Kannur Airport | കണ്ണൂര്‍ വിമാനത്താവളം സ്വകാര്യവല്‍ക്കരണത്തിന്റെ റണ്‍വേയില്‍ കളമൊരുക്കി കളി തുടങ്ങി കേന്ദ്രസര്‍കാര്‍
Jul 27, 2023, 09:35 IST
ഭാമനാവത്ത്
കണ്ണൂര്‍: (www.kvartha.com) അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചിറകരിയാന്‍ കേന്ദ്ര സര്‍കാര്‍ നീക്കം നടത്തുന്നത് സ്വകാര്യവല്‍ക്കരിക്കാനാണെന്ന ആരോപണം ശക്തമാകുന്നു. കുത്തക ഭീമനായ അദാനിക്ക് വിമാനത്താവളം മറിച്ചു കൊടുക്കാന്‍ കേന്ദ്രസര്‍കാര്‍ ഒത്താശ ചെയ്യുന്നുവെന്നാണ് ആരോപണം. കണ്ണൂര്‍ ഉള്‍പെടെയുള്ള നോണ്‍ മെട്രോ വിമാനത്താവളങ്ങള്‍ക്ക്
വിദേശ വിമാന കംപനികളുടെ സര്‍വീസിനുള്ള അനുമതി (പോയിന്റ് ഓഫ് കോള്‍ പദവി) അനുവദിക്കാത്തതിന്റെ ഇതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തല്‍.
രാജ്യത്തെ ഒട്ടേറെ നോണ്‍ മെട്രോ വിമാനത്താവളങ്ങള്‍ക്ക് ഈ പദവി ഉണ്ടെന്നിരിക്കെയാണ് കണ്ണൂരിനോട് വ്യോമയാന മന്ത്രാലയത്തിന്റെ ഒളിച്ചുകളി നടത്തുന്നത്. പോയന്റ് ഓഫ് കോള്‍ പദവി അനുവദിക്കില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചതോടെ മങ്ങലേറ്റത് പ്രവാസികളുടെ പ്രതീക്ഷയ്ക്കേറ്റ തിരിച്ചടി കൂടിയാണ്. വിദേശരാജ്യങ്ങളുമായി ചര്‍ച നടത്തി അവിടങ്ങളില്‍ നിന്ന് ഇന്‍ഡ്യന്‍ കംപനികള്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ സാധ്യമാക്കുന്നതിന് പകരം കണ്ണൂര്‍ വിമാനത്താവളത്തെ ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍കാര്‍ ശ്രമിക്കുന്നതെന്ന് പ്രവാസി സംഘടനകള്‍ കുറ്റപ്പെടുത്തുന്നു.
മെട്രോ നഗരത്തിലല്ലാത്തതിനാല്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശവിമാന സര്‍വീസ് അനുവദിക്കാനാവില്ലെന്നാണ് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി കരിപ്പൂരില്‍ വലിയ വിമാനങ്ങളെ വിലക്കുമ്പോഴാണ്, സ്ഥലം ഏറ്റെടുത്ത് നല്‍കിയിട്ടും കണ്ണൂരിനോട് ക്രൂരത കാട്ടുന്നത്. വൈഡ് ബോഡി വിമാനങ്ങള്‍ക്കുള്ള 3050 മീറ്റര്‍ റണ്‍വേയാണ് കണ്ണൂരിലേത്. റണ്‍വേ 4000 മീറ്റര്‍വരെ നീട്ടാനുമാകും. മണിക്കൂറില്‍ 2,000 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകുന്ന 97,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ ഏരിയയുമുണ്ട്. വടക്കന്‍ ജില്ലകളിലെയും കുടക്, മൈസൂരു, ഊട്ടി എന്നിവിടങ്ങളിലെയും യാത്രക്കാര്‍ക്ക് ഏറെ ഉപകരിക്കുന്നതാണ് കണ്ണൂര്‍ വിമാനത്താവളം. കണ്ണൂരില്‍നിന്ന് സര്‍വിസ് നടത്താന്‍ വിദേശ കംപനികള്‍ താല്‍പര്യം പ്രകടിപ്പിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ കടുംപിടിത്തം.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപിന് വിറ്റതുപോലെ കണ്ണൂര്‍ വിമാനത്താവളവും സ്വകാര്യവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍കാര്‍ ശ്രമിക്കുന്നതെന്ന് പ്രവാസിയാത്രികര്‍ ആരോപിക്കുന്നു. വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതോടെ ടിക്കറ്റ് നിരക്കില്‍ തീവെട്ടിക്കൊള്ളയ്ക്ക് വഴിതുറക്കുമെന്നും പ്രവാസികള്‍ ഭയക്കുന്നു. വിമാനനിരക്ക് അടിക്കടി വര്‍ധിപ്പിക്കുന്നത് നിയന്ത്രിക്കാനും സര്‍ക്കാര്‍ തയാറാകുന്നില്ല. ചില സെക്ടറുകളില്‍ മാത്രം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ 'താരിഫ് മോണിറ്ററിങ് യൂണിറ്റ്' ഉണ്ടാക്കിയിട്ടുണ്ടെങ്കിലും എയര്‍ലൈനുകള്‍ ഈടാക്കുന്ന വിമാനനിരക്കുകള്‍ അവരുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിശ്ചിത താരിഫിനുള്ളിലാണെന്ന് ഉറപ്പാക്കുക മാത്രമാണ് ചെയ്യുന്നത്.
അന്താരാഷ്ട്ര യാത്രികരുടെ എണ്ണത്തില്‍ 201920 വര്‍ഷത്തെ അപേക്ഷിച്ച് 202223ല്‍ കണ്ണൂര്‍ വിമാനത്താവളം 15 ശതമാനം വളര്‍ച്ച കൈവരിച്ചതായി വ്യോമയാനമന്ത്രി രാജ്യസഭയില്‍ പരാമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കണ്ണൂരിന് പോയിന്റ് ഓഫ് കോള്‍ പദവി നല്‍കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കിയത്. യാത്രക്കാര്‍ വളരെ കുറവായ സാഹചര്യത്തില്‍ പ്രതിദിനം വന്‍നഷ്ടത്തിലാണ് ഓരോ ദിവസവും മുന്‍പോട്ടു പോകുന്നത്. എപ്പോള്‍ വേണമെങ്കില്‍ അടച്ചുപൂട്ടാവുന്ന അവസ്ഥയിലാണ് കേരളത്തിലെ നവാഗത വിമാനത്താവളം.
Keywords: Kannur, News, Kerala, Airport, Privatization, Kannur airport privatization.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.