Epidemics | പകര്‍ച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനും പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപവത്കരിക്കുമെന്ന് ആരോഗ്യമന്ത്രി

 
Health Minister says a special action plan will be formulated to prevent epidemics and ensure better treatment, Thiruvananthapuram, News, Health Minister, Warning, Epidemics, Health, Meeting, Fever, Kerala News


മലിനജലവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം

കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണം
 

തിരുവനന്തപുരം: (KVARTHA) പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തിന് വേണ്ടി ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.


ജലദോഷം, വൈറല്‍ പനികള്‍, ഡെങ്കിപ്പനി, എലിപ്പനി, ഇന്‍ഫ്ളുവന്‍സ- എച്ച്.1 എന്‍.1, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് കൂടുതലായും കാണുന്നത്. കുട്ടികളിലെ പനി ശ്രദ്ധിക്കണം. അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്ക്കരുത്. കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണം. 


സ്വയം ചികിത്സ പാടില്ല. നീണ്ട് നില്‍ക്കുന്ന പനിയോ അപായ സൂചനകളായ പനിയോട് കൂടിയുള്ള ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തില്‍ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം എന്നിവ ഉണ്ടെങ്കില്‍ വിദഗ്ധ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. പക്ഷിപ്പനിയ്ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. ചത്ത മൃഗങ്ങളേയും പക്ഷികളേയും സുരക്ഷാ മുന്‍കരുതലുകളില്ലാതെ കൈ കൊണ്ടെടുക്കരുത്. ആരോഗ്യ വകുപ്പ് മൃഗസംരക്ഷണ വകുപ്പുമായി യോഗം ചേര്‍ന്നിരുന്നു. 


രണ്ടര ലക്ഷത്തോളം വണ്‍ ഹെല്‍ത്ത് കമ്മ്യൂണിറ്റി വോളന്റിയന്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി വരുന്നു. വളര്‍ത്തു മൃഗങ്ങളേയും പക്ഷികളേയും വളര്‍ത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ചത്ത പക്ഷികളേയോ മൃഗങ്ങളേയോ കൈകാര്യം ചെയ്തവര്‍ക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്.

മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളിലൂടെ ഇന്‍ഫ്ളുവന്‍സ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. എച്ച്.1 എന്‍.1 കേസുകള്‍ കൂടുന്നതിനാല്‍ ഇത് പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ആശുപത്രി സന്ദര്‍ശകര്‍ നിര്‍ബന്ധമായും മാസ്‌ക് വയ്ക്കണം. രോഗികളല്ലാത്തവര്‍ പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷമുള്ളവര്‍ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. ഗര്‍ഭിണികള്‍, അനുബന്ധ രോഗമുള്ളവര്‍, പ്രായമായവര്‍ എന്നിവര്‍ മാസ്‌ക് ഉപയോഗിക്കണം.

എലിപ്പനിയ്ക്കെതിരെ ജാഗ്രത പുലര്‍ത്തണം. മലിനജലവുമായുള്ള സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ മലിനജലവുമായി സമ്പര്‍ക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ ചെയ്യണം. മണ്ണ്, ജലം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്നവര്‍ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകളെടുക്കണം. മലിന ജലത്തിലിറങ്ങിയവര്‍ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം നിര്‍ബന്ധമായും കഴിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കേരളത്തില്‍ ഈ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

ആരോഗ്യ സംവിധാനം സജ്ജമായിരിക്കണം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലകളുടെ മാപ്പിംഗ് നടത്തി ഇടപെടല്‍ നടത്തണം. ജീവനക്കാരുടെ എണ്ണവും ലാബ് സൗകര്യവും ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികള്‍ കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണം. ഡെങ്കി കേസുകള്‍ എത്രയും നേരത്തെ കണ്ടെത്തി ചികിത്സിക്കണം. ആശുപത്രികള്‍ പ്രോട്ടോകോളുകള്‍ കൃത്യമായി പാലിക്കണം. ആശുപത്രികളില്‍ മരുന്നിന്റെ ലഭ്യത ഉറപ്പാക്കണം. ക്യാമ്പുകളും പ്രത്യേകം ശ്രദ്ധിക്കണം.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, കെ എം എസ് സി എല്‍ ജനറല്‍ മാനേജര്‍, ആര്‍ ആര്‍ ടി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia