കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ 13 പ്രതികള്‍ക്കും ജീവപര്യന്തം

 


കൊച്ചി: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി  മലയാളി യുവാക്കളെ കശ്മീരിലേക്കു റിക്രൂട്ട് ചെയ്ത കേസില്‍ കോടതി കുറ്റക്കാരെന്നു കണ്ടെത്തിയ 13 പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രതികളില്‍ അബ്ദുല്‍ ജബ്ബാര്‍, സഫ്രാസ് നവാസ്, സാബിര്‍ പി. ബുഹാരി എന്നിവര്‍ക്ക് ഇരട്ട ജീവപര്യന്തമാണു  കോടതി ശിക്ഷ വിധിച്ചത്. മൂന്നാം പ്രതിയും ലഷ്‌കര്‍ ഇ- തൊയ്ബ നേതാവുമായ  തടിയന്റവിട നസീര്‍ ഉള്‍പെടെയുള്ള പത്തു പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.

ശിക്ഷ അനുഭവിക്കുന്ന  പ്രതികള്‍  50,000 രൂപാ വീതം പിഴ അടയ്ക്കാനും കോടതി നിര്‍ദേശിച്ചു. പ്രതികള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയാണെന്നു പറഞ്ഞ കോടതി  മതപഠനക്ലാസുകള്‍ തീവ്രവാദപ്രവര്‍ത്തനം വളര്‍ത്താനാണ് പ്രതികള്‍  ഉപയോഗിച്ചെന്ന  നിരീക്ഷണവും നടത്തി.

പ്രതികള്‍ക്ക് ശിക്ഷ വിധിച്ചുകൊണ്ടുള്ള നിര്‍ണായക വിധിയില്‍ ഒപ്പുവെച്ചുകൊണ്ട് എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി എസ്.വിജയകുമാര്‍ സര്‍വീസില്‍ നിന്നും വിടവാങ്ങി. കാശ്മീര്‍ റിക്രൂട്ട്‌മെന്റ്  കേസില്‍ അന്വേഷണം പൂര്‍ത്തിയായപ്പോള്‍  കേസ് പരിഗണിച്ചിരുന്ന ജഡ്ജി എസ്.വിജയകുമാറിന്റെ  സര്‍വീസ് കാലാവധി കഴിയാറായതിനാല്‍ അദ്ദേഹത്തിന് ഗവ. ആറുമാസത്തേക്ക് കാലാവധി നിട്ടിക്കൊടുക്കുകയായിരുന്നു.  അതേസമയം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു.

 ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രത്യേക കോടതിയാണു കേസില്‍ പ്രതികളുടെ ശിക്ഷ വിധിച്ചത്. പ്രതികള്‍ തീവ്രവാദ പ്രവര്‍ത്തനത്തിലൂടെ രാജ്യത്തോട്  യുദ്ധം പ്രഖ്യാപിച്ചവരാണെന്നും അവര്‍ ഒരുതരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കാശ്മീര്‍ റിക്രൂട്ടമെന്റ് കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്നും അതുകൊണ്ടുതന്നെ പരമാവധി ശിക്ഷ നല്‍കരുതെന്നും  പ്രതിഭാഗം വാദിച്ചു. മാത്രമല്ല, കേസില്‍ പ്രതികളുടെ ശിക്ഷ വിധിക്കുമ്പോള്‍ റിമാന്‍ഡ് കാലാവധി പരിഗണിക്കണമെന്നും  ബാംഗ്ലൂര്‍ ജയിലില്‍ ശിക്ഷ അനുഭവിക്കാന്‍ അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ആഴ്ച കേസ് പരിഗണിച്ച  കോടതി  13 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും  അഞ്ചു പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.  നിരവധി ഭീകര പ്രവര്‍ത്തന കേസുകളില്‍ പ്രതിയായ തടിയന്റവിട നസീര്‍ അടക്കം 18 പ്രതികളുടെ വിചാരണ 2012 ഫെബ്രുവരിയിലാണു തുടങ്ങിയത്. 186 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട തയ്യില്‍ തൈക്കണ്ടി ഫയാസ്, തായത്തെരു മുഴത്തടം അറഫയില്‍ ഫായിസ്, പരപ്പനങ്ങാടി അബ്ദുല്‍ റഹീം, വെണ്ണല മുഹമ്മദ് യാസിന്‍ എന്ന റയ്‌മോന്‍ എന്നിവരെ തീവ്രവാദ പ്രവര്‍ത്തനത്തിനു റിക്രൂട്ടു ചെയ്ത സംഭവമാണ് കേസിനു വഴിയൊരുക്കിയത്.

കണ്ണൂര്‍ സ്വദേശി അബ്ദുല്‍ ജലീല്‍, തടിയന്റവിട നസീര്‍, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതികളായ കാവഞ്ചേരി മുട്ടനൂര്‍ തായാട്ടില്‍ അബ്ദുല്‍ ജബ്ബാര്‍, പെരുമ്പാവൂര്‍ സാബിര്‍ പി. ബുഹാരി, പള്ളിക്കര സര്‍ഫറസ് നവാസ്, അഹമ്മദാബാദ് സ്‌ഫോടനക്കേസില്‍ പ്രതിയായ സത്താര്‍ഭായി എന്ന പെരുവള്ളൂര്‍ സൈനുദ്ദീന്‍, അണ്ടത്തോട് ചാന്തിന്റവിട എം.എച്ച്. ഫസല്‍, മൗവഞ്ചേരി മുതുകുറ്റി പി. മുജീബ്, തയ്യില്‍ പൗണ്ട് വളപ്പ് ഷഫാസ്,  കളമശേരി കൂനംതൈ ഫിറോസ്, കൊട്ടാരത്ത് മൗത്താരക്കണ്ടി മുഹമ്മദ് നവാസ്, വയനാട് പടിഞ്ഞാറെത്തറ പതുണ്ടന്‍വീട്ടില്‍ ഇബ്രാഹിം മൗലവി, പരപ്പനങ്ങാടി ഉമ്മര്‍ ഫാറൂഖ് എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. അബ്ദുല്‍ ജലീല്‍ ആണ് എന്‍ഐഎ കേസിലും ഒന്നാം പ്രതി.

കണ്ണൂര്‍ സിറ്റി സ്വദേശി മുഹമ്മദ് നൈനാര്‍, കറുകപ്പള്ളി റസാഖ് മന്‍സില്‍ ഉള്ളാട്ടില്‍ വീട്ടില്‍ ബദറുദ്ദീന്‍, കുന്നത്തുനാട് പി.കെ. അനസ്, പനയപ്പള്ളി അബ്ദുല്‍ ഹമീദ്, ആനയിടുക്ക് ഷെനീജ് എന്നിവരെയാണ് വെറുതെവിട്ടത്.

പാക്ക് അധീന കശ്മീരിലെ മുസാഫറാബാദ് സ്വദേശി അബ്ദുല്‍ വാലി, കണ്ണൂര്‍ മരക്കാര്‍കണ്ടി കൊച്ചുപീടികയില്‍ മുഹമ്മദ് സാബിര്‍ എന്നിവരെ കേസില്‍ ഇനിയും പിടികൂടാനുണ്ട്. ഇവരെ പിടികിട്ടാപ്പുളളികളായി പ്രഖ്യാപിച്ചാണു
കാശ്മീര്‍ റിക്രൂട്ട്‌മെന്റ് കേസില്‍ 13 പ്രതികള്‍ക്കും ജീവപര്യന്തം
വിചാരണ നടന്നത്. കശ്മീരില്‍ കൊല്ലപ്പെട്ട നാലു യുവാക്കളും ആദ്യപ്രതിപ്പട്ടികയില്‍ പ്രതികളായിരുന്നെങ്കിലും പിന്നീട് അവരെ ഒഴിവാക്കിയിരുന്നു. ഇവരുടെ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതില്‍ സംഭവിച്ച കാലതാമസം വിചാരണ നടപടികളെ പ്രതികൂലമായി ബാധിക്കുകയും ചെയ്തിരുന്നു.

Also Read:
ബസ് സ്റ്റാന്‍ഡില്‍ മദ്യപിച്ച് ബഹളം വെച്ചയാള്‍ അറസ്റ്റില്‍

Keywords: Kochi, Kashmir recruitment case, Terrorists, Judge, Death Penalty, Death-Certificate, Kannur, Natives, Kerala, S.Vijayakumar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia