Group war | 'കണ്ണൂരിലെ യൂത് കോണ്‍ഗ്രസില്‍ ഗ്രൂപ് പോര് മൂര്‍ഛിക്കുന്നു', എ വിഭാഗം ജില്ലാ അധ്യക്ഷനെ ബഹിഷ്‌കരിച്ച് 60 ല്‍ ഏറെ ഭാരവാഹികള്‍ ദേശീയ നേതൃത്വത്തിന് രാജിക്കത്തയച്ചു


കണ്ണൂര്‍: (KVARTHA) ജില്ലയില്‍ എ വിഭാഗം ജില്ലാ അധ്യക്ഷനെതിരെ യൂത് കോണ്‍ഗ്രസില്‍ സുധാകര വിഭാഗം ബഹിഷ്‌കരണം ശക്തമാക്കുന്നു. എ വിഭാഗം യൂത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനെതിരെയാണ് ഭാരവാഹികള്‍ രംഗത്തെത്തിയിരിക്കുന്നത്. കെ സുധാകര വിഭാഗത്തിലെ നേതാക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ജില്ലാ പ്രസിഡന്റ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്നും ഇതിന് സംസ്ഥാന പ്രസിഡന്റ് കൂട്ടുനില്‍ക്കുന്നുവെന്നും ഭാരവാഹികള്‍ ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് കെ സുധാകര വിഭാഗത്തിലെ 62 നേതാക്കള്‍ രാജി സമര്‍പ്പിച്ചു. ഒരു സംസ്ഥാന ഭാരവാഹി, 11 ജില്ലാ ഭാരവാഹികള്‍, എട്ട് ബ്ലോക് പ്രസിഡന്റുമാര്‍, 42 മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവര്‍ ഉള്‍പെടെയാണ് യൂത് കോണ്‍ഗ്രസ് ദേശീയ സെക്രടറി ആര്‍ ശ്രീനിവാസന് രാജി സമര്‍പ്പിച്ചത്. കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭാ കൗണ്‍സില്‍ അംഗം കൂടിയായ വിജില്‍ മോഹന്‍ എ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന യുവ നേതാക്കളിലൊരാളാണ്.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ സ്ഥാനാര്‍ഥിയായ ഫര്‍സീന്‍ മജീദിനെ തോല്‍പിച്ചാണ് വിജില്‍ മോഹന്‍ യൂത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനായത്. അന്നേ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന ആരോപണവുമായി ഫര്‍സീന്‍ മജീദ് രംഗത്തുവരികയും യൂത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ തട്ടകത്ത് എ വിഭാഗവും സുധാകര വിഭാഗവും തമ്മില്‍ പോര് തുടങ്ങിയത് സംഘടനാ പ്രവര്‍ത്തനങ്ങളെ ശിഥിലമാക്കിയിട്ടുണ്ട്.