സില്‍വര്‍ലൈന്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അറിയാന്‍ വീടുകള്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി വി മുരളീധരനെ സിപിഎം വാര്‍ഡ് കൗണ്‍സിലറുടെ കുടുംബം സ്വീകരിച്ചത് സര്‍കാര്‍ അനുകൂല മുദ്രാവാക്യം വിളികളോടെ

 


തിരുവനന്തപുരം: (www.kvartha.com 02.04.2022) സില്‍വര്‍ലൈന്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അറിയാന്‍ വീടുകള്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി വി മുരളീധരനെ സിപിഎം വാര്‍ഡ് കൗണ്‍സിലറുടെ കുടുംബം സ്വീകരിച്ചത് സര്‍കാര്‍ അനുകൂല മുദ്രാവാക്യം വിളികളോടെ. കഴക്കൂട്ടം വാര്‍ഡ് കൗണ്‍സിലര്‍ എല്‍ എസ് കവിതയുടെ കുടുംബമാണ് മന്ത്രിയും സംഘവും വീട്ടിലെത്തിയപ്പോള്‍ സര്‍കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അനുകൂലമായി മുദ്രാവാക്യം വിളിച്ചത്.

സില്‍വര്‍ലൈന്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അറിയാന്‍ വീടുകള്‍ സന്ദര്‍ശിച്ച കേന്ദ്രമന്ത്രി വി മുരളീധരനെ സിപിഎം വാര്‍ഡ് കൗണ്‍സിലറുടെ കുടുംബം സ്വീകരിച്ചത് സര്‍കാര്‍ അനുകൂല മുദ്രാവാക്യം വിളികളോടെ

ഇതോടെ വി മുരളീധരന്‍ വീട്ടില്‍നിന്നു മടങ്ങി. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായി കുടിയിറക്ക് ഭീഷണി നേരിടുന്ന മേഖലകളിലെ ജനങ്ങളുടെ ആശങ്ക നേരിട്ടറിയാനാണ് പ്രതിരോധ യാത്രയെന്ന പേരില്‍ ബിജെപി പരിപാടി സംഘടിപ്പിച്ചത്. കഴക്കൂട്ടം, മേനംകുളം, മുരുക്കുംപുഴ, കോഴിമടക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനം.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് കൗണ്‍സിലറുടെ മേനംകുളത്തെ വീട്ടില്‍ കേന്ദ്രമന്ത്രി എത്തിയത്. ബിജെപിയുടെ പ്രാദേശിക നേതാക്കളും ഒപ്പമുണ്ടായിരുന്നു. സില്‍വര്‍ലൈന്‍ പദ്ധതിയുടെ ദോഷങ്ങള്‍ കേന്ദ്രമന്ത്രി വ്യക്തമാക്കിയ ഉടനെ കൗണ്‍സിലറുടെ മാതാപിതാക്കള്‍ സര്‍കാര്‍ അനുകൂല മുദ്രാവാക്യം വിളിച്ചു.

പദ്ധതി ആവശ്യമാണെന്നും തങ്ങള്‍ ഭൂമി വിട്ടുകൊടുക്കുമെന്നും കുടുംബം വിളിച്ചു പറഞ്ഞു. തുടര്‍ന്ന്, മന്ത്രിയും സംഘവും വീട്ടില്‍നിന്നു മടങ്ങി. സംഭവം നടക്കുമ്പോള്‍ കൗണ്‍സിലര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. മറ്റു സ്ഥലങ്ങളില്‍ വീടുകള്‍ സന്ദര്‍ശിച്ച വി മുരളീധരന്‍, സില്‍വര്‍ലൈന്‍ പദ്ധതി ജനങ്ങളെ ബാധിക്കുന്ന പദ്ധതിയാണെന്നും എതിര്‍പ് ഉയരണമെന്നും വ്യക്തമാക്കി.

അതേസമയം കൗണ്‍സിലറുടെ കുടുംബം മാത്രമാണ് ഭൂമി വിട്ടുകൊടുക്കുമെന്ന് അറിയിച്ചതെന്നും മറ്റാരും നല്‍കുമെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൗണ്‍സിലറുടെ കുടുംബത്തിന് അങ്ങനെയല്ലാതെ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സില്‍വര്‍ ലൈന്‍ പദ്ധതിയോടുള്ള ജനങ്ങളുടെ വികാരം മുഖ്യമന്ത്രി പിണറായി വിജയന്‍ മനസിലാക്കണമെന്നും ബഫര്‍ സോണിലുള്ളവര്‍ എന്ത് ചെയ്യണമെന്ന് സര്‍കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശീതീകരിച്ച മുറിയിലിരിക്കുന്നവര്‍ ഭൂമി നഷ്ടപ്പെടുന്നവരുമായി സംസാരിക്കണമെന്നും ഇടുന്ന കല്ല് അലൈന്‍മെന്റിന്റെ പേരില്‍ മാറ്റിയാല്‍ ഇപ്പോള്‍ വായ്പ നിഷേധിക്കുന്നവര്‍ എന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.

കെ റെയില്‍ കല്ലിട്ടതിന്റെ പേരിലാണ് രാധാമണിക്ക് ബാങ്ക് വായ്പ നിഷേധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളെ കബളിപ്പിക്കുന്ന പ്രസ്താവനയാണ് കെ റെയില്‍ വിഷയത്തില്‍ സര്‍കാര്‍ വൃത്തങ്ങള്‍ നടത്തുന്നതെന്നും കെ റെയില്‍ പാര്‍ടി കോണ്‍ഗ്രസില്‍ സിപിഎം ചര്‍ച ചെയ്യട്ടെയെന്നും മന്ത്രി പറഞ്ഞു.

ഇന്ധന വില വര്‍ധനവില്‍ പ്രതികരിച്ച മന്ത്രി കേന്ദ്രസര്‍കാര്‍ എക്സൈസ് തീരുവ കുറച്ചിട്ടും സംസ്ഥാനം കുറച്ചില്ലെന്ന് കുറ്റപ്പെടുത്തി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചിരുന്നുവെന്നും അതുപോലെ തന്നെ സംസ്ഥാനവും നികുതി കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഞ്ചു രൂപ കുറച്ചിട്ട് ഇന്ധന വില ആറു രൂപ കൂട്ടിയെന്ന ചോദ്യത്തിന് അഞ്ചു രൂപ കുറച്ചല്ലോയെന്ന് അദ്ദേഹം പരിഹാസിച്ചു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേന പരിശീലനം നല്‍കിയ സംഭവത്തിലും കേന്ദ്രമന്ത്രി വി മുരളീധരന്‍ പ്രതികരിച്ചു. എല്ലാ പ്രാവശ്യവും വീഴ്ചപറ്റി എന്ന് സര്‍കാര്‍ ആവര്‍ത്തിക്കുന്നതിന് പകരം ആര്‍ക്കൊക്കെ എതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.

Keywords: Kerala family endorses SilverLine project during Union Minister V Muraleedharan's protest campaign, Thiruvananthapuram, News, Politics, BJP, Protesters, CPM, Minister, V. Muraleedaran, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia