അയര്‍ക്കുന്നത്ത് അമിത വേഗത്തില്‍ വന്ന കാറിന്റെ പിന്നില്‍ നായയെ കെട്ടിവലിച്ച സംഭവം; നായയെ കെട്ടിയിരുന്നത് അറിഞ്ഞിരുന്നില്ലെന്ന് അറസ്റ്റിലായ യുവാവ്
Jul 26, 2021, 10:16 IST
കോട്ടയം: (www.kvartha.com 26.07.2021) കഴിഞ്ഞ ദിവസം അയര്‍ക്കുന്നത്ത് നായയെ കാറിന് പിന്നില്‍ കെട്ടിവലിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന ളാക്കാട്ടൂര്‍ സ്വദേശി ജെഹു തോമസ് ആണ് അറസ്റ്റിലായത്. കാറിന് പിന്നില്‍ നായയെ കെട്ടിയിരുന്നത് അറിഞ്ഞിരുന്നില്ലെന്നാണ് യുവാവ് മൊഴി നല്‍കിയത്. നായയെ സൂക്ഷിച്ചിരുന്ന കൂട് തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് വീട്ടുകാരില്‍ ആരോ കാറിന് പിന്നില്‍ നായയെ കെട്ടിയിടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
വാക്‌സിനേഷന് വേണ്ടി പോകുന്ന ആവശ്യത്തിനായി രാവിലെ പണമെടുക്കാന്‍ താന്‍ എ ടി എമില്‍ പോവുകയായിരുന്നു. എന്നാല്‍, നായയെ വാഹനത്തിന് പിന്നില്‍ കെട്ടിയ വിവരം അറിഞ്ഞിരുന്നില്ല. എ ടി എമിന് മുന്നില്‍വെച്ച് നാട്ടുകാര്‍ പറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നും യുവാവ് വിശദീകരിക്കുന്നു.
ഞായറാഴ്ച രാവിലെ അയര്‍ക്കുന്നം ളാകാട്ടൂര്‍ റൂടിലായിരുന്നു സംഭവം. അമിത വേഗത്തില്‍ വന്ന കാറിന്റെ പിന്നില്‍ എന്തോ വലിച്ചുകൊണ്ടു പോകുന്നതു കണ്ട നാട്ടുകാര്‍ സംഭവം ശ്രദ്ധിക്കുകയും പൊതുപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നു പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കറുത്ത നിറത്തിലുള്ള നായയെ കെട്ടിയിട്ടു വലിച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യം ചേന്നാമറ്റം വായനശാലയുടെ മുന്നിലുള്ള സി സി ടി വിയില്‍ കണ്ടെത്തി.
പിന്നീട് അയര്‍ക്കുന്നം പാലയ്ക്കാമറ്റത്തില്‍ ഐസകിന്റെ വീട്ടിലെ സി സി ടി വിയില്‍ നിന്നും വാഹനത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് അയര്‍ക്കുന്നം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ വിശദ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.