ഐ എൻ എലിലെ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാവുന്നു; പിളർപ്പിന്റെ വക്കോളമെത്തി ഭിന്നത

 


കോഴിക്കോട്: (www.kvartha.com 24.07.2021) ഐ എൻ എലിലെ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാവുന്നു. പ്രസിഡന്റും സെക്രടറിയും തമ്മിലുള്ള ഭിന്നത പിളർപ്പിന്റെ വക്കോളമെത്തിയിരിക്കുകയാണ്. ഇതിന് ആക്കം കൂട്ടി രണ്ടുപേരുടെയും ശബ്ദ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ജൂലൈ 25 ന് പ്രവർത്തക സമിതിയോഗം വിളിക്കാൻ ജനറൽ സെക്രടറി ശ്രമിക്കുമ്പോൾ അങ്ങനെ സംഭവിച്ചാൽ സെക്രടറിയേറ്റ് യോഗം വിളിക്കാൻ പ്രസിഡന്റും ശ്രമിക്കുന്നു.

 
ഐ എൻ എലിലെ പ്രശ്‌നങ്ങൾ കൂടുതൽ രൂക്ഷമാവുന്നു; പിളർപ്പിന്റെ വക്കോളമെത്തി ഭിന്നത



സെക്രടറിയേറ്റ് യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റിന്റെ ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സെക്രടറി യോഗം വിളിക്കുന്നില്ലെങ്കിൽ താൻ വിളിക്കുമെന്നും ഭരണഘടനാപ്രകാരം തനിക്ക് അതിന് അധികാരമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതിനുപുറമേ പ്രധാനപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച ചെയ്യപ്പെടാനുമുണ്ട്. മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് നിയമനം ഇതുവരെ പാര്‍ടിക്കകത്ത് ചര്‍ച ചെയ്യപ്പെട്ടിട്ടില്ല. ഈ വിഷയവും ചര്‍ച ചെയ്യപ്പെടേണ്ടതാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

ഇതിനുള്ള മറുപടിയായി സെക്രടറിയുടെ ശബ്ദ സന്ദേശവും പുറത്തുവന്നു. സെക്രടറിയേറ്റ് യോഗം വിളിച്ചേ തീരൂ എന്ന് പ്രസിഡന്റ് ശാഠ്യം പിടിക്കുന്നതിന്റെ കാരണം മനസിലാവുന്നില്ലെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ആദ്യമാണ് പ്രസിഡന്റ് യോഗം വിളിക്കാന്‍ രേഖാമൂലം ആവശ്യപ്പെട്ടത്. മറുപടിയും നല്‍കിയിട്ടുണ്ട്. പ്രസിഡന്റ് നേരിട്ട് യോഗം വിളിക്കുമെന്നൊക്കെ പറയുന്നത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ആദ്യമായി മന്ത്രിയെ സ്വന്തമായി കിട്ടിയതോടെയാണ് ഐ എൻ എലിൽ ചേരിപ്പോര് രൂക്ഷമായത്. സംസ്ഥാന ജനറല്‍ സെക്രടറി ഒന്നും ചെവികൊള്ളുന്നില്ലെന്നാണ് സംസ്ഥാന പ്രസിഡന്റിന്റെ പരാതി. മന്ത്രിയും സെക്രട്ടറിയും കൂടി എല്ലാം തീരുമാനിക്കുകയാണെന്നാണ് പാർടിക്കുള്ളിൽ ഒരു വിഭാഗത്തിന്റെ ആരോപണം. മന്ത്രിയുടെ തെരഞ്ഞെടുപ്പ് ഫൻഡിലേക്ക് മുസ്ലിം ലീഗ് എംപിയില്‍നിന്നു മൂന്ന് ലക്ഷം രൂപ സംഭാവന വാങ്ങിയെന്ന ആരോപണവും പാർടിക്കുള്ളിലുണ്ട്.

മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് നിയമനത്തെ ചൊല്ലിയും പി എസ് സി നിയമനത്തിന് കോഴ വാങ്ങിയെന്ന ആരോപണവും പാർടിയെ പ്രതിസന്ധിയിൽ ആക്കുമ്പോൾ തന്നെയാണ് ചേരിപ്പോരും രൂക്ഷമാവുന്നത്. വിഭാഗീയത മുന്നണിയെ തന്നെ ബാധിക്കുമെന്ന ഘട്ടം വന്നപ്പോൾ സിപിഎമും പ്രശ്‌നത്തിൽ ഇടപെട്ടതെങ്കിലും പരിഹാരമാവുന്നില്ലെന്നാണ് പുതിയ സംഭവ വികാസങ്ങൾ വ്യക്തമാക്കുന്നത്.

Keywords:  Kozhikode, Kerala, News, INL, Political party, Politics, Top-Headlines, President, Meeting, State, Minister, Funds, Election, CPM, Internal conflict in INL.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia