമോര്‍ടം റിപോര്‍ടില്‍ അമോനിയം ഫോസ്ഫറസിന്റെ അംശം ശരീരത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. നിരവധി പേരില്‍നിന്നു പൊലീസ് മൊഴിയെടുത്തു.

റൂറല്‍ ജില്ലാ പൊലീസ് മേധാവി ആര്‍ കറപ്പസാമിയുടെ നേതൃത്വത്തില്‍ ഡിവൈഎസ് പി ആര്‍ ഹരിപ്രസാദ്, പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ സി സുബാഷ് ബാബു, എസ്‌ഐ വി അനീഷ് എന്നിവരാണ് കേസന്വേഷിക്കുന്നത്.

Investigation | കോഴിക്കോട്ട് ഐസ്‌ക്രീം കഴിച്ച് 12 കാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; കൊലപാതകമെന്ന് പൊലീസ്; പിതൃസഹോദരി അറസ്റ്റില്‍


Keywords:  News, Kerala, Kerala-News, Kozhikode-News, Crime-News, Kozhikode, Crime, Local News, Arrested, Accused, Killed, Murder Case, Police, DYSP, Child, Ice Cream,  Kozhikode: Death of boy after having ice cream is found murder, one arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia