First Letter | ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍, കണ്ണൂരിലെ ക്ഷേത്രങ്ങളില്‍ ഭക്തിനിര്‍ഭരമായി വിദ്യാരംഭം

 


കണ്ണൂര്‍: (KVARTHA) വിജയദശമി ദിനത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയത് നൂറുകണക്കിന് കുരുന്നുകള്‍. ചടങ്ങിനായി എല്ലാ ക്ഷേത്രങ്ങളിലും വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. പാരമ്പര്യവും ആചാരങ്ങളും വിശ്വാസവും ഊട്ടിയുറപ്പിച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് ക്ഷേങ്ങളില്‍ ചടങ്ങ് നടന്നത്. പുലര്‍ചെ മുതല്‍ ക്ഷേത്രങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
         
First Letter | ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍, കണ്ണൂരിലെ ക്ഷേത്രങ്ങളില്‍ ഭക്തിനിര്‍ഭരമായി വിദ്യാരംഭം

രാവിലെ ഗ്രന്ഥപൂജയ്ക്കും ഗ്രന്ഥമെടുപ്പിനും ശേഷം മേഖലയിലെ വിവിധ ക്ഷേത്രങ്ങളിലായി നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. മഹാനവമി നാളില്‍ വൈകുന്നേരവും വിജയദശമി ദിവസം രാവിലെയും ക്ഷേത്രങ്ങളില്‍ നിരവധി പേര്‍ വാഹന പൂജയ്ക്കായി എത്തിയിരുന്നു. കണ്ണൂര്‍ നഗരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പള്ളിക്കുന്ന് മൂകാംബികാ ക്ഷേത്രം, തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം, ചിറക്കല്‍ ചാമുണ്ഡിക്കോട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ നൂറുകണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിച്ചത്. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തില്‍ വികെ സുരേഷ് ശാന്തി, ചാമുണ്ഡിക്കോട്ടത്ത് ചിറക്കല്‍ കോവിലകം സുരേഷ് വര്‍മ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.

പയഞ്ചേരി മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തില്‍ പുലര്‍ചെ മുതല്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടെ അന്‍പതിലേറെ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പ്രഗതി വിദ്യാനികേതന്‍ പ്രിന്‍സിപല്‍ വത്സന്‍ തില്ലങ്കേരി, റിട. അധ്യാപിക എഎം സരസ്വതി എന്നിവര്‍ കുരുന്നുകളുടെ നാവിലും അരിയിലും ആദ്യക്ഷരം കുറിച്ചുകൊടുത്തു.

മേല്‍ശാന്തി രാഗേഷ് നമ്പൂതിരി ക്ഷേത്ര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. കീഴൂര്‍ മഹാദേവ ക്ഷേത്രം, കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രം, വൈരീഘാതകന്‍ ഭഗവതി ക്ഷേത്രം, തന്തോട് ചോംകുന്ന് ശിവക്ഷേത്രം എന്നിവിടങ്ങളിലും ഗ്രന്ഥമെടുപ്പ്, വാഹന പൂജ, വിദ്യാരംഭം എന്നീ ചടങ്ങുകള്‍ നടന്നു. കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മേല്‍ശാന്തി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി ക്ഷേത്ര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു.

റിട. പ്രധാമാധ്യാപിക കമലകുമാരി കുരുന്നുകള്‍ക്ക് ആദ്യക്ഷരം പകര്‍ന്നു നല്‍കി. കീഴൂര്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ മേല്‍ശാന്തി സുരേന്ദ്രന്‍ നമ്പൂതിരി ക്ഷേത്ര ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചപ്പോള്‍ റിട. അധ്യാപകന്‍ കെപി കുഞ്ഞിനാരായണന്‍ കുരുന്നുകള്‍ക്ക് അക്ഷരമധുരം പകര്‍ന്നു നല്‍കി. ചോംകുന്ന് ശിവക്ഷേത്രത്തില്‍ മേല്‍ശാന്തി ഹരിശങ്കര്‍ നമ്പൂതിരി കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി.

മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ പുലര്‍ചെ മുതലേ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. 380 ലേറെ കുരുന്നുകളാണ് ഇവിടെ വിദ്യാരംഭ ചടങ്ങില്‍ ആദ്യക്ഷരം കുറിച്ചത്. പയ്യന്നൂര്‍ കേശവന്‍ ഭട്ടതിരി, കോറോം കൃഷ്ണന്‍ നമ്പൂതിരി, കൈതപ്രം നാരായണന്‍ നമ്പൂതിരി എന്നിവര്‍ കുരുന്നുകള്‍ക്ക് അക്ഷരപുണ്യം പകര്‍ന്നു നല്‍കി. കൊട്ടിയൂര്‍ മഹാദേവക്ഷേത്രം, മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും നിരവധി കുട്ടികളെ എഴുത്തിനിരുത്തി. പാനൂര്‍ മേഖലയിലെ വിവിധ ക്ഷേത്രങ്ങളില്‍ വിജയദശമി ദിനത്തില്‍ ക്ഷേത്രം മേല്‍ശാന്തിമാരും ആചാര്യന്‍മാരും കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി.

പാനൂര്‍ കുന്നുമ്മല്‍ ശ്രീ മഹാവിഷ്ണു വേട്ടക്കൊരുമകന്‍ ക്ഷേത്രം, പാനൂര്‍ ഗുരുസന്നിധി, വള്ളങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രം, പാലക്കൂല്‍ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രം, എലാങ്കോട് ശ്രീകൃഷ്ണ ക്ഷേത്രം. പുല്ലമ്പ്ര ദേവീക്ഷേത്രം, കൂറ്റേരി വൈരീഘാതകക്ഷേത്രം, പൂക്കോം ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രം, അണിയാരം ശിവക്ഷേത്രം എന്നിവിടങ്ങളിലും രാവിലെ തന്നെ വിദ്യാരംഭം ചടങ്ങ് നടന്നു.

പൊയിലൂര്‍ ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ മുതിര്‍ന്ന സംഘ കാര്യകര്‍ത്താവ് എന്‍കെ നാണു മാസ്റ്റര്‍ നിരവധി കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി. കാലത്ത് മുതല്‍ തന്നെ ക്ഷേത്ര ദര്‍ശനത്തിനും ഗ്രന്ഥം എടുപ്പിനുമായി വിദ്യാര്‍ഥികളുടെ നീണ്ട നിര ക്ഷേത്രങ്ങളില്‍ കാണാമായിരുന്നു.

ഇരിക്കൂര്‍ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ചന്ദ്രന്‍ മൂസത്, പൂജാരിമാരായ ഉണ്ണി മൂസത്ത്, രമേശന്‍ മൂസത്ത് എന്നിവര്‍ നേതൃത്വം നല്‍കി. നൂറുകണകകിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. വിജയദശമി ദിനമായ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ ദര്‍ശനം നടത്തി.

Keywords: Hundreds of children write first letter, Kannur, News, Children, Temple, Parenhts, Pilgrims, Students, Religion, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia