അനുവാദമില്ലാതെ കുടുംബപ്രശ്‌നങ്ങള്‍ സ്വകാര്യ ചാനലിലൂടെ പരസ്യമാക്കി; ഭര്‍ത്താവിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

 


തിരുവനന്തപുരം: (www.kvartha.com 18.11.2016) അനുവാദമില്ലാതെ കുടുംബപ്രശ്‌നങ്ങള്‍ സ്വകാര്യ ചാനലിലൂടെ പരസ്യമാക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു . ഭാര്യയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

കൈരളി ടി വി സംപ്രേഷണം ചെയ്യുന്ന ചലച്ചിത്ര താരം ഉര്‍വശി അവതാരകയായ 'ജീവിതം സാക്ഷി' എന്ന പരിപാടിയിലൂടെ തനിക്കും കുടുംബത്തിനും നാണക്കേടുണ്ടായെന്ന പരാതിയില്‍ ജില്ലാ ജഡ്ജി കൂടിയായ സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ) മെംബര്‍ സെക്രട്ടറിയില്‍ നിന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.

പരാതിക്കാരിയായ ഭാര്യയുടെ അനുവാദത്തോടെയാണോ സ്വകാര്യ ചാനല്‍ അദാലത്ത് നടത്തിയതെന്നു കെല്‍സ വ്യക്തമാക്കണമെന്ന് കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹനദാസ് ആവശ്യപ്പെട്ടു. കെല്‍സയുടെയോ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയോ അംഗീകാരമില്ലാതെയാണ് അദാലത്ത് നടത്തിയതെങ്കില്‍ പ്രസ്തുത പരിപാടി മേലില്‍ സംപ്രേഷണം
ചെയ്യരുതെന്നും ചാനല്‍ മാനേജിങ് ഡയറക്ടര്‍ക്കു കമ്മിഷന്‍ നിര്‍ദേശം നല്‍കി. കൈരളി ചാനല്‍ എംഡി 23നകം വിശദീകരണം ഫയല്‍ ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

കേസ് 23നു പരിഗണിക്കും. ഡെല്‍ഹി സിആര്‍പിഎഫിലെ ജവാന്റെ ഭാര്യയാണു പരാതിക്കാരി. കുടുംബത്തില്‍ നിന്നകന്നു താമസിക്കുന്ന ഭര്‍ത്താവ് ഭാര്യയ്ക്കും മക്കള്‍ക്കും ചെലവിനു നല്‍കുന്നില്ല. ഇതിനിടെ തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായി പരസ്യമായി സംസാരിക്കുകയും സ്വകാര്യ ചാനലിലെത്തി ക്യാമറയ്ക്കു മുന്നില്‍ കുടുംബകഥകള്‍ വര്‍ണിക്കുകയും ചെയ്തു.

എന്നാല്‍ തന്റെ അറിവോ സമ്മതമോ കൂടാതെയാണ് തനിക്കും മാതാപിതാക്കള്‍ക്കും അപകീര്‍ത്തികരമായ പരിപാടി ചാനല്‍ സംപ്രേഷണം ചെയ്തത്. മാത്രമല്ല തന്റെ അനുവാദമില്ലാതെ തന്റെ ചിത്രങ്ങള്‍ ചാനല്‍ പുറത്തുവിട്ടുവെന്നും പരാതിയില്‍ പറയുന്നു.

അനുവാദമില്ലാതെ കുടുംബപ്രശ്‌നങ്ങള്‍ സ്വകാര്യ ചാനലിലൂടെ പരസ്യമാക്കി; ഭര്‍ത്താവിനെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു


Also Read:
നോട്ട് നിരോധനം: ജില്ലയിലെ നാലിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ പാത ഉപരോധിച്ചു; മാവുങ്കാലില്‍ ബി ജെ പി പ്രവര്‍ത്തകര്‍ സമരക്കാരെ തടഞ്ഞു

Keywords:  Thiruvananthapuram, Case, Husband, Complaint, Wife, Parents, Family, Photo, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia