കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാന പ്രതികള്‍ കസ്റ്റഡിയില്‍; പിടികൂടിയത് തൃശൂര്‍ അയ്യന്തോളിലെ ഫ്ളാറ്റില്‍ നിന്നും
Jul 25, 2021, 16:47 IST
തൃശൂര്‍: (www.kvartha.com 25.07.2021) കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാന പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ അയ്യന്തോളിലെ ഒരു ഫ്ളാറ്റില്‍ നിന്നുമാണ് നാല് പ്രതികളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം അയ്യന്തോളിലെ ഒരു സൂപെര്‍ മാര്‍കെറ്റില്‍ ഇവര്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍, രണ്ടാം പ്രതി ബിജു, ജില്‍സ്, ബിജോയ് എന്നിവരാണ് കസ്റ്റഡിയിലായത്. ഞായറാഴ്ച വൈകിട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. നേരത്തെ ഇവര്‍ തൃശൂരിലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരച്ചില്‍ നടത്തിയത്.
100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി പി എമിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നത് കണക്കിലെടുത്താണ് കെ കെ ദിവാകരന്‍ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് റജിസ്ട്രാര്‍ (ജനറല്‍) എംസി അജിത്തിനെ കരുവന്നൂര്‍ ബാങ്ക് അഡ്മിനിസ്ട്രേറ്ററായി ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ബാങ്ക് സെക്രടെറി ഉള്‍പെടെ നാലോളം പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മുന്‍ സെക്രടെറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു, മുന്‍ സീനിയര്‍ അകൗണ്ടന്റ് ജില്‍സ്, സൂപെര്‍ മാര്‍കെറ്റ് അകൗണ്ടന്റായിരുന്ന റെജി അനില്‍, കിരണ്‍, ബിജോയ് എന്നിവരുടെ പേരിലാണ് കേസ്. വിശ്വാസവഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് പുറമെ ബാങ്ക് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേര്‍ത്തിട്ടുണ്ട്. ടി ആര്‍ സുനില്‍കുമാറും ബിജുവും സി പി എം ലോകെല്‍ കമിറ്റി അംഗങ്ങളും ജില്‍സ് പാര്‍ടി അംഗവുമാണ്.
Keywords: Karuvannur bank scam; major accused under police custody, Thrissur, News, Flat, Police, Custody, Cheating, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.