ചന്ദ്രശേഖരന്‍ വധം; സിപിഎമ്മിനകത്ത് നടപടിക്ക് സമയമായി: രമേശ് ചെന്നിത്തല

 


ചന്ദ്രശേഖരന്‍ വധം; സിപിഎമ്മിനകത്ത് നടപടിക്ക് സമയമായി: രമേശ് ചെന്നിത്തല
കാസര്‍കോട്: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎമ്മിനകത്ത് നടപടിക്ക് സമയമായെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ടി.പി വധവുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ ആരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയത്. ഇപ്പോള്‍ അതിന് സമയമായിരിക്കുകയാണ്.

ടി.പി വധത്തില്‍ സിപിഎം ഒളിച്ചുകളി നടത്തുകയാണ്. തുടക്കം മുതല്‍ തന്നെ കേസിനെ വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. പിന്നീട് കേസന്വേഷണം തടസപ്പെടുത്താന്‍ നോക്കുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും ഭീഷണിപ്പെടുത്തി അന്വേഷണത്തെ തടയുന്നത് തെറ്റായ നടപടിയാണ്. ഈ നടപടി അവര്‍ ഉപേക്ഷിക്കണം. സത്യസന്ധമായും ശാസ്ത്രീയമായും അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിനോട് സഹകരിക്കുകയാണ് വേണ്ടത്. ഇപ്പോള്‍ മുഖ്യപ്രതി രജീഷും പിടിയിലായിരിക്കുകയാണ്. രജീഷിന്റെ മൊഴി പുറത്തുവരുന്നതോടെ സിപിഎം നടപടിക്ക് തയ്യാറാകേണ്ടിവരും. അണികളെ ഇളക്കിവിട്ട് അന്വേഷണം തടസ്സപ്പെടുത്തുന്നതില്‍ നിന്നും സിപിഎം പിന്തിരിയണം. ടിപി വധം അവസാനത്തെ രാഷ്ട്രീയ കൊലപാതമാകണം. പോലീസിന്റെ ഭാഗത്ത് നിന്നും രാഷ്ട്രീയ കക്ഷികളുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള നടപടിയാണുണ്ടാകേണ്ടത്. പിടിയിലായ രജീഷിന് ജയകൃഷ്ണന്‍ മാസ്റ്റര്‍ വധമടക്കം ഏഴോളം കൊലപാതക കേസുകളില്‍ പങ്കുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ വധകേസുള്‍പ്പെടെ പുനരന്വേഷിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് ചെന്നിത്തല പറഞ്ഞു.

മുളകുവെള്ളം തളച്ച് അന്വേഷണത്തെ തടസ്സപ്പെടുത്താമെന്നുമുള്ളത് വെറും വ്യാമോഹം മാത്രമാണ്. പോലീസിനകത്തെ ക്രിമിനലുകള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണം. സേനയുടെ യശസിനെയും താല്‍പര്യത്തെയും ഹനിക്കുന്നവര്‍ പോലീസില്‍ ഉണ്ടാകരുത്. പോലീസ് സേനയിലെ അച്ചടക്കം ഉറപ്പ് വരുത്തണം. കേന്ദ്രസര്‍വ്വകലാശാലയ്ക്ക് കീഴില്‍ പുതിയ മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് തീരുമാനമൊന്നുമുണ്ടായിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. 11ാം പഞ്ചവത്സര പദ്ധതിയില്‍ ഇതിന് നിര്‍ദ്ദേശങ്ങളുണ്ടായിട്ടില്ല. 12ാം പഞ്ചവത്സര പദ്ധതിയിലാണ് ഇത് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നാണ് അറിയാന്‍ കഴിഞ്ഞത്.

കേന്ദ്രസര്‍വ്വകലാശാലയുടെ ഒരു സ്ഥാപനങ്ങളും കാസര്‍കോട് ജില്ലയ്ക്ക് നഷ്ടപ്പെടില്ല. ഏതെങ്കിലും ഒരു ജനപ്രതിനിധി തന്റെ മണ്ഡലത്തിലേക്ക് സര്‍ക്കാര്‍ സ്ഥാപനം വേണമെന്ന് ആവശ്യപ്പെടുന്നത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. കാസര്‍കോട് ജില്ലയ്ക്ക് അനുവദിക്കുന്ന ഒരു സ്ഥാപനങ്ങളും മറ്റൊരു ജില്ലയ്ക്ക് കൊണ്ടുപോകാന്‍ അനുവദിക്കില്ല. കാസര്‍കോട്ട് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങുന്ന മെഡിക്കല്‍ കേളേജ് പൂര്‍ണ്ണമായും സര്‍ക്കാരിന്റെ കീഴില്‍ തന്നെയാണ്. മറിച്ചുള്ള പ്രചരണങ്ങള്‍ ശരിയല്ല. തന്റെ മണ്ഡലമായ ഹരിപ്പാട്ട് മാത്രം പ്രവാസി മെഡിക്കല്‍ കോളേജ് സ്ഥാപിക്കുകയാണ്. 26 ശതമാനം സര്‍ക്കാര്‍ ഓഹരിയും ബാക്കി പൊതുഓഹരിയായും സമാഹരിക്കും.

സദാചാര പോലീസിനെ ശക്തമായി തന്നെ നിയന്ത്രിക്കണം, പോലീസ് ഇതിനെ ഗൗരവപൂര്‍വ്വം കണ്ട് കര്‍ശന നടപടികള്‍ സ്വീകരിക്കണം. എല്‍.ഡി.എഫ് പുതിയ കക്ഷികളെ ചേര്‍ത്ത് വിപുലീകരിക്കണമെന്ന് നോതാക്കള്‍ ആവശ്യപ്പെടുന്നത് അവരുടെ ദൗര്‍ബല്യമാണ് കാണിക്കുന്നത്. എല്‍.ഡി.എഫിന് വേണ്ടത്ര ജനപിന്തുണ ഇല്ലാത്തതുകൊണ്ടാണ് അവര്‍ മറ്റു കക്ഷികളെ തേടിപോകുന്നത്. യു.ഡി.എഫില്‍ നിന്നും ആരും പോകുമെന്ന് തോന്നുന്നില്ല.

നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ് വന്‍ വിജയം നേടും. ഇതിന് ശേഷം സിപിഎമ്മിലും, എല്‍ഡിഎഫിലുമാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടാകാന്‍ പോകുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നത് തെറ്റാണെന്ന് പറയാന്‍ കഴിയില്ല. യു.ഡി.എഫിന് രണ്ട് സീറ്റ് ഉറപ്പാണ്. ഇതിലൊന്ന് മാണി വിഭാഗത്തിനും ഒന്ന് കോണ്‍ഗ്രസിനുമാണ്. കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ജൂണ്‍ 12ന് വൈകിട്ട് നാലു മണിക്ക് കെപിസിസി ആസ്ഥാനത്ത് ചേരുന്ന ഇലക്ഷന്‍ കമ്മിറ്റിയോഗം തീരുമാനിക്കും. ബോര്‍ഡ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാരുടെ നിയമനം ഏറെകുറെ പൂര്‍ത്തിയായിട്ടുണ്ട്. അംഗങ്ങളെ നിശ്ചയിക്കുന്ന കാര്യം മാത്രമാണ് ബാക്കിയുള്ളത്.
ചന്ദ്രശേഖരന്‍ വധം; സിപിഎമ്മിനകത്ത് നടപടിക്ക് സമയമായി: രമേശ് ചെന്നിത്തല


Keywords:  kasaragod, Kerala, Ramesh Chennithala, T.P Chandrasekhar Murder Case, CPM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia