Arikkomban | ആശങ്കകള്‍ക്ക് വിരാമം; മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ അരിക്കൊമ്പന്‍ പരിധിയിക്കുള്ളിലെത്തി; വനം വകുപ്പിന്റെ പ്രത്യേകസംഘം കൊമ്പനെ ട്രാക് ചെയ്തു; അതിര്‍ത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതായി സൂചന

 


തൊടുപുഴ: (www.kvartha.com) മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ട് അരിക്കൊമ്പനില്‍ നിന്ന് സിഗ്നല്‍ ലഭിച്ചു. വനം വകുപ്പിന് അരിക്കൊമ്പന്റെ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ കിട്ടി. രാവിലെ അരിക്കൊമ്പന്‍ പരിധിയിക്കുള്ളിലെത്തി. പത്തോളം സ്ഥലത്തു നിന്നുള്ള സിഗ്‌നലുകളാണ് കിട്ടിയത്. നിലവില്‍ കേരളാ - തമിഴ്‌നാട് അതിര്‍ത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതായാണ് സൂചന. 

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സിഗ്‌നല്‍ ലഭിച്ച ശേഷം അരിക്കൊമ്പന്‍ എവിടെയെന്ന് വ്യക്തമായിരുന്നില്ല. തുടര്‍ന്ന് വിഎച്എഫ് ആന്റിന ഉപയോഗിച്ച് അരിക്കൊമ്പനെ ട്രാക് ചെയ്യാന്‍ ഏറെ നേരമായി ശ്രമം തുടരുകയായിരുന്നു. തമിഴ്‌നാട് വനം വകുപ്പിന്റെ ആളുകളും തെരച്ചില്‍ നടത്തിയിരുന്നു. 

തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഉച്ചയ്ക്ക് അരിക്കൊമ്പന്‍ ഉണ്ടായിരുന്നത്. മേഘാവൃതമായ കാലാവസ്ഥയും ഇടതൂര്‍ന്ന വനവും ആണെങ്കില്‍ സിഗ്‌നല്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നും സാറ്റലൈറ്റുമായുള്ള ബന്ധം ലഭിക്കാതെ പോകുമെന്ന് ഇതുകൊണ്ടാകാമെന്നും വിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, അരികൊമ്പന്‍ ചിന്നക്കനാലില്‍ നിന്ന് പോയതോടെ കാട്ടാനകളുടെ പുതിയ തലവനായി എത്തിയിരിക്കുകയാണ് ചക്കക്കൊമ്പനെന്ന് പരിസരവാസികള്‍ പറഞ്ഞു. സിമന്റ് പാലത്തെ റോഡരികില്‍ കാട്ടാനക്കൂട്ടത്തോടൊപ്പം ചൊവ്വാഴ്ച വൈകുന്നേരവും ചക്കക്കൊമ്പനുണ്ടായിരുന്നു. കഴിഞ്ഞ നാലു ദിവസമായി ഈ കാട്ടാനക്കൂട്ടം ഇവിടെത്തന്നെയുണ്ട്. അരിക്കൊമ്പനെ മയക്കു വെടിവച്ച ദിവസവും ഇവനിവിടുണ്ടായിരുന്നു. ഇതേ കൂട്ടം കഴിഞ്ഞദിവസം ഒരു വീട് തകര്‍ക്കുകയും ചെയ്തത് വാര്‍ത്തയായിരുന്നു.

അതിനിടെ, അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കെടുത്തവരെ ഹൈകോടതി അഭിനന്ദിച്ചു. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ ദൗത്യസംഘാംഗങ്ങളെ അഭിനന്ദിച്ച് കത്ത് നല്‍കി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങള്‍ ദൗത്യം നിര്‍വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്നും ദൗത്യസംഘത്തിന് വ്യക്തിപരമായ നന്ദിയും അഭിനന്ദനവും അറിയിക്കുകയാണെന്നും കത്തില്‍ പറയുന്നു.

Arikkomban | ആശങ്കകള്‍ക്ക് വിരാമം; മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ അരിക്കൊമ്പന്‍ പരിധിയിക്കുള്ളിലെത്തി; വനം വകുപ്പിന്റെ പ്രത്യേകസംഘം കൊമ്പനെ ട്രാക് ചെയ്തു; അതിര്‍ത്തിയിലെ വന മേഖലയിലൂടെ സഞ്ചരിക്കുന്നതായി സൂചന


Keywords:  News, Kerala-News, Kerala, News-Malayalam, Arikomban, Top Headlines, Forest Department, Wild Elephant, Elephant, Idukki: Forest department special team tracked Arikomban.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia