കാസര്‍കോട് മെഡിക്കല്‍ കോളേജ് ബദിയടുക്കയില്‍

 


കാസര്‍കോട് മെഡിക്കല്‍ കോളേജ് ബദിയടുക്കയില്‍

കാസര്‍കോട്: നിര്‍ദ്ദിഷ്ട കാസര്‍കോട് മെഡിക്കല്‍ കോളേജ് ബദിയടുക്കയില്‍ സ്ഥാപിക്കുമെന്ന്‌ ആരോഗ്യവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കലക്‌ട്രേറ്റില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  മെഡിക്കല്‍ കോളേജിനുവേണ്ടി ഉക്കിനടുക്കയില്‍ അമ്പതേക്കര്‍ സ്ഥലം കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡയാലിസിസ് സെന്ററുകള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.


മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിനായി 250 കോടിരൂപ ആവശ്യമാണ്. പണം കണ്ടെത്താന്‍ സര്‍ക്കാര്‍തല ചര്‍ച്ച നടത്തും. കണ്ണൂര്‍ - നെടുമ്പാശ്ശേരി വിമാനത്താവള മാതൃകയില്‍ പണം സ്വരൂപിക്കുന്നതിനെക്കുറിച്ച് ആലോചിക്കും. കോളേജ് സ്ഥാപിക്കുന്നതിന് കിറ്റ്‌കോ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കും. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 4 മെഡിക്കല്‍ കോളേജുകളാണ് അനുവദിച്ചത്. ഇതില്‍ മലപ്പുറത്തേത് മഞ്ചേരി ജനറല്‍ ആശുപത്രിയിലും ഇടുക്കിയിലേത് ജില്ലാ ആശുപത്രിയിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഡോക്ടര്‍മാരുടെ അപര്യാപ്തതയാണ് ആരോഗ്യ മേഖല നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് മന്ത്രി വ്യക്തമാക്കി. പി എസ് സി മുഖേന 300 പേരെ നിയമിക്കാന്‍ അറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും 60 പേര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചത്. ഡിസംബര്‍ 2 ന് വീണ്ടും ഇന്റര്‍വ്യൂ നടത്തി പരമാവധിപേരെ നിയമിക്കാന്‍ നടപടിയെടുക്കും.

ജീവന്‍രക്ഷാ മരുന്ന് വിതരണത്തില്‍ മരുന്ന് കമ്പനികള്‍ നടത്തുന്ന ചൂഷണം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുത്തതായി മന്ത്രി പറഞ്ഞു. ഇത്തരം ജീവന്‍രക്ഷാ മരുന്നുകള്‍ മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുഖേന വിതരണം ചെയ്യും. തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സര്‍ ചികില്‍സയ്ക്കായി 702 രൂപയ്ക്ക് നല്‍കുന്ന മരുന്നിന് മെഡിക്കല്‍ സ്റ്റോറുകളില്‍ 10,500 രൂപ ഈടാക്കുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, പി ബി അബ്ദുള്‍ റസാഖ്, ജില്ലാ കളക്ടര്‍ കെ എന്‍ സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


English Summary
Kasargod: Kasaragod Medical College will start in Badiyadukka, Health Minister said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia