സംഭവം ദൗര്‍ഭാഗ്യകരം; മന്ത്രി വീണാ ജോര്‍ജിന്റെ കുവൈറ്റ് യാത്ര നിഷേധിച്ച നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

 
Kuwait fire: Kerala CM writes to PM Modi on denial of permission to state health minister, Thiruvananthapuram, News, Kuwait fire, Kerala CM writes to PM Modi, Permission, Denied, Health minister, Politics, Kerala News


കേരള ആരോഗ്യ മന്ത്രിയുടെ കുവൈറ്റിലെ സാന്നിധ്യം അവിടെ അതിനകം എത്തിയിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയോടും മറ്റ് അധികാരികളോടും ഇന്ത്യന്‍ എംബസിയോടും ബന്ധപ്പെട്ട് നടപടികള്‍ ഏകോപിപ്പിക്കുന്നതിന് സഹായകരമാകുമായിരുന്നു


 
ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് മാനസിക പിന്തുണയും ആത്മവിശ്വാസവും ഉറപ്പാക്കുന്നതിനും സഹായകമാകുമായിരുന്നു

 

തിരുവനന്തപുരം: (KVARTHA) മംഗഫിലുണ്ടായ തീപ്പിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കുവൈറ്റ് യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

കുവൈറ്റിലെ മംഗഫില്‍ 2024 ജൂണ്‍ 12 നുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരില്‍ പകുതിയും കേരളീയരായിരുന്നുവെന്നും അതിനാലാണ് ദുരന്തത്തിന്റെ വ്യാപ്തിയും ഗൗരവവും കണക്കിലെടുത്ത് സംസ്ഥാനത്തെ ഒരു മന്ത്രിയെത്തന്നെ കുവൈറ്റിലേക്ക് അയക്കുവാന്‍ കേരള മന്ത്രിസഭ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചു. 

കേരള ആരോഗ്യ മന്ത്രിയുടെ കുവൈറ്റിലെ സാന്നിധ്യം അവിടെ അതിനകം എത്തിയിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രിയോടും മറ്റ് അധികാരികളോടും ഇന്ത്യന്‍ എംബസിയോടും ബന്ധപ്പെട്ട് നടപടികള്‍ ഏകോപിപ്പിക്കുന്നതിന് സഹായകരമാകുമായിരുന്നു. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങള്‍ക്ക് മാനസിക പിന്തുണയും ആത്മവിശ്വാസവും ഉറപ്പാക്കുന്നതിനും സഹായകമാകുമായിരുന്നു. എന്നാല്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് ലഭ്യമാകാതിരുന്നത് മൂലം കേരള ആരോഗ്യമന്ത്രിയുടെ കുവൈറ്റ്  സന്ദര്‍ശനം നടക്കാതെ പോയത് അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

സംസ്ഥാന സര്‍ക്കാര്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന് കേന്ദ്രസര്‍ക്കാര്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നിരസിക്കുന്നത് തടസ്സമാകുന്നുവെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

2023 ഫെബ്രുവരി 28ലെ ക്യാബിനെറ്റ് സെക്രട്ടറിയേറ്റ് ഓഫീസ് മേമ്മോറാണ്ടം പ്രകാരമാണ് പൊളിറ്റിക്കല്‍ ക്ലിയറന്‍സിനായി അപേക്ഷിച്ചതെന്നും കേരള മന്ത്രിസഭ കൂട്ടായെടുത്ത തീരുമാനം അവമതിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് സൂചിപ്പിച്ചു. ഈ അപേക്ഷ പരിഗണിക്കാതിരുന്ന നടപടി വികസനോദ്യമങ്ങളിലും ദുരന്തവേളകളില്‍ ജനങ്ങള്‍ക്ക് ആശ്വാസം ഉറപ്പാക്കാന്‍ എടുക്കേണ്ട നടപടികളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഐക്യമനോഭാവത്തോടെ ആയിരിക്കണമെന്ന സഹകരണാത്മക ഫെഡറലിസത്തിന്റെ സത്തയ്ക്ക് കടകവിരുദ്ധമാണ്. ഇത്തരം വേളകളില്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കുന്നതിന് രാഷ്ട്രീയമോ രാഷ്ട്രീയേതരമോ ആയ ഒരു തടസ്സങ്ങളും ഉണ്ടാകരുത് എന്ന വസ്തുത പ്രധാനമന്ത്രി മനസ്സിലാക്കുമെന്നു കരുതുന്നു. 

ആരോഗ്യകരമായ സഹകരണാത്മക ഫെഡറലിസം ഉറപ്പുവരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും വിശ്വാസവും അനിവാര്യമായതിനാല്‍ ഭാവിയില്‍ ഇത്തരം അവസരങ്ങളില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാനങ്ങളോട്  ഉത്തരവാദിത്തത്തോടെ പ്രതികരിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia