ബിജെപിയിലെ ചക്കാളത്തിപ്പോര്: അണികള്‍ക്കള്‍ക്കിടയില്‍ അമര്‍ഷം; കേന്ദ്ര നേതൃത്വത്തിനും പരാതി

 


കണ്ണൂര്‍: (www.kvartha.com 22.01.2020)  ബിജെപി ജില്ലാ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിലെ അനിശ്ചിതാവസ്ഥ കണ്ണൂര്‍ ജില്ലയിലെ അണികള്‍ക്കിടയില്‍ അമര്‍ഷം പരത്തുന്നു. ജാതി സമവാക്യമുയര്‍ത്തി നടത്തുന്ന വടംവലിയാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയില്‍ നിന്നുയര്‍ന്ന് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സഹമന്ത്രി വി മുരളിധരനും ദേശീയ ജനറല്‍ സെക്രട്ടറിയായ പി കെ കൃഷ്ണദാസും നേത്യത്വം നല്‍കുന്ന വിഭാഗങ്ങള്‍ തമ്മിലുള്ള ശീതസമരമാണ് കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള നാലു ജില്ലകളില്‍ ജില്ലാ അധ്യക്ഷന്‍മാരെ ബിജെപിക്ക് പ്രഖ്യാപിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കിയത്.

സമവായ ചര്‍ച്ചകള്‍ പലവട്ടം നടന്ന സംസ്ഥാന അധ്യക്ഷ പദവി സംബന്ധിച്ചും ഇനിയും തീരുമാനമായിട്ടില്ല. രാഷ്ട്രീയ എതിരാളികള്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പരിഹസിക്കമ്പോള്‍ തല കുനിക്കേണ്ട അവസ്ഥയിലാണ് ബിജെപി പ്രവര്‍ത്തകര്‍. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും കേന്ദ്ര സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടക്കുമ്പോള്‍ അതിനെ രാഷ്ട്രീയ പരമായി എതിര്‍ക്കാനും പ്രചരണങ്ങള്‍ സംഘടിപ്പിക്കാനും പാര്‍ട്ടി തലത്തില്‍ ആളില്ലാത്തത് ബിജെപി പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

നൂറുകണക്കിന് ബലിദാനികള്‍ ജിവന്‍ കൊടുത്ത് നിലനിര്‍ത്തിയ പാര്‍ട്ടിയെ ചില നേതാക്കള്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനായി കരിവാരി തേയ്ക്കുകയാണെന്ന വിമര്‍ശനം താഴെ തട്ടില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. ബിജെപി നേതാക്കളുടെ പരിധികള്‍ ഭേദിക്കുന്ന ഗ്രൂപ്പുകളിക്കെതിരെ കേന്ദ്ര നേതൃത്വത്തിന് ഫാക്‌സ് വഴി പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക പ്രവര്‍ത്തകര്‍. ഇതിനായി ഇത്തരം പരാതികളില്‍ ബലിദാന കുടുംബാംഗങ്ങളെ കൊണ്ട് ഒപ്പുവയ്പ്പിക്കും.

കണ്ണൂരിന് സമാനമായ അവസ്ഥ തന്നെയാണ് ബിജെപി കാസര്‍കോട്ടും നേരിടുന്നത്. ഗ്രൂപ്പ് തര്‍ക്കം കാരണം അവിടെയും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിട്ടില്ല. നിലവിലുള്ള പ്രസിഡന്റ് അഡ്വ. എ ശ്രീകാന്ത് തുടരണമെന്ന ആവശ്യവുമായി ഒരു വിഭാഗം ശക്തമായി നില്‍ക്കുമ്പോള്‍ പകരം മറ്റൊരാള്‍ വരണമെന്നാണ് മറുപക്ഷത്തിന്റെ ആവശ്യം. കണ്ണൂരിലാകട്ടെ നിലവിലുള്ള ജില്ലാ അധ്യക്ഷന്‍ പി സത്യപ്രകാശ് തുടരണമെന്ന് വളരെ ചെറിയ വിഭാഗം മാത്രമേ ആവശ്യപ്പെടുന്നുള്ളു. സംഘടനാ ശക്തി വര്‍ധിപ്പിക്കാന്‍ ഇപ്പോള്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന കെ രഞ്ജിത്തിനെ കൊണ്ടു വരണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

എന്നാല്‍ ഇപ്പോള്‍ ജനറല്‍ സെക്രട്ടറിമാരായി പ്രവര്‍ത്തിക്കുന്ന എന്‍ ഹരിദാസ്, അഡ്വ. സി കെ രത്‌നാകരന്‍, കെ കെ വിനോദ് കുമാര്‍ എന്നിവരില്‍ ആരെയെങ്കിലും ഒരാളെ പ്രസിഡന്റാക്കുന്നതാണ് സംഘടനാപരമായി നല്ലതെന്ന വാദവും ശക്തമാണ്. ഇതിനിടെയിലാണ് സി സദാനന്ദന്‍ മാസ്റ്ററെ സമവായ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസ് മുന്‍പോട്ട് വന്നിരിക്കുന്നത്. വരുന്ന മാര്‍ച്ചില്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന സദാനന്ദന്‍ മാസ്റ്റര്‍ സിപിഎം അക്രമത്തില്‍ കാല്‍നഷ്ടപ്പെട്ട നേതാക്കളിലൊരാളാണ്. എന്നാല്‍ ആര്‍എസ്എസ് നിദ്ദേശം നടപ്പിലാക്കുന്നതിനെതിരെ ബിജെപിയിലെ എല്ലാ ഗ്രൂപ്പുകളം ഒറ്റക്കെട്ടാണ്. ബിജെപി സംഘടനാ രംഗത്ത് മുകളില്‍ നിന്നും കെട്ടിയിറക്കുന്ന അധ്യക്ഷന്‍മാര്‍ ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തത്. ഇതോടെ സംസ്ഥാന അധ്യക്ഷനാല്ലാത്ത ഭാരതിയ ജനതാ പാര്‍ട്ടിക്ക് നാലു ജില്ലകളിലും നാഥനില്ലാത്ത അവസ്ഥയായിരിക്കുകയാണ്.

ബിജെപിയിലെ ചക്കാളത്തിപ്പോര്: അണികള്‍ക്കള്‍ക്കിടയില്‍ അമര്‍ഷം; കേന്ദ്ര നേതൃത്വത്തിനും പരാതി


Keywords:  Kerala, Kannur, News, BJP, Complaint, Politics, kasaragod, Groupism inside BJP; Activists in dilemma 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia