K Muralidharan | പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; രാഹുല്‍ മാങ്കൂട്ടത്തിലാണ് സ്ഥാനാര്‍ഥിയാകാന്‍ യോഗ്യനെന്ന് കെ മുരളീധരന്‍

 
Not contesting Palakkad by-election; K Muraleedharan says that Rahul Mamkoottathil is eligible to be a candidate, Thiruvananthapuram, News, K Muraleedharan, Bye-Poll, Politics, Congress, Candidate, Kerala News
Not contesting Palakkad by-election; K Muraleedharan says that Rahul Mamkoottathil is eligible to be a candidate, Thiruvananthapuram, News, K Muraleedharan, Bye-Poll, Politics, Congress, Candidate, Kerala News


പാലക്കാട് നഗരസഭയില്‍ മാത്രമാണ് ബിജെപിയും യുഡിഎഫും തമ്മിലുള്ള മത്സരം

ബാക്കി മൂന്ന് പഞ്ചായതുകളിലും യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുണ്ട് 

വട്ടിയൂര്‍ക്കാവ് കൈവിട്ടുപോയതു പോലെ പാലക്കാട് പോകുമെന്ന് കരുതേണ്ട

തിരുവനന്തപുരം: (KVARTHA) പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. യൂത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് സ്ഥാനാര്‍ഥിയാകാന്‍ യോഗ്യനെന്നും ബിജെപി ആരെ സ്ഥാനാര്‍ഥിയാക്കിയാലും പാലക്കാട് യുഡിഎഫ് പിടിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ മുരളീധരന്‍.


പാലക്കാട് നഗരസഭയില്‍ മാത്രമാണ് ബിജെപിയും യുഡിഎഫും തമ്മിലുള്ള മത്സരം. ബാക്കി മൂന്ന് പഞ്ചായതുകളിലും യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുണ്ട്. എന്നാല്‍ വട്ടിയൂര്‍ക്കാവ് കൈവിട്ടുപോയതു പോലെ പാലക്കാട് പോകുമെന്ന് കരുതേണ്ടെന്നും മുരളീധരന്‍ പറഞ്ഞു. 


ബിജെപിക്ക് വലിയ തോതിലുള്ള വോടുണ്ടായിരുന്നുവെങ്കിലും എന്റെ വ്യക്തിപരമായ ബന്ധങ്ങള്‍ കൊണ്ടുകൂടിയാണ്  വട്ടിയൂര്‍ക്കാവില്‍ ജയിച്ചുവന്നിരുന്നത്. സിപിഎമിലെ വോടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നിട്ടു പോലും ഞാന്‍ ജയിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു.  


പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ ചെറുപ്പക്കാരെ മത്സരിപ്പിക്കണമെന്നും മുരളീധരന്‍ എടുത്തുപറഞ്ഞു. ശാഫി പറമ്പിലിന് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാനാണ് താല്‍പര്യം. അത് ഗുണം ചെയ്യുമെന്നും മുരളീധരന്‍ പറഞ്ഞു. ചേലക്കരയില്‍ രമ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നല്ലോ എന്ന ചോദ്യത്തിന് രമ്യയെ സ്ഥാനാര്‍ഥിയാക്കുന്നതിന് അരൂരിലെ ശാനിമോളുടെ ജയം അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. 

 

അന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അരൂരില്‍ ശാനിമോള്‍ ലീഡ് ചെയ്തിരുന്നുവെന്നും എന്നാല്‍ ചേലക്കരയില്‍ രമ്യയ്ക്ക് ലീഡുണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  ചേലക്കരയില്‍ ഉപതിരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട സാഹചര്യമാണ് യുഡിഎഫിനുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി സിപിഎം വലിയ തോതിലുള്ള പ്രകടനം വട്ടിയൂര്‍ക്കാവില്‍ കാഴ്ചവയ്ക്കുന്നുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി കുറച്ചുകൂടി ശക്തിപ്പെട്ടിട്ടുണ്ട് എന്നുവേണം കരുതാന്‍. മണ്ഡല പുനര്‍നിര്‍ണയം വന്നതോടെ പാലക്കാടിന് വലിയ തോതിലുള്ള മാറ്റം വന്നിട്ടുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.

 

തൃശൂരില്‍ മത്സരിച്ചപ്പോള്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ എനിക്കായിരുന്നു ലീഡ്. അങ്ങനെ ലീഡ് വരാന്‍ കാരണം ലീഗിന്റെ ശക്തിയാണ്. ഗുരുവായൂര്‍ കഴിഞ്ഞാല്‍ അവിടെ ലീഗിന്റെ ശക്തികേന്ദ്രം ചേലക്കരയാണ്. ലീഗും കോണ്‍ഗ്രസും ഇപ്പോഴുള്ള ഏകോപനം തുടര്‍ന്നാല്‍ ഉറപ്പായും ചേലക്കര പിടിക്കാം എന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. 

അതേസമയം, ലോക് സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ രാധാകൃഷ്ണന്റെ ഭൂരിപക്ഷം അയ്യായിരത്തില്‍ ഒതുങ്ങാന്‍ രണ്ട് കാരണങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാധാകൃഷ്ണന് പാര്‍ലമെന്റിലേക്കു പോകാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. പിന്നെ ചേലക്കരക്കാര്‍ക്കു രാധാകൃഷ്ണനെ വിടാനും താല്‍പര്യമുണ്ടായിരുന്നില്ല. ശക്തമായ യുഡിഎഫ് തരംഗമുണ്ടായ 2001ല്‍ പോലും രാധാകൃഷ്ണന്‍ ചേലക്കരയില്‍ ജയിച്ചിട്ടുള്ളത് ഓര്‍മവേണമെന്നും അദ്ദേഹം പറഞ്ഞു. 

1995ലെ ജില്ലാ പഞ്ചായത് തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിച്ചെന്ന ആരോപണമുണ്ടായിരുന്നു. ഇതിന്റെ വാശി ലീഗ് തീര്‍ത്തത് 1996ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ്. അങ്ങനെയാണ് രാധാകൃഷ്ണന്‍ അവിടെനിന്ന് ആദ്യമായി ജയിക്കുന്നത്. പിന്നീട് ആ മണ്ഡലം രാധാകൃഷ്ണന്‍ കൈപിടിയിലൊതുക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് തന്റെ അഭിമാന പ്രശ്‌നമാണെന്ന് തോന്നി രാധാകൃഷ്ണന്‍ പ്രവര്‍ത്തിച്ചാല്‍ ചേലക്കര പിടിക്കാന്‍ ബുദ്ധിമുട്ടാകും എന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia