EP Jayarajan | സജീവരാഷ്ട്രീയം വിടുമോ? മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ മൗനം പാലിച്ച് ഇപിയും പാര്‍ടിയും

 


കണ്ണൂര്‍: (www.kvartha.com) താന്‍ സജീവരാഷ്ട്രീയം മതിയാക്കുന്നുവെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിക്കാതെ സിപിഎം കേന്ദ്രകമിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍. സംയുക്ത കര്‍ഷക സമിതി ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ഡെല്‍ഹി ചലോ സമരത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ ശനിയാഴ്ച കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്‍പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യാനെത്തിയ ഇ പി ജയരാജനോട് ഈക്കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞുവെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയ്യാറായില്ല.

സിപിഎം കേന്ദ്രകമിറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ പി ജയരാജന്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായാണ് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നത്. പാര്‍ടിയുടെയും സര്‍കാരിന്റെയും പ്രവര്‍ത്തനങ്ങളിലെ കടുത്ത അതൃപ്തിയും പാര്‍ടി നേതൃത്വം തന്നെ അവഗണിക്കുന്നു എന്ന ചിന്തയുമാണ് ഈ തീരുമാനത്തിന് പിന്നിലെന്നായിരുന്നു വാര്‍ത്തകളുടെ ഉള്ളടക്കം. ഇ പി ജയരാജന്‍ അനിശ്ചിതകാല അവധിയിലാണെന്ന് നേരത്തെയും വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ഇ പി ജയരാജന്‍ തിരുവനന്തപുരം എകെജി സെന്ററിലെത്തിയിരുന്നില്ല.

EP Jayarajan | സജീവരാഷ്ട്രീയം വിടുമോ? മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ മൗനം പാലിച്ച് ഇപിയും പാര്‍ടിയും

ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് നടത്തിയ രാജ്ഭവന്‍ മാര്‍ചില്‍ കണ്‍വീനര്‍ പങ്കെടുക്കാത്തത് വലിയ ചര്‍ചകള്‍ക്കിടയാക്കി. തന്നെക്കാള്‍ ജൂനിയറായ എം വി ഗോവിന്ദനെ പാര്‍ടി പിബിയിലെക്ക് കോപ്റ്റ് ചയ്തത് ഇപിയെ ചൊടിപ്പിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താന്‍ ആരോഗ്യപരമായ കാരണങ്ങളാലാണ് വിട്ടുനിന്നതെന്നായിരുന്നു പിന്നീട് പാപ്പിനിശേരിയിലെ വീട്ടില്‍ നിന്നും ഇ ി ജയരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. പാര്‍ടിക്ക് അവധി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഈ അവധി അനിശ്ചിതകാലത്തേക്ക് നീട്ടാന്‍ ഇപിയൊരുങ്ങുന്നുവെന്നും സജീവരാഷ്ട്രീയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചുവെന്നും പിന്നീട് തുടര്‍വാര്‍ത്തകള്‍ വന്നു. ഇക്കാര്യത്തില്‍ ഇപിയും പാര്‍ടിയും മൗനം പാലിക്കുകയാണ് ചെയ്യുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞാല്‍ കണ്ണൂരിലെ ഏറ്റവും സീനിയറായ സിപിഎം നേതാക്കളിലൊരാളാണ് കേന്ദ്രകമിറ്റിയംഗമായ ഇ പി ജയരാജന്‍. 1950 മേയ് 28ന് കണ്ണൂരിലാണ് ഇ പി ജയരാജന്റെ ജനനം. സിപിഎമിന്റെ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയായിരുന്നു ഇ പി ജയരാജന്‍ രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. ഇലക്ട്രികല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം സജീവരാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. ചെറിയ പ്രായത്തിലേ മികച്ച സംഘാടകനായി പേരെടുത്ത ഇ പി ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ സിപിഎമിന്റെ പ്രധാന നേതാവും പിന്നീട് കേന്ദ്രകമിറ്റി അംഗം വരെയായി.

ഡിവൈഎഫ്ഐ യുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം പാര്‍ടി മുഖപത്രമായ ദേശാഭിമാനിയുടെ ജനറല്‍ മാനേജരുമായിരുന്നു അദ്ദേഹം. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ വ്യവസായ-കായിക മന്ത്രിയായിരുന്നു ഇ പി ജയരാജന്‍. മന്ത്രിയായിരിക്കെ ബന്ധു നിയമന വിവാദത്തില്‍പെട്ടതോടെ 2016 ഒക്ടോബര്‍ 14ന്, ഇ പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചു. 2017 സെപ്റ്റംബറില്‍, വിജിലന്‍സ് ബന്ധുനിയമന കേസില്‍ കുറ്റവിമുക്തനാക്കിയതോടെ ജയരാജന്‍ മന്ത്രിസ്ഥാനത്ത് തിരിച്ചെത്തി. കേരള നിയമസഭയിലേക്ക് നാലുതവണ തിരഞ്ഞെടുക്കപ്പെട്ടു. 1991 മുതല്‍ 1996 വരെയും 2011 മുതല്‍ 2021 വരെയും കേരള നിയമസഭാംഗമായിരുന്നു.

Keywords: Kannur, News, Kerala, E.P Jayarajan, Politics, CPM, LDF, Kannur: EP Jayarajan did not respond to media reports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia