28 ദിവസം കഴിഞ്ഞും കോടാലി ശ്രീധരന്റെ മകനെ കണ്ടെത്താനാകാതെ പോലീസ്; തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്, സിനിമാ കഥകളെ വെല്ലുന്ന തരത്തില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴി

 


കോതമംഗലം: (www.kvartha.com 27.11.2016) കുഴല്‍പ്പണ ഇടപാടുകാരന്‍ കോടാലി ശ്രീധരന്റെ മകന്‍ അരുണ്‍കുമാറിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പോലീസ് കുഴങ്ങുന്നു. നാലാഴ്ച പിന്നിട്ടിട്ടും അരുണ്‍ കുമാറിനെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഏതാനും പേര്‍ അറസ്റ്റിലായെങ്കിലും ഇവരുടെ മൊഴി പ്രകാരം അരുണ്‍ ഇപ്പോള്‍ മറ്റൊരു സംഘത്തിന്റെ തടവിലുണ്ടെന്നാണ് വിവരം. എന്നാല്‍ ഇവരുടെ മൊഴി പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

അതിനിടെ അരുണിനെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കുടമുണ്ടയിലെ വീട്ടില്‍നിന്നു കഴിഞ്ഞ 31 നു പുലര്‍ച്ചെ ആറു മണിയോടെയാണ് തട്ടിക്കൊണ്ടുപോയത്. കാറില്‍ കൊണ്ടുപോകുന്നതിനിടെ പ്രതികള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. ഇതില്‍ അരുണിന്റെ കണ്ണ് മൂടിക്കെട്ടിയ നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശികളായ തോട്ടുങ്കര മുഹമ്മദ് റഫീഖ് (35), അരിയില്‍ മുസ്തഫ (42), കോതമംഗലം രാമല്ലൂര്‍ ചക്കരക്കാട്ടില്‍ സിബി ചന്ദ്രന്‍ (38) എന്നിവരെ കോതമംഗലം സി ഐ വി ടി ഷാജനും സംഘവും അറസ്റ്റ് ചെയ്തിരുന്നു.

മുസ്തഫയും റഫീഖുമാണ് തട്ടിക്കൊണ്ടുപോകുന്ന വീഡിയോ ദൃശ്യത്തില്‍ അരുണിനൊപ്പമുള്ളത്. മൈസൂരിലെ രഹസ്യ കേന്ദ്രത്തില്‍ വെച്ച് വെള്ളം ചോദിച്ചെത്തിയ ഒരു സംഘം തങ്ങളെയും അരുണിനെയും തട്ടിക്കൊണ്ടു പോയെന്നാണ് റഫീഖും മറ്റും പോലീസില്‍ മൊഴി നല്‍കിയത്. തങ്ങളെ മര്‍ദിച്ച് അവശനാക്കിയ ശേഷം വഴിയില്‍ ഇറക്കിവിട്ട് അരുണിനെയും കൊണ്ട് അജ്ഞാത സംഘം പോയെന്നും ഇവര്‍ പറയുന്നു. ഇതോടെ പോലീസ് തീര്‍ത്തും കുഴങ്ങിയിരിക്കുകയാണ്.

അതേസമയം, അരുണിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് ശേഷം ഒളിവില്‍ പോയ പിതാവ് കോടാലി ശ്രീധരന്‍ ഇന്റര്‍നെറ്റ് ഫോണ്‍ മുഖേന കുടുംബവുമായും സംഘത്തിലെ മറ്റുള്ളവരുമായും ബന്ധപ്പെടുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുഴല്‍ പണ ഇടപാട് സംബന്ധിച്ചുള്ള തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.

28 ദിവസം കഴിഞ്ഞും കോടാലി ശ്രീധരന്റെ മകനെ കണ്ടെത്താനാകാതെ പോലീസ്; തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്, സിനിമാ കഥകളെ വെല്ലുന്ന തരത്തില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴി
Photo courtesy: Manorama News

Keywords : Kidnap, Case, Police, Investigates, Kerala, Accused, Kidnapping case: Police investigation on dark.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia