കടല്‍ക്കൊല: നാവികരുടെ ജയില്‍ മാറ്റത്തില്‍ ഉടന്‍ തീരുമാനമെടുക്കണം; സുപ്രീം കോടതി

 


ന്യൂഡല്‍ഹി: കൊച്ചി കടലില്‍ രണ്ടു മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലുള്‍പ്പെട്ട ഇറ്റാലിയന്‍ നാവികരെ ജയിലില്‍ നിന്ന് മാറ്റുന്നതിനെക്കുറിച്ച് ഒരാഴ്ചയ്ക്കകം കേരളം തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി. നാവികരെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. നാവികരെ ജയിലില്‍ നിന്ന് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നതിനും മറ്റ് നടപടികള്‍ക്കുമായി നാലാഴ്ച സമയം വേണമെന്ന് കേരളം ആവശ്യപ്പെടുകയായിരുന്നു.

കടല്‍ കൊലക്കേസില്‍ നാവികര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടി ഇറ്റാലി സര്‍ക്കാരും നാവികരും നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിച്ചത്. ഇറ്റാലിയന്‍ നാവികര്‍ക്ക് പ്രത്യേക നിയമപരിരക്ഷയുണ്ടെന്ന് ഇറ്റലി സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള വിഷയമാണെന്നും കേരള സര്‍ക്കാര്‍ പ്രശ്‌നത്തില്‍ ഇടപെടേണ്ടതില്ലെന്നും ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു.

എന്നാല്‍ നാവികര്‍ക്കെതിരെ നിയമനടപടിക്ക് കേരളത്തിന് അധികാരമുണ്ടെന്ന് വിശദീകരിച്ച് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും സത്യവാങ്്മൂലം നല്‍കിയിരുന്നു. ജസ്റ്റിസുമാരായ അല്‍തമാസ് കബീറും എസ്.എസ്. നിജ്ജാറുമടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Keywords: Kerala, New Delhi, Supreme Court.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia