തിരുവനന്തപുരം: അനന്തപുരിയെ പാല്‍ക്കടലാക്കി കാന്തപുരം നയിക്കുന്ന കേരള യാത്രയ്ക്ക് ഉജ്ജല സമാപനം. ഏപ്രില്‍ 12 ന് കാസര്‍കോട് നിന്നും പ്രയാണം ആരംഭിച്ച കേരള യാത്ര ജനങ്ങളുടെ അംഗീകാരം നേടികൊണ്ടാണ് അനന്തപുരിയെ ലക്ഷ്യമാക്കി നീങ്ങിയത്. നാനാജാതി മതവിഭാഗങ്ങളില്‍പ്പെട്ട നിരവധി പേര്‍ യാത്രയുടെ സ്വീകരണ കേന്ദ്രങ്ങളില്‍ ഒഴുകിയെത്തിരുന്നു. ജാഥ തിരുവനന്തപുരത്ത് ജനമഹാസാഗരമായാണ് സമാപിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള യാത്രയുടെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു. കെ.പി.സി,സി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രി വി.എസ് ശിവകുമാര്‍, കെ. മുരളീധരന്‍ എം.എല്‍.എ, മുന്‍ നിയമസഭാ സ്പീക്കര്‍ എം വിജയകുമാര്‍, കെ.ഇ ഇസ്മായില്‍ എം.പി, സയ്യദ് അലി ബാഫഖി തങ്ങള്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയസ് മാര്‍ ക്ലിമീസ്, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗുരുരത്‌ന ജ്ഞാന തപസ്വി തുടങ്ങി സാമുഹ്യ-സാംസ്‌കാരിക-രാഷ്രിയ-മത രംഗത്തെ നിരവധി നേതാക്കള്‍ പരിപാടിയില്‍ സംബന്ധിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രത്യേക യൂണിഫോം ധരിച്ച കാല്‍ലക്ഷം സ്‌നേഹസംഘം പ്രവര്‍ത്തകരുടെ മാര്‍ച്ചോടെയാണ് സമാപന പരിപാടികള്‍ക്ക് തുടക്കമായത്. വൈകുന്നേരം മൂന്ന് മണിക്ക് പുത്തരിക്കണ്ടം മൈതാനിയില്‍ നിന്ന് സ്‌നേഹസംഗമം മാര്‍ച്ച് ആരംഭിച്ചു. എം ജി റോഡില്‍ സെക്രട്ടേറിയറ്റ് പാളയം വഴി ചന്ദ്രശേകരന്‍ നായര്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.
കേരള യാത്രയുടെ സമാപന ചടങ്ങുകള്‍ രാത്രി വൈകുംവരെ നീണ്ടുനില്‍ക്കും.
കാന്തപുരത്തിന്റെ കേരളയാത്ര മാറ്റങ്ങള്‍ സൃഷ്ടിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: കാന്തപുരത്തിന്റെ കേരള യാത്ര സാമൂഹികാന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാനവികത ഉണര്‍ത്തുക എന്ന സന്ദേശവുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ നയിച്ച കേരള യാത്രയുടെ സമാപന സമ്മേളനം ശനിയാഴ്ച തലസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റുമുട്ടലോ സംഘട്ടനമോ ഇല്ലാത്ത അന്തരീക്ഷമാണു നാടിന് ആവശ്യമെന്നും, ആശയപ്രചാരണമാണു ജനാധിപത്യത്തെ നിലനിര്‍ത്തുന്നതെന്നും, എല്ലാ വിഭാഗങ്ങളുടെയും സമാധാനത്തിനു യത്‌നിക്കുന്ന കാന്തപുരം ഇതിന് മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സയ്യിദ് അബ്ദുറഹ്്മാന്‍ ബുഖാരി ഉള്ളാള്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മാനവികതാ സന്ദേശം നല്‍കി.
മതസംഘടനകള്‍ രാഷ്ട്രീയപാര്‍ട്ടികളാകരുത്: കാന്തപുരം
തിരുവനന്തപുരം: മതസംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികളായി രൂപം മാറുന്നതിനോട തങ്ങള്‍ എതിരാണെന്ന് കേരളയാത്രയുടെ സമാപാന റാലിയെ അഭിസംബോധന ചെയ്ത് മുഖ്യപ്രഭാഷണം നടത്തിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.
രാഷ്ട്രീയമായ ഇടപെടലിന്‌രാഷ്ട്രീയ കക്ഷി ഉണ്ടാക്കുമെന്ന അര്‍ത്ഥനില്ല കല്പിക്കേണ്ടതില്ല. വികസന പ്രശ്‌നങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായ പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെടുത്താനാകുമോ എന്ന് കേരള യാത്രയില്‍ ഉടനീളം അന്വേഷിച്ചിരുന്നു. ആശാവഹമായ പിന്തുണയാണ് ഇതിന് ലഭിച്ചത്. അതില്‍ ആരെങ്കിലും പങ്കെടുക്കാതിരുന്നിട്ടുണ്ടെങ്കില്‍ അത് അവരെക്കുറിച്ച് പൊതുസമൂഹത്തില്‍ തെറ്റായ ധാരണ ഊട്ടി ഉറപ്പിക്കുമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
സാക്ഷരതാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ സമഗ്ര പദ്ധതിക്ക് രൂപം നല്‍കണം. കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളോട് നീതിപുലര്‍ത്താത്ത ഇറക്കുമതി ചെയ്യുന്ന വികാരങ്ങളും വിചാരങ്ങളുമാണ് നമ്മുടെ സൗഹാര്‍ദാന്തരീക്ഷത്തെ തകര്‍ക്കുന്നത് കാന്തപുരം പറഞ്ഞു.
മുസ്ലിം മനസ്സ് കാന്തപുരത്തിനോടൊപ്പം: ആര്യാടന്‍
തിരുവനന്തപുരം: കേരളത്തിലെ മുസ്ലീങ്ങള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാരുടെ ആശയത്തോട് കൂറുപുലര്‍ത്തുന്നവരാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസ്താവിച്ചു. മുസ്ലീങ്ങളുടെ കുത്തക അവകാശങ്ങള്‍ മറ്റൊരു പാര്‍ട്ടിക്കുമില്ല. കേരള യാത്രയുടെ സമാപന വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
രാഷ്ട്രീയ പാര്‍ട്ടികള്‍ ഭൗതിക കാര്യങ്ങളിലെ വികസനത്തിന് യത്‌നിക്കണം. കാന്തപുരം രണ്ട് ലോകത്തെയും വിജയത്തിന് വേണ്ടിയാണ് സ്വജീവിതം സമര്‍പ്പിച്ചത്. കാന്തപുരം കേരളം മുഴുവന്‍ ഉഴുതുമറിച്ച മാനവികത മുളച്ചിരിക്കുകയാണെന്നും അത് നശിപ്പിക്കാന്‍ ഒരു കീടത്തിനുമവില്ലെന്നും അര്യാടന്‍ പറഞ്ഞു.
കാന്തപുരം നടത്തിയത് തീവ്രവാദവിരുദ്ധ പോരാട്ടം: ചെന്നിത്തല
തിരുവനന്തപുരം: പരസ്പര വിശ്വാസത്തിന്റെ മതമാണ് ഇസ്ലാമെന്നും സമൂഹത്തില്‍ വളരുന്ന വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരെ പോരാട്ടം നടത്തിയ വ്യക്തിത്വമാണ് കാന്തപുരമെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളയാത്ര ആര്‍ക്കും എതിരായല്ല, മാനവികതയുടെ സന്ദേശമാണ് യാത്രയിലുടനീളം ഉണര്‍ത്തിയത്. ചെന്നിത്തല പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.