6 കോടിയോളം രൂപയുടെ കവര്‍ച്ച നടത്തിയ കാക്ക രഞ്ജിത്തും കൂട്ടാളികളും പിടിയില്‍
Sep 5, 2012, 12:29 IST
അനീഷ് |
കാക്ക രഞ്ജിത്ത് |
ഏറ്റവും ഒടുവില്‍ നഗരത്തില്‍ മേത്തോട്ടുതാഴത്തെ ബാങ്കുടമയെ തടഞ്ഞുനിര്‍ത്തി 12 പവന്‍ സ്വര്‍ണാഭരണങ്ങളും 50,000 രൂപയും തട്ടിയെടുത്ത കേസിലാണ് സംഘം പിടിയിലായത്. ചോദ്യം ചെയ്യലില്‍ പന്നിയങ്കരയിലെ പെട്രോള്‍ പമ്പില്‍ നിന്നും രാത്രി വാള്‍ കാണിച്ച് കവര്‍ച്ച നടത്തിയതും പോത്തന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് ജാഹിര്‍ ഹുസൈന്‍ എന്നയാളെ മുഖത്ത് മുളക്പൊടി വിതറി വെട്ടിപരിക്കേല്‍പ്പിച്ച് ഒമ്പതര ലക്ഷം രൂപ കവര്‍ന്നതും രഞ്ജിത്തും സംഘവുമാണെന്ന് തെളിഞ്ഞിട്ടുണ്ട്.
കൂടാതെ കഴിഞ്ഞ ആറു മാസത്തിനിടക്ക് കോഴിക്കോട് ജില്ലയുടെ വിവിധയിടങ്ങളില്‍ സ്ത്രീകളുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ച 14 കേസുകളും ഇവര്‍ക്കെതിരെയുണ്ട്.
രഞ്ജുമോന്‍ |
2010ല്‍ ബാംഗ്ലൂരില്‍ നിന്ന് അറുപത് ലക്ഷം രൂപയുടെ കുഴല്‍ പണം കവര്‍ച്ച ചെയ്ത സംഭവത്തിലും പെട്രോള്‍ പമ്പില്‍ നിന്ന് പത്ത് ലക്ഷം രൂപ കവര്‍ന്ന കേസിലും രഞ്ജിത്ത് പോലീസ് പിടിയിലായിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങി മുങ്ങിയ രഞ്ജിത്ത് കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകത്തിലുമായി നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയാണ്. ഗുണ്ടല്‍പേട്ടയില്‍ വെച്ച് മൂന്നുകോടി രൂപ തട്ടിയെടുത്ത് രക്ഷപ്പെടവേ കാര്‍ കൊക്കയിലേക്ക് മറിഞ്ഞതിനെത്തുടര്‍ന്ന് അന്നുണ്ടായിരുന്ന കൂട്ടുപ്രതികള്‍ പിടിയിലായിരുന്നുവെങ്കിലും രഞ്ജിത്ത് കാട്ടില്‍ ഒളിച്ചു രക്ഷപ്പെടുകയായിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും മൈസൂര്‍, ഗോവ, ബാംഗ്ലൂര്‍ തുടങ്ങിയിടങ്ങളിലും മാറിമാറിതാമസിച്ച് ആഡംബര ജീവിതം നയിച്ച കാക്കരഞ്ജിത്തിനെ ബാംഗ്ലൂരിലെ മടിവാളക്ക് സമീപം വാടകക്കെട്ടിടത്തില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഒപ്പം കവിത എന്ന യുവതിയുമുണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിടിയാലാകുമെന്ന് മനസ്സിലാക്കിയ രഞ്ജിത്ത് ഫോണ്‍ ഉപേക്ഷിച്ചാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇതേത്തുടര്‍ന്ന് കൂട്ടാളികള്‍ വലയിലായ വിവരം ഇയാള്‍ അറിഞ്ഞിരുന്നില്ല. കൂട്ടുപ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രഞ്ജിത്തിന്റെ ഒളിത്താവളം തേടി പോലീസെത്തിയത്.
മുമ്പ് പോലീസ് അന്വേഷിച്ചെത്തിയപ്പോഴേക്കും മട്ടാഞ്ചേരിയിലെ ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി രഞ്ജിത്ത് രക്ഷപ്പെട്ടിരുന്നു. പഴുതുകള്‍ അടച്ചു കൊണ്ടാണ് പോലീസ് രഞ്ജിത്ത് ഒളിവില്‍ കഴിഞ്ഞ ഫ്ളാറ്റ് റെയ്ഡ് ചെയ്തത്. ഏതാനും ദിവസങ്ങളിലായി രഞ്ജിത്തിന്റെ കൂട്ടാളികളായ ആലപ്പുഴ സ്വദേശികളായ അനീഷ്(26) രഞ്ജുമോന്‍(27) ആരിഫ് എന്ന പാല്‍ മോന്‍(25) ബേപ്പൂര്‍ അനീസ്(28) മുഹമ്മദ് റാഫി(26), ദീപേഷ്(25) സുബീഷ്(26) രമേശ്(25) എന്നിവരെ മെഡിക്കല്‍കോളജ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രഞ്ജിത്തും സംഘവും കോഴിക്കോട് നഗരത്തിലെ ധനകാര്യസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വീണ്ടും കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.
കോഴിക്കോട് സിറ്റി പൊലീസ് മേധാവി സ്പര്‍ജന്‍കുമാറിന്റേയും നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിന്റേയും മേല്‍നോട്ടത്തില്‍ രൂപവത്കരിച്ച പ്രത്യേക സ്ക്വാഡില്‍ പെട്ട മെഡിക്കല്‍കോളജ് സി ഐ പ്രേമദാസ്, മാവൂര്‍ എസ് ഐ എസ് സജീവ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബാബു മണാശ്ശേരി, രഘുപ്രസാദ് നായര്‍കുഴി, ഷാജു പാലത്ത്, പോലീസ് ഡ്രൈവര്‍ ഷൈബു, ഹോം ഗാര്‍ഡ് വേലായുധന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
യുവാക്കള്‍ക്ക് ഇഷ്ടം പോലെ പണവും മദ്യവും നല്‍കിയാണ് സംഘത്തില്‍ ആളെ കൂട്ടുന്നത്. കോഴിക്കോട്ടെ ഒരു ബാറില്‍ ഒരു ലക്ഷം രുപ പൊടിച്ച് മദ്യസല്‍ക്കാര പാര്‍ട്ടിയും കാക്ക രഞ്ജിത്ത് നടത്തിയിരുന്നു.
യുവാക്കള്‍ക്ക് ഇഷ്ടം പോലെ പണവും മദ്യവും നല്‍കിയാണ് സംഘത്തില്‍ ആളെ കൂട്ടുന്നത്. കോഴിക്കോട്ടെ ഒരു ബാറില്‍ ഒരു ലക്ഷം രുപ പൊടിച്ച് മദ്യസല്‍ക്കാര പാര്‍ട്ടിയും കാക്ക രഞ്ജിത്ത് നടത്തിയിരുന്നു.
Keywords: Arrest, Bangalore, Case, Police, Railway, Bank, Kozhikode, Liquor, Kerala, Kakka Ranjith
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.