സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ക്ഷാമം പരിഹരിക്കാന്‍ നടപടികളായി: ശിവകുമാര്‍

 


സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ക്ഷാമം പരിഹരിക്കാന്‍ നടപടികളായി: ശിവകുമാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാരാശുപത്രികളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. 200 ഡോക്ടര്‍മാരെ എന്‍.ആര്‍.എച്ച്.എം മുഖേന ഒരാഴ്ചയ്ക്കകം നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ ട്രിപ്പിള്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള മൂന്നുവര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള പി.എസ്.സി. ലിസ്റ്റില്‍ 600 ഡോകടര്‍മാരുടെ പേരുണ്ട്. ഇതില്‍ നിന്നും ലഭ്യമാകുന്ന മുഴുവന്‍ പേര്‍ക്കും നിയമനം നല്‍കും. അതിനുപുറമേ, പി.എസ്.സി. എമര്‍ജന്‍സി റിക്രൂട്ട്‌മെന്റ് വഴിയും ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കും. പുതുവര്‍ഷാരംഭത്തോടെ സംസ്ഥാനത്തെ സര്‍ക്കാരാശുപത്രികളിലെ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ ഉദ്ദേശിച്ച സമയത്തുതന്നെ വികസന പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നതിന് തെളിവാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്ത പദ്ധതികളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അത്യാഹിത വിഭാഗവും സര്‍ജറി, ഓര്‍ത്തോപീഡിക് ഒ.പി. വിഭാഗങ്ങളും പുതിയ ബ്ലോക്കിലേക്ക് മാറ്റി. പുതുതായി വാങ്ങിയ സി.ടി.സ്‌കാന്‍, നേത്രരോഗ വിഭാഗം ഓപ്പറേഷന്‍ തീയേറ്റര്‍, നവീകരിച്ച ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, പാലിയേറ്റീവ് കെയര്‍ ക്ലിനിക്, ആശുപത്രിക്കകത്ത് രോഗികളെ കൊണ്ടുപോകുന്നതിനുള്ള ആംബുലന്‍സ് സര്‍വീസ് എന്നിവയുടെയെല്ലാം ഉദ്ഘാടനമാണ് നടന്നത്. ഒമ്പതാം വാര്‍ഡിന്റെ കാര്യത്തില്‍ സദാ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

അസുഖം മാറിയ 48 പേരെ ഇതിനകം പുനരധിവസിപ്പിച്ചു. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. 15 കിടക്കകള്‍ കൂടി ലഭ്യമാക്കി. എക്‌സ്‌ഹോസ്റ്റ് ഫാനുകള്‍ സ്ഥാപിച്ചു. കൂടുതല്‍ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റില്‍ രണ്ടു ഡോക്ടര്‍മാരെക്കൂടി എന്‍.ആര്‍.എച്ച്.എം. നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രമന്ത്രി ഡോ. ശശി തരൂര്‍ ആണ് നേത്രചികിത്സാ വിഭാഗം ഓപ്പറേഷന്‍ തീയറ്റര്‍ ഉദ്ഘാടനം ചെയ്തത്. കെ. മുരളീധരന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. ഫസീലത്ത് ബീവി, ഡി.എം.ഒ. ഡോ. ടി. പീതാംബരന്‍, ഡി.പി.എം. ഡോ. ബി. ഉണ്ണികൃഷ്ണന്‍, ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. അജകുമാരി, ജൂബിലിയാഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ തമ്പാനൂര്‍ സതീഷ്, ആര്‍.എം.ഒ. ഡോ. ആര്‍. സ്റ്റാന്‍ലി ജയിന്‍, എച്ച്.ഡി.സി. അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords:  Kerala, V.S Shiva Kumar, Goverment, Hospital, Govt-Doctors, PSC, Malayalam News, Kerala Vartha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia