മഅദനിക്ക് നീതിലഭിക്കേണ്ടത് പൗരന്റെ അവകാശം: കേന്ദ്രമന്ത്രി ഇ. അഹ്മദ്

 


മഅദനിക്ക് നീതിലഭിക്കേണ്ടത് പൗരന്റെ അവകാശം: കേന്ദ്രമന്ത്രി ഇ. അഹ്മദ്

കാസര്‍കോട്: ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി. നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് നീതിലഭിക്കേണ്ടത് പൗരന്റെ അവകാശമാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ഇ. അഹ്മദ് അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു മുസ്ലീമും എവിടെയായാലും നീതിലഭ്യമാവാതെ ജയിലില്‍ കിടക്കുന്നതിന് മുസ്ലിം ലീഗ് സമ്മതിക്കില്ല. ചികിത്സയും നീതിയും ലഭിക്കേണ്ടത് പൗരന്റെ മൗലീക അവകാശമാണെന്നും ഇ. അഹ്മദ് കൂട്ടിച്ചേര്‍ത്തു. ഇതുപറയുന്നത് ലീഗ് വോട്ടുപിടിക്കാന്‍ വേണ്ടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ സമുദായത്തിന് നീതി നേടിക്കൊടുക്കുന്നതിന് മുസ്ലിം ലീഗ് ഉയര്‍ത്തിപ്പിടിച്ച നയങ്ങളെ ഹൈജാക്ക്‌ചെയ്യാന്‍ ചില അഭിനവ ന്യൂനപക്ഷ പ്രേമികള്‍ ശ്രമിച്ചുവരികയാണെന്ന് ഇ. അഹ്മദ് കുറ്റപ്പെടുത്തി.
കേരളത്തിലായാലും ദേശീയ തലത്തിലായാലും ഭീകരവാദത്തെയും തീവ്രവാദത്തെയും ഏറ്റവും ശക്തമായി എതിര്‍ത്തുതോല്‍പിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. അതുകൊണ്ടുതന്നെ ന്യൂനപക്ഷ സമുദായത്തിന്റെ സംരക്ഷണം അവകാശപ്പെടുന്നവര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ലീഗിനെ നന്നാക്കാന്‍ നോക്കുന്നവരാണ് ആദ്യം നന്നാകേണ്ടത്. ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഒരിക്കലും  ന്യൂനപക്ഷങ്ങള്‍ക്ക് നീതിലഭ്യമായിട്ടില്ല. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ ഇക്കാര്യം തെളിഞ്ഞിരുന്നു. ബംഗാളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഇടതുഭരണത്തില്‍ യാതൊരു അവകാശങ്ങളും ലഭിച്ചില്ല. എന്നാല്‍ കേരളത്തില്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനവും ഇടപെടലും മൂലം അവകാശങ്ങള്‍ പലതും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

യുവതലമുറയെ വഴിതെറ്റിച്ച് അവരെ ഭീകരവാദത്തിലേക്കും തീവ്രവാദത്തിലേക്കും തള്ളിവിടുന്നവര്‍ക്കെതിരെ അഹ്മദ് ശക്തമായ മുന്നറിയിപ്പ് നല്‍കി. ലീഗ് എന്ന പ്രസ്ഥാനം ഇവിടെ ഉള്ളിടത്തോളംകാലം അവര്‍ക്ക് ജനങ്ങളുടെ പിന്തുണ ആര്‍ജിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സാമുദായിക കലാപവും അക്രമവും വര്‍ഗീയതയും വളര്‍ത്തുന്നവരല്ല മുസ്ലിം സമുദായാംഗങ്ങൾ. മുസ്ലിം ലീഗ് പ്രവര്‍ത്തകരെന്നും സമാധാന പ്രിയന്മാരാണ്. ഖായിദേ മില്ലത്തും ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സി.എച്ച്. മുഹമ്മദ് കോയയും അടക്കമുള്ള മുന്‍ഗാമികൾ കാട്ടിതന്ന വഴിയിലൂടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മുന്നേറേണ്ടതെന്ന് അഹ്മദ് പ്രവര്‍ത്തകരെ ഓര്‍മിപ്പിച്ചു.

ഇന്നലെ വന്ന മഴയത്ത് ഉണ്ടായ തവരകളാണ് ലീഗിനെ എതിര്‍ക്കുന്നത്. ഇവര്‍ക്ക് ഇതിന് എന്ത് അവകാശമാണ് ഉള്ളതെന്ന് അഹ്മദ് ചോദിച്ചു. ലീഗ് ഇല്ലായിരുന്നുവെങ്കില്‍ കേരളത്തിലെ മുസ്ലിം സമുദായത്തിന് ഒന്നും നേടാന്‍ കഴിയുമായിരുന്നില്ലെന്നതിന് ബംഗാള്‍തന്നെയാണ് ഉദാഹരണം. ഏറ്റവും നല്ല അച്ചടക്കത്തോടെ സമ്മേളനം സംഘടിപ്പിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരെ ഇ. അഹ്മദ് അഭിനന്ദിക്കുകയും ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന്‍ കൊല്ലമ്പാടി അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി പ്രമേയ പ്രഭാഷണം നടത്തി.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉപഹാര സമർപ്പണം നടത്തി. മുസ്ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ദസ്തഗീര്‍ ആഗ, മുന്‍ എം.പി. അഡ്വ. ഹമീദലി ശംനാട്, അഖിലേന്ത്യാ അസിസ്റ്റിന്റ് സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. അഹ്മദലി, മുന്‍ തമിഴ്‌നാട് എം.എല്‍.എ. എച്ച്. അബ്ദുല്‍ വാസിത്ത്, ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍, എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, പി.ബി അബ്ദുര്‍ റസാഖ്, സിദ്ദീഖലി രാങ്ങാടൂര്‍, ടി.ഇ. അബ്ദുല്ല, യഹ്‌യ തളങ്കര, മെട്രോ മുഹമ്മദ് ഹാജി, ബി.എ. ഇബ്രാഹിം ഹാജി, എം.പി. ഷാഫി ഹാജി എന്നിവര്‍ പ്രസംഗിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി എ.കെ.എം. അഷ്‌റഫ് സ്വാഗതം പറഞ്ഞു.

മഅദനിക്ക് നീതിലഭിക്കേണ്ടത് പൗരന്റെ അവകാശം: കേന്ദ്രമന്ത്രി ഇ. അഹ്മദ്

Keywords : Kasaragod, Youth League, E. Ahmed, Inauguration, Abdul Nasar Madani, Muslim League, Hijac, Terrorism, L.D.F, Sachar Committee Report, Kerala Vartha, Malayalam News, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia