സര്‍കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമാകുന്നു; സര്‍വകലാശാലകളിലെ രാഷ്ട്രീയ നിയമനത്തില്‍ പ്രതിഷേധിച്ച് ആരിഫ് മുഹമ്മദ് ഖാന്‍ ഡെല്‍ഹിയിലേക്ക്; ചാന്‍സെലര്‍ പദവി മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കണമെന്ന് ആവശ്യം
Dec 11, 2021, 11:48 IST
തിരുവനന്തപുരം: (www.kvartha.com 11.12.2021) സര്‍വകലാശാലകളിലെ രാഷ്ട്രീയ നിയമനത്തില്‍ പ്രതിഷേധിച്ച് സര്‍കാരും ഗവര്‍ണറും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. കണ്ണൂര്‍, കാലടി സര്‍വകലാശാല വിസി നിയമന വിവാദത്തിലാണ് സംസ്ഥാന സര്‍കാരും ഗവര്‍ണറും തമ്മിലുള്ള പോര് മുറുകുന്നത്. ഇതിന്റെ ഭാഗമായി വ്യാഴാഴ്ചത്തെ കാര്‍ഷിക സര്‍വകലാശാലയുടെ പരിപാടി ഗവര്‍ണര്‍ റദ്ദാക്കി.
സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്തശേഷം അന്നു തന്നെ ഡെല്‍ഹിയിലേക്കു പോകാനായിരുന്നു ഗവര്‍ണറുടെ തീരുമാനം. എന്നാല്‍, രാഷ്ട്രീയ നിയമനങ്ങളിലുള്ള പ്രതിഷേധ സൂചകമായി സര്‍കാരിനു കത്ത് നല്‍കാന്‍ ഏഴാം തീയതി തീരുമാനിച്ചു. സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്നും അന്നു രാത്രി തന്നെ നിശ്ചയിച്ചു. തുടര്‍ന്ന്, എട്ടാം തീയതി സര്‍കാരിനു കത്തു നല്‍കി.
തുടര്‍ന്ന് ഗവര്‍ണറെ അനുനയിപ്പിക്കാനായി ചീഫ് സെക്രടെറി വി പി ജോയിയും ധനമന്ത്രി കെ എന്‍ ബാലഗോപാലും വെള്ളിയാഴ്ച രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ടെങ്കിലും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ഗവര്‍ണര്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്കുശേഷം ഡെല്‍ഹിയിലേക്കു പോയ ഗവര്‍ണര്‍ ഇനി 17ന് മടങ്ങിയെത്തും.
സര്‍വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമാണെന്നും ഇഷ്ടക്കാരുടെ നിയമനങ്ങള്‍ തകൃതിയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവര്‍ത്തിച്ചു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സര്‍കാര്‍ നടപടിക്കെതിരെ മാധ്യമങ്ങളോടും ഗവര്‍ണര്‍ തുറന്നടിച്ചത്.
സര്‍വകലാശാല പ്രവര്‍ത്തനങ്ങളില്‍ തന്റെ കൈ കെട്ടിയിടാന്‍ ശ്രമം നടക്കുന്നു. ചാന്‍സെലര്‍ എന്നത് ഭരണഘടനാ പദവിയല്ല. രാഷ്ട്രീയ ഇടപെടല്‍ തുടര്‍ന്നാല്‍ പദവി ഒഴിയാന്‍ താന്‍ തയാറാണെന്നും പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകള്‍ അസഹനീയമാണെന്ന് നിരന്തരം അറിയിച്ചിട്ടും നടപടി എടുക്കാത്തതില്‍ കടുത്ത അമര്‍ഷമുണ്ടെന്നും ഗവര്‍ണര്‍ ഡെല്‍ഹിയില്‍ പറഞ്ഞു.
തന്റെ കൈ കെട്ടിയിടാനുള്ള ശ്രമമാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. സര്‍വകലാശാല പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍കാരുമായി പരമാവധി സഹകരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സര്‍കാര്‍ യാതൊരു വിധത്തിലും സഹകരിക്കുന്നില്ല. സര്‍വകലാശാലകളുടെ സുതാര്യമായ പ്രവര്‍ത്തനം ഉറപ്പുവരുത്താനാണ് ചാന്‍സെലര്‍ പദവി ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയത്. എന്നാല്‍ ഇവിടെ തനിക്ക് പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ചാന്‍സെലര്‍ പദവി ഏറ്റെടുക്കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതെന്നും ഗവര്‍ണര്‍ വിശദീകരിച്ചു.
ഉന്നത വിദ്യാഭ്യാസത്തിന് കേരളം വിടേണ്ട സ്ഥിതിയാണുള്ളത്. അനധികൃത നിയമങ്ങള്‍ നിരവധി തവണ സര്‍കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. എല്ലായിടത്തും വേണ്ടപ്പെട്ടവരെ കുത്തിനിറയ്ക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ യാതൊരു നടപടികളും ഉണ്ടാകുന്നില്ലെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചു.
കാലടി സര്‍വകലാശാല നിയമത്തിന് ഒറ്റപ്പേര് മാത്രം ശുപാര്‍ശ ചെയ്തത് പൂര്‍ണ ലംഘനമാണ്. ഒന്നില്‍ കൂടുതല്‍ പേരുകളുണ്ടെങ്കില്‍ അതില്‍നിന്ന് ഒരാളെ തിരഞ്ഞെടുക്കാന്‍ തനിക്ക് സാധിക്കുമായിരുന്നു. ഒരാളുടെ പേര് മാത്രം നല്‍കിയത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിനും നടപടിക്രമം പാലിച്ചില്ലെന്നാണ് ഗവര്‍ണര്‍ സര്‍കാരിനു നല്‍കിയ കത്തില്‍ പറയുന്നത്. സര്‍കാര്‍ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. എന്നാല്‍ മറ്റു സര്‍വകലാശാലകളിലും ചട്ടങ്ങള്‍ ലംഘിച്ചു നിയമനം നടത്തുന്ന രീതി വന്നതോടെയാണ് ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ച് സര്‍കാരിനു കത്തു നല്‍കിയത്. താന്‍ നടത്തിയ നിയമനത്തെ എതിര്‍ത്ത് ഗവര്‍ണര്‍ തന്നെ കത്തു നല്‍കിയതോടെ നിയമനം സംബന്ധിച്ച ഹൈകോടതിയിലെ കേസ് ശ്രദ്ധേയമാകും.
ഗോപിനാഥ് രവീന്ദ്രന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പുനര്‍നിയമനം നല്‍കിയതിനെതിരെ സര്‍വകലാശാല സെനറ്റ് അംഗം ഡോ: പ്രേമചന്ദ്രന്‍ കീഴോത്തും അകാഡെമിക് കൗണ്‍സില്‍ അംഗം ഡോ: ഷിനോ പി ജോസും മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേനയാണ് ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
സര്‍വകലാശാല നിയമപ്രകാരം വൈസ് ചാന്‍സെലര്‍ക്കു നിയമന സമയത്ത് 60 വയസ് പൂര്‍ത്തിയാകാന്‍ പാടില്ലെന്ന വ്യവസ്ഥ ലംഘിച്ചു സര്‍കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ 61 വയസുകാരനായ ഡോ.ഗോപിനാഥ് രവീന്ദ്രനു പുനര്‍നിയമനം നല്‍കിയതെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
യുജിസി റെഗുലേഷന്‍ പ്രകാരം രൂപീകരിച്ച വിസി നിര്‍ണയ സമിതി പിരിച്ചുവിട്ടത് അധികാര ദുര്‍വിനിയോഗമാണെന്നും, ഇക്കാരണങ്ങളാല്‍ ഗോപിനാഥ് രവീന്ദ്രനു വിസിയായി തുടരാന്‍ യോഗ്യതയില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഗോപിനാഥ് രവീന്ദ്രന്‍ വൈസ് ചാന്‍സെലര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ഗവര്‍ണര്‍ തന്നെ നിയമനത്തിനെതിരെ കത്തു നല്‍കിയതിനാല്‍ നടപടി വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്.
Keywords: 'I will step down, have your way': Governor tells CM, angered by political interference in University, Thiruvananthapuram, News, Governor, Controversy, Politics, Chief Minister, Pinarayi Vijayan, Letter, Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.