Ruling Intervention | പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി; ദമ്പതികള്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ നിര്‍ദ്ദേശം
കൊച്ചി: (KVARTHA) പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ (Pantheerankavu Domestic Violence Case) ദമ്പതികളെ കൗണ്‍സിലിങിന് വിടണമെന്ന് ഹൈക്കോടതിയുടെ (High Court) നിര്‍ദ്ദേശം.
ഈ കേസില്‍ പീഡനത്തിന് ഇരയായ യുവതി തനിക്ക് പരാതിയില്ലെന്ന നിലപാട് സ്വീകരിച്ചെങ്കിലും ഗുരുതര ആരോപണങ്ങളാണ് കേസിലുള്ളതെന്ന് സര്‍ക്കാര്‍ വാദിച്ചു. കുടുംബ ബന്ധങ്ങളിലെ എല്ലാ പ്രശ്‌നങ്ങളിലും കോടതിക്ക് ഇടപെടാനാവില്ലെന്നും കൗണ്‍സിലിങ് മുഖേന പ്രശ്‌നം പരിഹരിക്കാമെന്നുമാണ് ഹൈക്കോടതിയുടെ അഭിപ്രായം.
കൗണ്‍സിലിങ് റിപ്പോര്‍ട്ട് തൃപ്തികരമായാല്‍ ഇരുവരെയും ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കുമെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരിയുടെ ശരീരത്തില്‍ മാരകമായ മുറിവുകള്‍ ഉണ്ടായിരുന്നതായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇരുവരും ഒരുമിച്ച് ജീവിക്കുന്നതില്‍ സര്‍ക്കാര്‍ എതിരല്ലെന്നും കൗണ്‍സിലിങ് റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം തീരുമാനമെടുക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.
ഈ കേസില്‍ ഭര്‍ത്താവ് ഭാര്യയെ പീഡിപ്പിച്ചുവെന്ന ഗുരുതര ആരോപണമാണ് ഉയര്‍ന്നത്. പരാതി ഉയര്‍ന്നതോടെ ഭര്‍ത്താവ് രാഹുല്‍ ഒളിവില്‍ പോയിരുന്നു.
കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി (കെല്‍സ)യാണ് ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കുക. കൗണ്‍സിലിങ് റിപ്പോര്‍ട്ട് സീല്‍ഡ് കവറില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഈ കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. കൗണ്‍സിലിങ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കോടതി അന്തിമ തീരുമാനം എടുക്കും.
കേസ് സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. കല്യാണം കഴിഞ്ഞെത്തുന്ന വധു ഭര്‍തൃഗൃഹത്തില്‍ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ വീണ്ടും ഏറെക്കാലം ചര്‍ച്ചാവിഷയമായിരുന്നു. ഗാര്‍ഹിക പീഡനം എന്ന സമൂഹ പ്രശ്‌നത്തെ എങ്ങനെ നേരിടണം എന്ന ചോദ്യം ഉയര്‍ന്നു വന്നിരുന്നു.#DomesticViolence #Kerala #HighCourt #Justice #WomenSafety