കോണ്‍ഗ്രസിന്റെ സമരവീര്യം കോടിയേരി കാണാന്‍ പോകുന്നുവെന്ന് കെ സുധാകരന്‍ എംപി
Jan 6, 2022, 21:19 IST
തിരുവനന്തപുരം: (www.kvartha.com 06.01.2022) കെ റെയില്‍ പദ്ധതിക്കെതിരെ യുദ്ധം ചെയ്യാനുള്ള കെല്‍പ് കോണ്‍ഗ്രസിനില്ലെന്നും വീര്യം പറയാനേ കോണ്‍ഗ്രസിനു കഴിയൂ എന്നുമുള്ള സിപിഎം സംസ്ഥാന സെക്രെടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന കോണ്‍ഗ്രസിനെ ശരിക്ക് അറിയാത്തതുകൊണ്ടും പൊലീസിലുള്ള അന്ധമായ വിശ്വാസം കൊണ്ടുമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
കെ റെയിലിനെതിരേയുള്ള കോണ്‍ഗ്രസിന്റെ സമരത്തിന് ഊര്‍ജം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കാനാണ് കോടിയേരി ശ്രമിക്കുന്നതെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് വേണ്ടെന്ന് പറഞ്ഞ ഒരു ജനവിരുദ്ധ പദ്ധതിയും കേരളത്തില്‍ നടപ്പാക്കാനാവില്ല. അത് ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് പാര്‍ടിക്ക് അറിയാം. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാം എന്നൊക്കെയുള്ളത് ദിവാസ്വപ്നമാണ്. കെ റെയില്‍ സമരത്തിനു പിന്നില്‍ അണിനിരക്കുന്നത് ജനലക്ഷങ്ങളാണ്. കേരളത്തെ തന്നെ ഇല്ലാതാക്കാന്‍ പോകുന്ന ഒരു പദ്ധതിക്കെതിരെ ജനരോഷം ആര്‍ത്തിരമ്പുമ്പോള്‍ കോടിയേരിക്ക് സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടി വരുമെന്നും സുധാകരന്‍ പറഞ്ഞു.
സ്പ്രിന്‍ക്ലര്‍ കരാര്‍, ആഴക്കടല്‍ മത്സ്യബന്ധനത്തിന് അമേരികന്‍ കമ്പനിക്ക് നല്കിയ കരാര്‍, പൊലീസ് നിയമഭേദഗതി, മന്ത്രി കെടി ജലീലിന്റെ മാര്‍ക്കു ദാനവും ബന്ധുനിയമനവും മന്ത്രി ഇപി ജയരാജന്റെ ബന്ധുനിയമനം, ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിക്കല്‍, പമ്പ മണല്‍കടത്ത് തുടങ്ങിയവ പിണറായി സര്‍കാര്‍ പിന്‍വലിച്ചത് കോണ്‍ഗ്രസിന്റെ സമരവീരസ്യം കൊണ്ടാണെന്ന് കോടിയേരി മറക്കരുതെന്നും സുധാകരന്‍ പറഞ്ഞു.
ബ്രിടീഷുകാരെ കെട്ടുകെട്ടിച്ച ഒരു പാര്‍ടിയുടെ ഇളമുറക്കാരാണ് ഞങ്ങള്‍. തീക്ഷ്ണമായ പോരാട്ടങ്ങളിലൂടെയാണ് കോണ്‍ഗ്രസ് ജനങ്ങളുടെ പ്രസ്ഥാനമായി മാറിയത്. ഒരണ സമരം നടത്തി ഇഎംഎസിനെ ഈയംപൂശി ഈയലുപോലെ പറപ്പിച്ച കെ എസ് യുവിന്റെ സമര പാരമ്പര്യമാണ് കോണ്‍ഗ്രസുകാരുടെ സിരകളിലൊഴുകുന്നതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
Keywords: K Sudhakaran MP says Kodiyeri is going to see the fighting spirit of Congress, Thiruvananthapuram, News, Congress, K.Sudhakaran, Kodiyeri Balakrishnan, Chief Minister, Pinarayi vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.