സ്വര്‍ണക്കടത്ത് കേസ്: അര്‍ജുന്‍ ആയങ്കിക്ക് ജാമ്യമില്ല, മൂന്നാം പ്രതി അജ്മലിന് ജാമ്യം
Jul 23, 2021, 12:25 IST
കൊച്ചി: (www.kvartha.com 23.07.2021) കരിപ്പൂര്‍ സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് അറസ്റ്റു ചെയ്ത അര്‍ജുന്‍ ആയങ്കിക്ക് ജാമ്യമില്ല. സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കരുതെന്ന് കസ്റ്റംസ് കോടതിയില്‍ വാദിച്ചിരുന്നു. അതേസമയം കേസിലെ മൂന്നാം പ്രതി അജ്മലിനു കോടതി ജാമ്യം അനുവദിച്ചു.
സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തില്‍ അര്‍ജുന് പങ്കുണ്ടെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആയതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമുള്ള കസ്റ്റംസ് അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്.
സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയാണെന്നായിരുന്നു കസ്റ്റംസിന്റെ പ്രധാനവാദം. നിരവധി തവണ വിമാനത്താവളങ്ങളിലൂടെ അര്‍ജുന്‍ സ്വര്‍ണം കടത്തിയെന്ന് വ്യക്തമായതായും കസ്റ്റംസ് കോടതിയെ അറിയിച്ചു. അര്‍ജുനെതിരെ മൊഴി നല്‍കിയ സാക്ഷികളുടെ വിവരങ്ങളും മുദ്രവെച്ച കവറില്‍ കസ്റ്റംസ്് കോടതിക്ക് കൈമാറിയിരുന്നു.
അര്‍ജുന്റെ ഭാര്യ അമലയുടേയും പ്രതി ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമയായ സജേഷിന്റെ മൊഴിയും ഇത്തരത്തില്‍ കോടതിക്ക് മുമ്പാകെ കസ്റ്റംസ് സമര്‍പിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. ഈ വാദം അംഗീകരിച്ചാണ് അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.
കഴിഞ്ഞ ജൂണ്‍ 28നാണ് അര്‍ജുന്‍ ആയങ്കിയെ നോടിസ് നല്‍കി വിളിച്ചുവരുത്തിയശേഷം ചോദ്യം ചെയ്യലിനു വിധേയമാക്കി അറസ്റ്റു ചെയ്തത്. സ്വര്‍ണക്കടത്തില്‍ തനിക്കു പങ്കില്ലെന്ന കടുത്ത നിലപാടിലാണ് അര്‍ജുന്‍. തനിക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു തെളിവു കണ്ടെത്താനായില്ലെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനില്ലെന്നും അതുകൊണ്ടു ജാമ്യം അനുവദിക്കണം എന്നുമായിരുന്നു ഹര്‍ജി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.